വിപ്ലവത്തിന്റെ അമ്പത് വസന്ത വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എസ് എസ് എഫിന്റെ അരനൂറ്റാണ്ടിനെ കുറുക്കി എഴുതിയാല്‍ അതിനെ ഇങ്ങനെ വായിക്കാം. “സാമൂഹിക തേട്ടങ്ങളോടു മുഴുവന്‍ പ്രതികരിച്ച്, സമകാലത്തോടെല്ലാം സംവദിച്ച് അനേകമനേകം അജന്‍ഡകളിലേക്ക് പടരുകയായിരുന്നു. സ്റ്റുഡന്റ്‌സ് ആക്ടിവിസത്തിന്റെ വ്യാകരണങ്ങളെല്ലാം തെറ്റിച്ചു കൊണ്ടുള്ളൊരു സഞ്ചാരം’ നവോത്ഥാന നക്ഷത്രത്തിന്റെ അഞ്ച് പതിറ്റാണ്ടിനെ ഓര്‍ക്കുമ്പോള്‍ സര്‍ഗാത്മക വിദ്യാര്‍ഥിത്വത്തിന്റെ സുവര്‍ണ സാക്ഷ്യങ്ങളായി അടയാളപ്പെട്ട മുദ്രകള്‍ മായാത്ത മധുരങ്ങളായി നമ്മുടെ മുമ്പിലുണ്ട്’.
വിദ്യാര്‍ഥികള്‍ക്ക് ദിശ നിര്‍ണയിച്ച വിദ്യാഭ്യാസ വിപ്ലവം, ധൈഷണിക- മൂല്യബോധങ്ങളെ നിര്‍മിച്ച് ക്യാമ്പസുകളെ അഭിസംബോധന ചെയ്ത കാലം, സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്‌കാരമായ വര്‍ഷങ്ങള്‍, അങ്ങനെ സക്രിയമായ നിര്‍മാണാത്മകമായ സമയങ്ങള്‍. പരിസ്ഥിതി, കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍, മൂര്‍ച്ചയുള്ള മുദ്രാവാക്യങ്ങള്‍, ജീവനുളള പ്രമേയങ്ങള്‍ ആശയങ്ങളുടെയും ബൗദ്ധിക വിചാരങ്ങളുടെയും മികവില്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന കാലം.
നടപ്പുരീതികളെ തിരുത്തി എഴുതിയ, നേരിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച, സമരങ്ങളും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമായി തെരുവില്‍ നിലയുറപ്പിച്ച പ്രക്ഷുബ്ധകാലം. അക്ഷരങ്ങള്‍ ആയുധമാക്കിയ, സമകാലികതയോട് സമ്മേളനങ്ങളിലൂടെ സംവദിച്ച, കാലുഷ്യങ്ങള്‍ക്കെതിരെ കലഹം കൂട്ടിയ പ്രബുദ്ധകാലം. ബഹുസ്വരതയുടെ സൗന്ദര്യമുള്ള പ്രവര്‍ത്തന പ്രയാണമായിരുന്നു എസ് എസ് എഫ് നടത്തിയത്.
ജ്വലിച്ച് ജീവിക്കേണ്ട വിദ്യാര്‍ഥിത്വം മരിച്ചവരുടെ മ്യൂസിയം പോലെ മൂകമാകുകയോ, നിഷേധാത്മകമായ, അരാജകമായ, അരാഷ്ട്രീയമായ അജന്‍ഡകളുടെ അണികളാകുകയോ ചെയ്യുന്നതാണ് വര്‍ത്തമാന കാഴ്ചകള്‍. നിസ്സംഗതയെ സെന്‍സര്‍ ചെയ്തും ധാര്‍മികതയിലേക്ക് ഉണര്‍ത്തിയെടുത്തും വിദ്യാര്‍ഥിത്വത്തെ നേര്‍ രേഖയില്‍ നയിക്കുക എന്ന ഏറ്റവും ശ്രമകരമായ ദൗത്യമാണ് എസ് എസ് എഫ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.
