കാലാവസ്ഥ കണക്ക് ചോദിക്കുന്നു

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനുഷ്യരാശി നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന യു എന്‍ ഏജന്‍സിയായ ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യു എം ഒ)യുടെ 2022ലെ വാര്‍ഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ ക്ലൈമറ്റ് റിപോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച പുറത്ത് വന്നു.

യു എന്നിന്റെ കാലാവസ്ഥാ വിഭാഗമായ ഡബ്ല്യു എം ഒ പുറത്ത് വിടുന്ന റിപോര്‍ട്ടാണെങ്കിലും യു എന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, യു എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം, യുനെസ്‌കോയുടെ ഐ ഒ സി, അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ തുടങ്ങി നിരവധി സംഘടനകളും വിദഗ്ധരും കൂടി പങ്കാളികളായതാണ് ഈ റിപോര്‍ട്ട്.

ലോക ഭൗമ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപോര്‍ട്ട്, ഹരിതഗൃഹ വാതകങ്ങളുടെ (Green house gas) റെക്കോര്‍ഡ് അളവിലുള്ള താപം കരയിലും സമുദ്രത്തിലും അന്തരീക്ഷത്തിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നിരീക്ഷിക്കുന്നു. 2015 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷങ്ങള്‍, 1850ല്‍ റെഗുലര്‍ ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നെന്നും ആഗോള സമുദ്രത്തിലെ താപനിലയും അസിഡിറ്റി ലെവലും റെക്കോര്‍ഡ് ഉയരത്തിലെത്തിയെന്നും റിപോര്‍ട്ട് പറയുന്നു.

2022ലെ ആഗോള താപനില, 1850 മുതല്‍ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാള്‍ 1.15 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്നും, ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വര്‍ഷമാണ് കഴിഞ്ഞതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ റെക്കോര്‍ഡ് ബഹിര്‍ഗമനം ചൂട്, ലോകമെമ്പാടും വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതാപ തരംഗങ്ങള്‍ തുടങ്ങിയവക്ക് കാരണമായി. കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍ നൈട്രസ് ഓക്‌സൈഡ് എന്നീ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കഴിഞ്ഞ വര്‍ഷം അനിയന്ത്രിതമായി വര്‍ധിച്ചു. മീഥെയ്ന്‍ സാന്ദ്രതയിലെ വാര്‍ഷിക വര്‍ധനവ് റെക്കോര്‍ഡിലെത്തുകയും ചെയ്തു. 2022ല്‍ ഹിമാനികള്‍ ഉരുകുന്നതും സമുദ്ര നിരപ്പ് ഉയരുന്നതും വീണ്ടും റെക്കോര്‍ഡ് നിലയിലെത്തിയെന്നും അത് തീരദേശ സമൂഹങ്ങളുടെയും ഒരുപക്ഷേ മുഴുവന്‍ രാജ്യങ്ങളുടെയും നിലനില്‍പ്പിനെ തന്നെ ഭീഷണിപ്പെടുത്തുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിവര്‍ഷം ശരാശരി 4.62 മില്ലീമീറ്റര്‍ സമുദ്ര നിരപ്പ് ഉയരുന്നുണ്ട്. 1990കളില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി വേഗതയിലാണ് സമുദ്ര നിരപ്പ് ഇപ്പോള്‍ ഉയരുന്നത്. മഞ്ഞുപാളികളില്‍ നിന്നും ഹിമാനിയില്‍ നിന്നും കൂടുതല്‍ ഐസ് ഉരുകുന്നതിനാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രങ്ങള്‍ അര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

യൂറോപ്പിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ ആദ്യമായി താപനില 40 കടന്നതും അയര്‍ലന്‍ഡിലെ 140 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷമായിരുന്നു. ഉഷ്ണ തരംഗം മൂലം കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ മാത്രം പൊലിഞ്ഞത് പതിനയ്യായിരത്തിലേറെ ജീവനുകളാണ്. സ്‌പെയിനില്‍ 4,600, ജര്‍മനിയില്‍ 4,500, ബ്രിട്ടനില്‍ 2,800, ഫ്രാന്‍സില്‍ 2,800, പോര്‍ച്ചുഗലില്‍ 1,000 എന്നിങ്ങനെയാണ് ഉഷ്ണ തരംഗം മൂലമുള്ള മരണ നിരക്ക്.

