ഹജ്ജ് രേഖാ സമർപ്പണത്തിന് ജില്ലാതലത്തിൽ സൗകര്യമില്ല; സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം

കൊണ്ടോട്ടി | ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് തിരഞ്ഞെടുത്ത ഹാജിമാർക്ക് യാത്രാ രേഖകൾ കൈമാറുന്നതിന് ജില്ലാതലങ്ങളിൽ തന്നെ സൗകര്യം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ മുഴുവൻ ഹാജിമാരും കരിപ്പൂരിലോ അല്ലെങ്കിൽ കോഴിക്കോട്ടുള്ള റീജ്യനൽ ഓഫീസിലോ ആണ് രേഖകൾ സമർപ്പിക്കേണ്ടത്. ഇത് ഹാജിമാർക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഓരോ ജില്ലയിലെയും ഹാജിമാരുടെ രേഖകൾ കൈപ്പറ്റുന്നതിന് ജില്ലകളിൽ സംവിധാനം ഉണ്ടാക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരം ആകും.

ഹജ്ജ് കമ്മിറ്റി ഓഫീസുകളിലെ സ്റ്റാഫിന് ജില്ലകളിൽ പോകുന്നതിനും അതത് ജില്ലാ ട്രെയിനർമാരുടെ സഹായത്തോടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈപ്പറ്റുന്നതിനും സംവിധാനം ഒരുക്കിയാൽ പ്രായം ചെന്ന ഹാജിമാർ ഉൾപ്പെടെയുള്ളവർക്ക് രേഖകൾ കൈമാറുന്നതിന് ഏറെ സഹായകമാകും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്ന് ഒരു ദിവസം രേഖകൾ കൈപ്പറ്റുന്നതിനും ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിൽ ഓഫീസിൽ എത്തിക്കുന്നതിനും സാധ്യമാണ്. ഇപ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ഹാജിമാരുടേത് ഒരു കേന്ദ്രത്തിൽ നിന്നും ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെത് എറണാകുളത്ത് നിന്നും കൈപ്പറ്റാവുന്നതാണ്. പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ളത് അതത് ജില്ലാ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

രേഖകൾ പത്തിനകം ഹാജരാക്കണം

തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800 രൂപ അടച്ച സ്ലിപ്പ്, ഒറിജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വെളുത്ത പ്രതലത്തിലുള്ളത്) പാസ്‌പോർട്ടിന്റെ പുറം ചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കേണ്ടതാണ്. ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും നോമിനിയും അപേക്ഷയിൽ ഒപ്പിടണം), പാസ്പോർട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, വിലാസം തെളിയിക്കുന്ന രേഖ (പാസ്പോർട്ടിലെ വിലാസം വ്യത്യാസമുണ്ടെങ്കിൽ മാത്രം), കൊവിഡ് വാക്‌സീനേഷൻ സർട്ടിഫിക്കറ്റ്, കവർ ഹെഡിന്റെ ക്യാൻസൽ ചെയ്ത പാസ്ബുക്ക്/ ചെക്ക് ലീഫ് കോപ്പി എന്നിവ ഈ മാസം 10 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജ്യനൽ ഓഫീസിലോ സമർപ്പിക്കണം.

നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ ജില്ലാ ഹജ്ജ് ട്രെയിനർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0483 2710717, 0483 2717572.



source https://www.sirajlive.com/there-is-no-facility-at-the-district-level-for-submission-of-haj-documents-the-demand-for-facilities-is-strong.html

Post a Comment

Previous Post Next Post