കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി രാജു അപ്‌സരയുടെ കത്ത്; വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ പൊട്ടിത്തെറിക്ക് സാധ്യത

ആലപ്പുഴ | അടുത്താഴ്ച കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് പിന്തുണയര്‍പ്പിച്ച് കത്തെഴുതിയ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ നടപടി വിവാദമാകുന്നു. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ളയാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയ രാജു അപ്‌സരയുടെ നടപടി സംഘടനയില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. ജി എസ് ടി ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പല നിയമങ്ങളും വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ, കേന്ദ്ര ഭരണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി രാജു അപ്‌സര രംഗത്തെത്തിയത് വ്യാപാരി സംഘടനയുടെ അഭിപ്രായമായി കണക്കാക്കാക്കാന്‍ കഴിയില്ലെന്നാണ് ഒരു മുതിര്‍ന്ന ഭാരവാഹി പ്രതികരിച്ചത്.

ഇന്ത്യയുടെ വികസന രംഗത്ത് നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തി സുദൃഢവും പുതുയുഗ പ്രതീക്ഷയും നല്‍കുന്ന ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നാണ് വ്യാപാരി വ്യവസായി അധ്യക്ഷന്‍ രാജു അപ്‌സസര വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വ്യാപാര വ്യവസായ മേഖല കേന്ദ്ര ഭരണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും രാജു അപ്‌സര പറഞ്ഞു.

ഈ മാസം 24, 25 തീയതികളില്‍ പ്രധാനമന്ത്രി കേരളത്തില്‍ എത്തുമ്പോള്‍ നിരവധിയായ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ വളരെയധികം സന്തോഷം പങ്കുവെച്ച രാജു അപ്‌സര കേരളത്തിന്റെ പൊതുഗതാഗത രംഗത്തും വ്യാപാര, വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നിദാനമാകുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ അത് കേരളത്തിന് പുതിയ ഒരു അനുഭവമാകുമെന്നും പറഞ്ഞു. കേരളത്തിന് ഈയൊരു പദ്ധതി അനുവദിച്ച പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ രണ്ടു പ്രളയങ്ങള്‍ മൂലവും മൂന്നു വര്‍ഷം നീണ്ടുനിന്ന കൊവിഡ് മൂലവും തകര്‍ന്നുപോയ കേരളത്തിലെ വ്യാപാര, വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഒരു അതിജീവന പാക്കേജ് പ്രഖ്യാപനവും കാര്‍ഷിക മേഖലയുടെ നട്ടെല്ലായ റബറിന് മിനിമം 300 രൂപ ലഭിക്കുന്നതിന് വേണ്ട നടപടിയും ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏറ്റവും പ്രാധാന്യമേറിയതും കേരളത്തിന്റെ

ആരോഗ്യ മേഖലയില്‍ മഹത്തായ മാറ്റങ്ങള്‍ക്ക് നാഴികക്കല്ലായി മാറുമെന്ന് വിശ്വസിക്കുന്ന എയിംസ് എത്രയും പെട്ടെന്ന് അനുവദിച്ച് തരണമെന്നും രാജു അപ്‌സര പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

 



source https://www.sirajlive.com/raju-apsara-39-s-letter-in-support-to-the-central-government-there-is-a-possibility-of-explosion-in-the-trade-union-coordination-committee.html

Post a Comment

أحدث أقدم