ലോകമെമ്പാടുമുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ നാശം വിതച്ച തീവ്ര കാലാവസ്ഥയുടെ നിരവധി സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ റിപോര്‍ട്ട് പരിശോധിക്കുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തെ വരള്‍ച്ചയും സായുധ പോരാട്ടവും 20 ദശലക്ഷം ആളുകള്‍ക്ക് വിനാശകരമായ ഭക്ഷ്യ അരക്ഷിതാവസ്ഥ കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ആഗസ്റ്റിലും പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഉണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തില്‍ 1,700ലധികം ആളുകള്‍ കൊല്ലപ്പെടുകയും 33 ദശലക്ഷത്തോളം ജനങ്ങളെ ബാധിക്കുകയും ചെയ്തു. മൊത്തം 30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായെന്നും ഒക്ടോബറോടെ ഏകദേശം എട്ട് ദശലക്ഷം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും റിപോര്‍ട്ട് പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളാണ് റിപോര്‍ട്ടിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. കാലാവസ്ഥാ വ്യതിയാനം കുടിയേറ്റ ജീവികളിലുണ്ടാക്കുന്ന മാറ്റങ്ങളെയും അവയുടെ ജൈവ വൈവിധ്യങ്ങളില്‍ വരുത്തുന്ന നാശനഷ്ടങ്ങളെയും റിപോര്‍ട്ട് പരാമര്‍ശിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ജൈവ വൈവിധ്യത്തിന് ഭീഷണിയായതിനാല്‍ 10 ലക്ഷം ജീവിവര്‍ഗങ്ങള്‍ നിലവില്‍ വംശനാശ ഭീഷണിയിലാണ്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി വ്യവസ്ഥകള്‍ക്കും പരിസ്ഥിതിക്കും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. മരങ്ങളുടെ വളര്‍ച്ച, പക്ഷികളുടെ ദേശാടനം തുടങ്ങിയ പ്രകൃതിയിലെ ആവര്‍ത്തിച്ചുള്ള സംഭവ വികാസങ്ങളെ കാലാവസ്ഥാ വ്യതിയാനം മോശമായി ബാധിക്കുന്നുവെന്നും റിപോര്‍ട്ട് വരച്ചുകാട്ടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും നഗര വികസനത്തിന്റെയും ഫലങ്ങള്‍ കാരണം ജീവചക്രത്തില്‍ താളം തെറ്റിയ ജൈവ വൈവിധ്യങ്ങളെ സംബന്ധിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
വരള്‍ച്ചയും പട്ടിണിയും മൂലം സൊമാലിയയില്‍ ഏതാണ്ട് 1.2 ദശലക്ഷം ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഇവരില്‍ 60,000ത്തിലധികം പേരും കെനിയയിലേക്കും എത്യോപ്യയിലേക്കും കടന്നു. ആഗോള തലത്തില്‍ 2.3 ബില്യണ്‍ ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നു. അതില്‍ 924 ദശലക്ഷം ആളുകള്‍ കടുത്ത ഭീഷണിയിലാണ്. 767.9 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതില്‍ പകുതി ഏഷ്യയിലും മൂന്നിലൊന്ന് ആഫ്രിക്കയിലുമാണ്.

ഇന്ത്യയെക്കുറിച്ചും റിപോര്‍ട്ടില്‍ കാര്യമായ പരാമര്‍ശങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം മണ്‍സൂണിന് മുമ്പ് ഇന്ത്യയിലുണ്ടായ ഉഷ്ണ തരംഗം കാര്‍ഷിക വിളകള്‍ കുറയാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത് കാലാവസ്ഥാ വ്യതിയാനമാണെന്നും റിപോര്‍ട്ടിലുണ്ട്.

യുക്രൈനിലെ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇന്ത്യയില്‍ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും അരി കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കാരണം അന്താരാഷ്ട്ര ഭക്ഷ്യ വിപണികളില്‍ ഭക്ഷ്യക്ഷാമം നേരിടേണ്ടിവന്നു. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ കൂടുതല്‍ അപകടമുണ്ടാക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമൂഹിക, സാമ്പത്തിക ആഘാതങ്ങളില്‍ ഭക്ഷ്യസുരക്ഷ, ജനസംഖ്യാ സ്ഥാനചലനം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ തന്നെ കാലാവസ്ഥയെക്കൂടാതെ ഭക്ഷ്യസുരക്ഷ, അഭയാര്‍ഥി, പരിസ്ഥിതി തുടങ്ങി നിരവധി ആഗോള പ്രശ്‌നങ്ങളെ കൂടി സമീപിക്കുന്നതാണ് ഈ റിപോര്‍ട്ട്.



source https://www.sirajlive.com/asking-for-the-weather-forecast.html

Post a Comment

أحدث أقدم