ബി ജെ പിയുടെ ക്രിസ്ത്യന്‍ രാഷ്ട്രീയം; പ്രതിരോധിക്കുന്നതില്‍ കെ പി സി സിക്ക് വീഴ്ചയെന്ന് വിമര്‍ശം

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന ക്രിസ്ത്യന്‍ രാഷ്ട്രീയം പ്രതിരോധിക്കുന്നതില്‍ കെ പി സി സി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിമര്‍ശം. എ, ഐ ഗ്രൂപ്പുകളാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ കെ പി സി സി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എ ഗ്രൂപ്പിന് വേണ്ടി മുതിര്‍ന്ന നേതാവ് കെ സി ജോസഫാണ് കത്ത് നല്‍കിയത്.

സമ്മര്‍ദം ശക്തമായതോടെ അടുത്താഴ്ച രാഷ്ട്രീയകാര്യസമിതി വിളിച്ചു ചേര്‍ക്കാന്‍ നേതൃത്വം ആലോചിക്കുന്നുണ്ട്. സഭാ നയതന്ത്ര നയം ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20 ന് രാഷ്ട്രീയകാര്യ സമിതി വിളിക്കാനാണ് ആലോചന. ക്രൈസ്തവ സഭാ നേതൃത്വത്തോട് അടുക്കാന്‍ ബി ജെ പി നടത്തുന്ന നീക്കം കോണ്‍ഗ്രസ് ലാഘവത്തോടെ കാണുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പ്രധാന വിമര്‍ശനം.

ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബി ജെ പി നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ആശങ്ക വളരുന്നതിനിടെയാണ് രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ബി ജെ പി നേതാക്കളുടെ ഇടപെടലിന് പിന്നാലെ ചില സഭാ മേലധ്യക്ഷന്മാര്‍ നടത്തിയ പ്രസ്താവനകള്‍ ഗൗരവത്തിലെടുത്ത് നേതൃത്വം അവരുമായി ചര്‍ച്ച നടത്തണമെന്നാണ് ഉയര്‍ന്നിരിക്കുന്ന പൊതു വികാരം. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ കണണമെന്നും കെ സി ജോസഫ് കെ പി സി സി അധ്യക്ഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് കാണാതെ പോകരുതെന്നാണ് മുന്നറിയിപ്പ്. കോണ്‍ഗ്രസിന്റെ സമീപനം ബി ജെ പിക്കൊപ്പം സി പി എമ്മും മുതലെടുക്കുന്നുവെന്ന വിമര്‍ശനവും ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നു. രാഷ്ട്രീയ കാര്യ സമിതി സ്ഥിരം ചേരാത്തതില്‍ അതൃപ്തി അറിയിക്കുന്ന കത്തില്‍ നിരവധി വിവാദ വിഷയങ്ങള്‍ ഉണ്ടായിട്ടും സമിതി ചേരുന്നില്ലെന്നും ചര്‍ച്ച നടക്കുന്നില്ലെന്നും ആരോപിക്കുന്നുണ്ട്. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന ആവശ്യം രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

 



source https://www.sirajlive.com/bjp-39-s-christian-politics-criticism-that-kpcc-has-failed-to-defend.html

Post a Comment

Previous Post Next Post