അസ്വസ്ഥവും അശ്ലീലവുമായ ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ നിസ്സംഗമായ ഒരു വിദ്യാര്‍ഥി യൗവനത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എത്ര മാത്രം ഭീകരവും ഭീതിദവുമായിരിക്കുമത്. അങ്ങനെയൊരു അത്യാപത്തില്‍ നിന്ന് വലിയൊരു തലമുറയെ കാത്തു രക്ഷിക്കാന്‍ കര്‍മ നൈരന്തര്യത്തിന്റെ അനേക ഭൂഖണ്ഡങ്ങള്‍ താണ്ടേണ്ടതുണ്ട്. ആഴത്തില്‍ വേരൂന്നുന്ന അരാഷ്ട്രീയ സ്വഭാവത്തെ ഒരു ഉദ്‌ബോധനം കൊണ്ട് തിരുത്താന്‍ സാധിക്കുന്നതല്ല. നിരന്തരമായ പദ്ധതികളിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ, അവബോധ നിര്‍മിതിയിലൂടെ സന്നിവേശിപ്പിക്കുന്ന സംസ്‌കാരത്തിലൂടെ നിര്‍മിച്ചെടുക്കുന്നതാണിത്. എസ് എസ് എഫിന്റെ കര്‍മ പരിപാടികളുടെ രീതിയും രൂപവുമെല്ലാം അത്തരത്തിലുള്ളതാണ്.
അരാഷ്ട്രീയതയുടെ വ്യത്യസ്ത ഭാവങ്ങളും സ്വാധീനങ്ങളും പ്രത്യക്ഷപ്പെടുന്ന നവീന ലോകത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വേറിട്ട മുഖം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് സംഘടന ഭാവിയിലേക്ക് സഞ്ചരിക്കുന്നത്. ഇന്നത്തെ തലമുറക്ക് സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ട്. എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു മേഖലയില്‍, എങ്ങനെ പണമുണ്ടാക്കണം തുടങ്ങി സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഭൂരിഭാഗത്തിനും വ്യക്തമായ ധാരണകളുണ്ട്. പക്ഷേ സമൂഹത്തിന്റെ ബോധവുമായി കൂടിച്ചേരുന്ന മൂല്യബോധങ്ങളവര്‍ക്ക് കമ്മിയാണ്. അധിനിവേശ മൂലധനം യുവതലമുറയുടെ പൊതുബോധത്തെ മുഴുവനായി ഹൈജാക്ക് ചെയ്യുന്ന ദയനീയ കാഴ്ച കാണാം. പ്രത്യക്ഷത്തില്‍ വളരെ സുരക്ഷിതമെന്നു തോന്നുന്ന കോര്‍പറേറ്റ് ചട്ടക്കൂടിനകത്തെ മാര്‍ദവമുള്ള ജീവിതം പുതിയ രാഷ്ട്രീയ നിരാസങ്ങളിലേക്ക് അതുകൊണ്ടു തന്നെ അവരെ എത്തിക്കുന്നുണ്ട്. അരാഷ്ട്രീയതയുടെ പുതിയ വിത്തുകള്‍ വിതക്കുന്നവര്‍ക്കെതിരെ കര്‍മംകൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് എസ് എസ് എഫ്.
“നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന വാക്യം ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ പ്രമേയമായി സ്വീകരിച്ചത് വര്‍ത്തമാനകാല ഇന്ത്യയെ അഭിസംബോധന ചെയ്യാനും ശക്തമായൊരു രാഷ്ട്രീയ മുദ്രാവാക്യത്തെയും പ്രവര്‍ത്തനത്തെയും ആവിഷ്‌കരിക്കാനുമാണ്. മനം മടുപ്പിക്കുന്ന കക്ഷിരാഷ്ട്രീയ അപചയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അജന്‍ഡയാക്കാന്‍ മടിക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്തും ബദല്‍ രാഷ്ട്രീയ നിര്‍മിതിയുടെ സങ്കേതങ്ങളിലേക്കും സംവിധാനത്തിലേക്കും സംഘടന പ്രവേശിച്ചിട്ടുണ്ട്. രാഷ്ട്രീയാനന്തര കാലമെന്ന ജനിതക മാറ്റത്തിലേക്ക് നമ്മുടെ നാട് പ്രവേശിക്കുന്നതിന്റെ സൂചനകള്‍ കണ്ട കാലത്ത് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍ അനിവാര്യമാണ്.
