ട്രെയിനിൽ തീവെപ്പ്: മരിച്ചത് പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയവർ; മൂന്ന് പേരെയും തിരിച്ചറിഞ്ഞു

കോഴിക്കോട് | കോഴിക്കോട് എലത്തൂരിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശികളായ ശുഐബ് – ജസീല ദമ്പതികളുട മകൾ രണ്ടര വയസ്സുള്ള ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‍രിയ്യ മൻസിലിൽ റഹ്‍മത്ത് (45), കണ്ണൂർ സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. യാത്രക്കാരൻ കോച്ചിനുള്ളിൽ തീ പടർത്തിയതിനെ തുടർന്ന് പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയതാണ് മൂന്ന് പേരും.

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ ഡി1 കംപാർട്മെന്റിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് അജ്ഞാതൻ തീ കൊളുത്തിയത്.  ട്രെയിൻ എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിലെത്തിയപ്പോഴാണ് യാത്രക്കാരിൽ ഒരാൾ സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റെയില്‍വേ പൊലീസ് ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടി. തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ അണയ്ക്കാനായത് വന്‍ അപകടം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കുറച്ചു നേരം കോരപ്പുഴ പാലത്തില്‍ നിര്‍ത്തിയിട്ടു. തീ പടര്‍ന്ന കോച്ച് മാറ്റി പിന്നീട് ട്രെയിന്‍ യാത്ര തുടര്‍ന്നു.

സംഭവത്തിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. കതിരൂർ സ്വദേശി അനിൽ കുമാർ, മകൻ അദ്വൈത്, ഭാര്യ സജിഷ, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശൻ, പ്രിൻസ്, റൂബി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്ന് യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് സൂചന. സംഭവത്തിന് ശേഷം തീകൊളുത്തിയയാൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.



source https://www.sirajlive.com/train-fire-the-dead-were-those-who-jumped-out-for-their-lives-all-three-were-identified.html

Post a Comment

أحدث أقدم