ന്യൂഡൽഹി | സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹരജികൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും. സ്വവർഗ വിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യത്തെ കേന്ദ്ര സർക്കാർ ഇന്നലെയും എതിർത്തിരുന്നു. സ്വവർഗ വിവാഹമെന്നത് നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണെന്നും കോടതിക്കല്ലെന്നും കേന്ദ്രം അപേക്ഷയിൽ പറഞ്ഞു. നിയമസാധുത നൽകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യം നിയമനിർമാണ സഭ പരിഗണിക്കുമ്പോൾ എല്ലാ വിഭാഗം ജനങ്ങളെയും മത വിഭാഗങ്ങളുടെ കാഴ്ചപ്പാടുകളെയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച ഹരജി നിലനിൽക്കുമോയെന്ന് ആദ്യം പരിഗണിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നേരത്തേ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഭർത്താവ്, ഭാര്യ, കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ കാഴ്ചപ്പാടിന് എതിരാണിതെന്നും സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും ഇന്ത്യൻ സാഹചര്യത്തോട് യോജിക്കുന്നതല്ലെന്നും എതിർ സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം, സ്വവർഗ വിവാഹത്തിൽ എതിർപ്പ് അറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചു. സ്വവർഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകാനാകില്ലെന്ന് കമ്മീഷൻ അറിയിച്ചു.
source https://www.sirajlive.com/same-sex-marriage-supreme-court-constitution-bench-to-hear-today.html
إرسال تعليق