ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിന് പുതുതായി സ്ഥാപിച്ച എ ഐ (ആര്‍ട്ടിഫിഷ്യല്‍സ് ഇന്റലിജന്‍സ്) ക്യാമറകളെ ചൊല്ലി പ്രതിരോധത്തിലായിരിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പ്. ഭരണപക്ഷത്ത് നിന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശമാണ് എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. പദ്ധതിക്ക് വിനിയോഗിച്ച ഉയര്‍ന്ന തുക, കരാര്‍ കൊടുത്ത രീതി, ഇരുചക്ര വാഹനത്തില്‍ ചെറിയ കുട്ടിയെ കൊണ്ടുപോയാല്‍ പിഴ ചുമത്താനുള്ള തീരുമാനം, മന്ത്രിമാര്‍ ഉള്‍പ്പെടെ വി ഐ പികള്‍ക്ക് നിബന്ധനകളില്‍ ഇളവ് തുടങ്ങിയവയെല്ലാം വിമര്‍ശിക്കപ്പെടുന്നുണ്ട്.
726 ക്യാമറകളാണ് ഗതാഗത നിയമലംഘനം പിടികൂടാനായി സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് ഇതുസംബന്ധിച്ച കരാറ് നല്‍കിയത്. ഈ കരാറില്‍ തന്നെ ദുരൂഹതകളുണ്ട്. 151 കോടി രൂപയാണ് ആദ്യം പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്. ചെലവ് പിന്നീട് 232 കോടിയായി മാറി. കെല്‍ട്രോണ്‍ വിവിധ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയതാണ് ചെലവ് ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. അതേസമയം 74 കോടി രൂപ കൊണ്ട് പദ്ധതി നടപ്പാക്കാനാകുമെന്ന് പല കമ്പനികളും സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം. മാത്രമല്ല, ക്യാമറയുടെ വില 9.5 ലക്ഷമാണെന്ന് കെല്‍ട്രോണ്‍ പറയുന്നെങ്കിലും ഏറ്റവും അത്യാധുനിക ക്യാമറ സംവിധാനത്തിനു പോലും 4-5 ലക്ഷം രൂപയില്‍ കൂടുതലാകില്ലെന്ന് രാജ്യാന്തര കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ നിരക്കില്‍ കെല്‍ട്രോണിന് കരാര്‍ നല്‍കി? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനാകാതെ ഒഴിഞ്ഞു മാറുകയാണ് ഗതാഗത വകുപ്പ് വൃത്തങ്ങള്‍. യഥാര്‍ഥ വിലക്കൊപ്പം അഞ്ച് വര്‍ഷത്തെ പലിശകൂടി ചേര്‍ത്തതാണ് വില ഉയരാന്‍ കാരണമെന്നാണ് കെല്‍ട്രോണ്‍ ന്യായീകരിക്കുന്നത്.
എ ഐ ക്യാമറകളെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് ഗതാഗത വകുപ്പ് പ്രചരിപ്പിക്കുന്നത്. നിസ്സാര നിയമ ലംഘനങ്ങള്‍ പോലും കൃത്യമായി കണ്ടെത്താന്‍ ക്യാമറകള്‍ക്ക് കഴിയും. രാത്രിയിലും അതീവ കൃത്യമായി പ്രവര്‍ത്തിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിംഗ്, വാഹനങ്ങളില്‍ വരുത്തുന്ന മോഡിഫിക്കേഷന്‍, അനധികൃത ഫിറ്റിംഗുകള്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയെല്ലാം ദൂരത്ത് നിന്ന് പോലും വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ക്യാമറക്ക് സാധിക്കുമെന്നും ഭാവിയില്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഒട്ടും ഇല്ലാതെ റോഡ് സുരക്ഷ ശക്തമാക്കാന്‍ ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കുമെന്നും ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറില്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനി സ്ഥാപിച്ച ക്യാമറകളുടെ സാങ്കേതിക മികവില്‍ സാങ്കേതിക വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍സ് ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മികച്ച ക്യാമറകള്‍ക്ക് ചെറിയ ട്രാഫിക് നിയമലംഘനങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുമെന്നത് വസ്തുതയാണ്. പല വിദേശ രാഷ്ട്രങ്ങളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ സ്ഥാപിച്ച ക്യാമറകള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നതിനപ്പുറമുള്ള സാങ്കേതിക മികവുകളൊന്നും ഇല്ലെന്നും അതിശയോക്തിപരവും അവിശ്വസനീയവുമായ കാര്യങ്ങളാണ് ഇതുസംബന്ധിച്ച് സര്‍ക്കാറും ഗതാഗത വകുപ്പും പ്രചരിപ്പിക്കുന്നതെന്നുമാണ് അവര്‍ പറയുന്നത്.