വിദ്യാര്‍ഥിത്വത്തെ നിരന്തരം വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന് സമഗ്രവും സമ്പൂര്‍ണവുമായ വിദ്യാര്‍ഥിത്വത്തിന്റെ പ്രയോഗം കൂടി സാധ്യമാക്കേണ്ടതുണ്ട്. വിദ്യാര്‍ഥി ആകുക എന്നത് അപാരമായ ഒരു സാധ്യതയാണ്. ആ സാധ്യതക്കു മാത്രമാണ് ഈ അരക്ഷിത കാലത്തെ മറികടക്കാന്‍ സാധിക്കുക. പാഠപുസ്തകങ്ങളോ പാഠ്യപദ്ധതികളോ വിദ്യാര്‍ഥിയുടെ അടിസ്ഥാന ആശ്രയങ്ങളല്ല. അങ്ങനെ ആകുന്നിടത്ത് വിദ്യാര്‍ഥിത്വം അവസാനിക്കും. അവ കേവലം ഉപാധികള്‍ മാത്രമാണ്.
പഠനോപാധികള്‍ പര്യവേഷണങ്ങളിലേക്ക് അവന് ഉപയോഗിക്കാവുന്ന ടൂളുകളാണ്. ശരി കണ്ടെത്താനുള്ള നിരന്തരമായ പരിശ്രമമാണ് വിദ്യാര്‍ഥിത്വം. തന്റെ പരിസരങ്ങളെ നിരന്തരം സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് മേല്‍പ്പറഞ്ഞ അധികാര സ്ഥാപനങ്ങളെ എളുപ്പം തിരിച്ചറിയാനാകും. എത്രയേറെ കടന്നുകയറ്റങ്ങള്‍ ഉണ്ടായാലും അവയെ സമര്‍ഥമായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയും. വിദ്യാര്‍ഥിത്വം എന്ന ആശയത്തെ ശക്തമായി ഉയര്‍ത്തുക എന്നതുതന്നെയാണ് എസ് എസ് എഫിന്റെ പ്രഥമവും പ്രധാനവുമായ മുന്‍ഗണന.
കലഹിക്കുന്ന വിദ്യാര്‍ഥിത്വം ക്യാമ്പസുകളുടെ സജീവതയായിരുന്നു. ചരിത്രത്തിലുടനീളം ഓരോ കാലഘട്ടത്തിലും വിദ്യാര്‍ഥികള്‍ സാമൂഹിക നിര്‍മിതിക്ക് നേതൃത്വം നല്‍കിയവരാണ്. അവര്‍ക്ക് പ്രത്യാശ പകര്‍ന്ന് പ്രചോദനമായി വിവിധ രാഷ്ട്രീയ സംഘങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവുമായ ഉന്നത ലക്ഷ്യങ്ങളുമുണ്ടായിരുന്നു. യൗവനത്തിന്റെ അടിച്ചമര്‍ത്താന്‍ വയ്യാത്ത വൈകാരിക ഊര്‍ജവും സാംസ്‌കാരികോര്‍ജവും ദിശ തെറ്റാതെ സഞ്ചരിച്ചിരുന്നു. ഇന്ന് അങ്ങനെ ഒരു പശ്ചാത്തലം അസ്തമിച്ചതിനാല്‍ വിദ്യാര്‍ഥിത്വത്തില്‍ സസൂക്ഷ്മം സര്‍ഗാത്മക സംസ്‌കരണം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമാണ് പ്രതീക്ഷാനിര്‍ഭരമായ സൃഷ്ടികളും സംഭാവനകളും അവരില്‍ നിന്ന് സംഭവിക്കുകയുള്ളൂ. മൂലധന ശക്തികള്‍ നിയന്ത്രിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ വിദ്യാര്‍ഥികളുടെ സംഘ ബോധം തകര്‍ത്തു കൊണ്ട് മാത്രമേ എല്ലാ വിധത്തിലുമുള്ള