അസഹ്യമായ വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം. പകല്‍ സമയത്തേത് പോലെ രാത്രികാലങ്ങളിലും അത്യുഷ്ണം. ഒരാഴ്ചയായി സംസ്ഥാനത്തെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപം കൂടുതല്‍. ഈ നില ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യത ഭയപ്പെടുന്നുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ നാലര ഡിഗ്രിയോ അതിനു മുകളിലോ വര്‍ധനവുണ്ടാകുമ്പോഴാണ് ഉഷ്ണ തരംഗമായി കണക്കാക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സാധാരണത്തേക്കാള്‍ മൂന്നര ഡിഗ്രിക്ക് മുകളില്‍ വരെ അന്തരീക്ഷ ഊഷ്മാവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനിയും കൂടിയാല്‍ ഉഷ്ണ തരംഗത്തിലേക്ക് എത്തും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സൂര്യാഘാതം അടക്കമുള്ള അപകടങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വിദഗ്ധരും നിര്‍ദേശിക്കുന്നു.
മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് സാധാരണ ഗതിയില്‍ വേനല്‍ച്ചൂട് രൂക്ഷമാകുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫെബ്രുവരിയില്‍ തന്നെ ചൂട് കനക്കുന്നു. വേനല്‍മഴയുടെ കുറവ്, ഉത്തരേന്ത്യയില്‍ നിന്നുള്ള ചൂടുകാറ്റ്, വര്‍ധിതമായ തോതിലുള്ള നഗരവത്കരണം, സസ്യജാലങ്ങളുടെ അഭാവവുമൊക്കെയാണ് താപ വര്‍ധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വേനല്‍മഴ തീരെ ലഭിച്ചില്ല. മാര്‍ച്ചിലും ഏപ്രിലിലും ചില തെക്കന്‍ ജില്ലകളില്‍ വേനല്‍മഴ ലഭിച്ചെങ്കിലും താരതമ്യേന കുറവാണ്.
ജലക്ഷാമം, നിര്‍ജലീകരണ രോഗങ്ങള്‍, തൊഴില്‍ നഷ്ടം, കാട്ടുതീ തുടങ്ങി അത്യുഷ്ണത്തിന്റെയും വരള്‍ച്ചയുടെയും പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. ഈ വര്‍ഷത്തെ കനത്ത ചൂടില്‍ സംസ്ഥാനത്തെമ്പാടും കിണറുകള്‍, കുളങ്ങള്‍, നദികള്‍ തുടങ്ങി ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജലക്ഷാമം രൂക്ഷമാകും. സൂര്യാഘാതം, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, തലവേദന, ചര്‍മത്തില്‍ ചുവപ്പ് തുടങ്ങിയ രോഗങ്ങള്‍ അത്യുഷ്ണ കാലത്ത് സാധാരണമാണ്. ചൂട് കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത് മൂലം വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിഷുക്കച്ചവടം ഇത്തവണ കുറവായിരുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. പെരുന്നാള്‍ കച്ചവടത്തിലും അനുഭവപ്പെടുന്നുണ്ട് ഈ മന്ദീഭാവം.
കേരളം മാത്രമല്ല, ഉത്തരേന്ത്യയും വറവുചട്ടിയിലാണ്. രാജ്യത്ത് പൊതുവെ പതിവിലും ശക്തമാണ് താപനില. ഒമ്പത് സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗ ഭീഷണി നേരിടുന്നു. പശ്ചിമ ബംഗാളിലും ബിഹാറിലും ആന്ധ്രാപ്രദേശിലും അപകടകരമായ ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിക്കിം, ഝാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും പഞ്ചാബിലും ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമാണ്. മഹാരാഷ്ട്രയില്‍ ഞായറാഴ്ചയുണ്ടായ സൂര്യാഘാതത്തില്‍ 13 പേര്‍ മരണപ്പെട്ടു. റായ്ഗഡ് ജില്ലയിലെ നവി മുംബെയില്‍ നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഒരു ലക്ഷത്തിലേറെ പേര്‍ എത്തിയ ചടങ്ങില്‍ 150ഓളം പേര്‍ കുഴഞ്ഞുവീണു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങ് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ നട്ടുച്ച വെയിലില്‍ തുറന്ന വേദിയില്‍ സംഘടിപ്പിച്ചതാണ് ജനങ്ങള്‍ കുഴഞ്ഞുവീഴാനും സൂര്യാഘാതമേല്‍ക്കാനും ഇടയാക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയ ക്രോസ് ഡിപന്‍ഡന്‍സി ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടനുസരിച്ച് ബിഹാര്‍, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, അസം, രാജസ്ഥാന്‍, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്നുണ്ട്. ഇത് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുക ഏഷ്യന്‍ മേഖലയിലാണെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാന്‍ കേരളം ‘ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2023-2030’ എന്നൊരു കര്‍മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റത്തിനു കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനാണ് പദ്ധതിയില്‍ മുന്‍തൂക്കം. പുനരുപയോഗയോഗ്യമായ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കല്‍, വ്യവസായ മേഖലയില്‍ ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, വൈദ്യുതി വിതരണ, സംഭരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് ലക്ഷ്യം വെക്കുന്ന മാര്‍ഗങ്ങള്‍. വൈദ്യുതോത്പാദനം, ഗതാഗതം, വ്യവസായം, ഊര്‍ജം ഉപയോഗിച്ചുള്ള കൃഷിരീതികള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ നിന്നാണ് സംസ്ഥാനത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലായുണ്ടാകുന്നത്. ദുര്‍ബല സമൂഹങ്ങളുടെ പുനരധിവാസം, വെള്ളപ്പൊക്ക നിവാരണത്തിനുള്ള സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങള്‍, സംയോജിത തീരപരിപാലനം, കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സംവിധാനം, കാലാവസ്ഥാ ബോധവത്കരണം, കാലാവസ്ഥാ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സുപ്രധാന ഇടപെടലുകള്‍ കര്‍മ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണിയില്‍ നിന്ന് രക്ഷിക്കുന്നതിന് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റ് ആവിഷ്‌കരിച്ച ഈ കര്‍മ പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്.
source https://www.sirajlive.com/kerala-in-the-frying-pan.html
Post a Comment