ഇരുചക്ര വാഹനത്തില്‍ ഭാര്യയും ഭര്‍ത്താവും യാത്ര ചെയ്യുമ്പോള്‍ കുട്ടിയെ കൂടെ കൂട്ടിയാല്‍ പിഴ ഒടുക്കണമെന്ന നിയമം അല്‍പ്പം കടന്നതായിപ്പോയി. നിയമ പ്രകാരം 49 പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ പലപ്പോഴും യാത്രക്കാരെ കുത്തിനിറച്ചാണ് ഓടുന്നത്. ഈ നിയമലംഘനത്തിനെതിരെ ഒരു നടപടിയും ഉണ്ടാകാറില്ല. എന്നിട്ടാണിപ്പോള്‍ ഒരു ചെറിയ കുട്ടിയെ മടിയിലിരുത്തി യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുന്നത്. കടുത്ത ദ്രോഹമാണെന്നാണ് ഭരണകക്ഷി എം എല്‍ എ. ബി ഗണേഷ് കുമാര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. ‘നിയമം നടപ്പാക്കുന്നവരുടെ കൈയില്‍ കാറ് വാങ്ങാന്‍ പണമുണ്ടായിരിക്കും. സാധാരണക്കാരന് കാറ് വാങ്ങാന്‍ സാധിക്കില്ല. അവര്‍ ഇരുചക്ര വാഹനത്തില്‍ കുട്ടിയെ കയറ്റിയാല്‍ പിഴ ഒടുക്കണമെന്ന ചട്ടം അംഗീകരിക്കാവുന്നതല്ല’- ഗണേഷ് കുമാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തുകയും ഇളവ് അനുവദിക്കുകയും ചെയ്യേണ്ടതാണ്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്ക് നിയമത്തില്‍ ഇളവ് അനുവദിച്ചതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ ഗതാഗത നിയമം ലംഘിച്ചാല്‍ അത് ക്യാമറയില്‍ പതിയാതിരിക്കാന്‍ സോഫ്റ്റ് വെയറില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണത്രെ. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വി ഐ പികള്‍ക്ക് നിയമം ലംഘിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഗതാഗത വകുപ്പ്. ഇത് കടുത്ത അനീതിയല്ലേ? നിയമപാലനത്തില്‍ പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് മന്ത്രിമാര്‍. അവര്‍ക്ക് നിയമം ലംഘിക്കാന്‍ അനുമതി നല്‍കി സാധാരണക്കാരനെ നിയമലംഘനത്തിന്റെ പേരില്‍ ഞെക്കിപ്പിഴിയുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേരാത്ത നടപടിയായിപ്പോയി. എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ് മോട്ടോര്‍ വാഹന നിയമം.
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളും വാഹനാപകടങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനു തടയിടാന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതു തന്നെ. ഇക്കാര്യത്തില്‍ ആദ്യം വേണ്ടത് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതുള്‍പ്പെടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് പല റോഡപകടങ്ങള്‍ക്കും കാരണം. ധൂര്‍ത്തും സാമ്പത്തിക നഷ്ടവും അഴിമതി സാധ്യതയും കടന്നു വരാന്‍ സാധ്യമല്ലാത്ത വിധം തീര്‍ത്തും സുതാര്യമായും ജനാധിപത്യ രീതിയിലുമായിരിക്കണം സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കേണ്ടത്. എ ഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് അപാകത ബോധ്യപ്പെട്ടാല്‍ അത് തിരുത്തപ്പെടേണ്ടതാണ്.
source https://www.sirajlive.com/ai-camera-project-and-controversies.html
Post a Comment