ചൂഷണ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് തത്പരകക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയ ചിന്താഗതികളെയും ഉന്മൂലനം ചെയ്യാന്‍ കഠിനപരിശ്രമം അവര്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ നടത്തുന്ന ചെറുതും വലുതുമായ ഓരോ ഇടപെടലുകളും അതിനാല്‍ പ്രസക്തമാണ്. നമ്മള്‍ എന്ത് ചിന്തിക്കണമെന്നും പറയണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും മൂലധനശക്തികള്‍ തീരുമാനിക്കുന്ന കാലത്ത് മാനസികമായി അവരുടെ അടിമത്തം സ്വീകരിക്കുന്ന സാമൂഹിക ക്രമത്തില്‍ വിടര്‍ന്നു വരുന്ന തലമുറ വഴിതെറ്റാതിരിക്കാനു ള്ള സൂക്ഷ്മ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എസ് എസ് എഫ് ആ ദൗത്യ നിര്‍വഹണത്തിനായി കണ്‍പാര്‍ത്തിരിപ്പുണ്ട്.
രാജ്യത്തെ വ്യവസ്ഥകള്‍ ജലരേഖകളാകുകയും പൗരനില്‍ അരക്ഷിതാവസ്ഥ വേരൂന്നുകയും ചെയ്യുന്ന ഭൂമികയില്‍ അരാഷ്ട്രീയതയും അരാജകത്വവും നിഷ്പ്രയാസം കാലുറപ്പിക്കുകയാണ് പതിവ്. അങ്ങനെയാണ് ഭീകരവാദവും വിഘടന വാദവും യുവത്വത്തിന്റെ അജന്‍ഡയായി പരിണമിക്കുക. രാജ്യത്തിന്റെ മുല്യങ്ങളോട് ചേര്‍ന്ന് നിന്ന് കൊണ്ട് സംഘടന നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലപാടുകളുമാണ് വിദ്യാര്‍ഥികളെ വഴി തെറ്റാതെ സംരക്ഷിച്ചു നിര്‍ത്തിയത്. നിരാശയിലേക്കും അനന്തരം ആക്രമണങ്ങളിലേക്കും വഴിമാറി സഞ്ചരിക്കേണ്ടിയിരുന്ന യുവത്വത്തിന് പ്രതീക്ഷയും സ്വപ്നവും സമരോര്‍ജവും പകര്‍ന്ന് നല്‍കി സംഘടന മുമ്പേ നടക്കുകയായിരുന്നു.
കര്‍മ വീഥിയിലെ ഈ ഉത്സുകത രാജ്യമാകെ ഇന്ന് പടര്‍ന്നിരിക്കുന്നു. എസ് എസ് എഫിന് മേല്‍വിലാസമില്ലാത്ത ഇടങ്ങള്‍ അപൂര്‍വമാണിന്ന്. മുസ്‌ലിം ഇന്ത്യയുടെ ഉണര്‍വിനായുളള പദ്ധതികളും പരിപാടികളുമാണ് അമ്പതിലെത്തിയ എസ് എസ് എഫ് ഭാവിക്കായി കരുതി വെച്ചിരിക്കുന്നത്. അതിന്റെ വിളംബരമാണ് നാളെ കണ്ണൂരില്‍ നടക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹം പലവിധ പ്രതിസന്ധികള്‍ക്ക് നടുവിലാണ്. അതിനുള്ള പരിഹാര ആലോചനകള്‍ എസ് എസ് എഫ് നടത്തിയിട്ടുണ്ട്. സാമൂഹിക പ്രസക്തവും സമുദായ സമുദ്ധാരണം ലക്ഷ്യം വെക്കുന്നതും ഇസ് ലാമിന്റെ സൗന്ദര്യം പ്രകാശിപ്പിക്കുന്നതുമായ അത്തരം അജന്‍ഡകളാണ് പ്രവര്‍ത്തനങ്ങളായി വരാനിരിക്കുന്നത്.
കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം ഉണ്ടാക്കിയ അനാഥത്വമാണ് ഇന്ത്യന്‍ മുസ്‌ലിംകളെ അരക്ഷിതമാക്കിയത്. സാമൂഹിക സംഘാടനത്തിലൂടെ ആ പരിമിതി മറികടക്കണം. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അറിയാനും ആസ്വദിക്കാനും ആകും വിധം ആശയ സംവാദങ്ങള്‍ വികസിപ്പിക്കണം. അടഞ്ഞ സമുദായമാകുന്നതിന് പകരം തുറന്ന ജനതയാകാനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. അവകാശ പോരാട്ടങ്ങള്‍, നീതി നിഷേധത്തിനെതിരായ ഇടപെടലുകള്‍, വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍, വിദ്യാര്‍ഥി ശാക്തീകരണം… ലക്ഷ്യങ്ങള്‍ പലതാണ്. മുസ്‌ലിം സമൂഹത്തിന്റെ കരുത്തുറ്റ പങ്കാളിത്തത്തോടെ അതെല്ലാം സാധിച്ചെടുക്കണം.
ചുറ്റിലുമുയരുന്ന വിദ്വേഷ പ്രസരണവും വിനാശകരമായ നീക്കങ്ങളും പ്രകോപനത്തിനും ഭയപ്പെടുത്താനുമാണ്. സക്രിയ സംഘത്തെ നിഷ്‌ക്രിയമാക്കാനും അജന്‍ഡകളില്‍ നിന്ന് വഴിമാറ്റാനുമാണത്. പ്രതിയോഗികളുടെ തന്ത്രങ്ങളില്‍ വീഴുകയല്ല വേണ്ടത്. കരഞ്ഞ് കാലം കഴിക്കുകയുമല്ല ചെയ്യേണ്ടത്. വിവേകം നിറഞ്ഞ പ്രതിരോധവും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ആവശ്യം. ഉണര്‍ന്നിരിക്കുന്ന ധര്‍മ വിപ്ലവ സംഘം നടത്തുന്ന സൂക്ഷ്മ പരാഗണങ്ങളാണ് ഇന്ത്യന്‍ മുസ്്ലിംകളുടെ ഭാവിയെ നിര്‍മിക്കുക.
ഒരു ടാഗോര്‍ കൃതിയില്‍, ഇരുട്ടിലേക്ക് മറയുന്ന സൂര്യന്‍ തന്റെ കടമ ഇനി ആര് നിര്‍വഹിക്കുമെന്ന് ആശങ്കപ്പെടുന്നുണ്ട്. മുനിഞ്ഞു കത്തുന്ന മണ്‍ചിരാത് പുറത്തു വന്ന് “എനിക്കാവുന്നത് ഞാന്‍ ചെയ്യാം’ എന്നറിയിക്കുന്നു. ചിന്തക്ക് വിലങ്ങ് വീഴും കാലത്ത്, സര്‍ഗാത്മകതക്ക് മാന്ദ്യം സംഭവിക്കുമ്പോള്‍, ഫാസിസം ശീലമാകുമ്പോള്‍, അനാര്‍ക്കിസം ആഘോഷമാകുമ്പോള്‍, ഇരുട്ട് കൂടുതല്‍, കൂടുതല്‍ കനക്കുമ്പോള്‍ അനേകായിരം ചെറു ചെരാതുകള്‍ കത്തണം. വെളിച്ചമാകാന്‍ കഴിയുന്ന വിദ്യാര്‍ഥിത്വത്തെ എസ് എസ് എഫ് രൂപപ്പെടുത്തി കൊണ്ടേയിരിക്കും. അവര്‍ പ്രകാശനാളങ്ങളായി തെളിഞ്ഞു നില്‍ക്കും.
source https://www.sirajlive.com/ssf-golden-fifty-fifty-spring-years.html
Post a Comment