താനൂര്‍ | ‘ബിസ്മില്ലാഹി വഅലാ മില്ലത്തി റസൂലില്ലാഹ്’ എന്ന പ്രാര്‍ഥന ചൊല്ലി ഓരോ മയ്യിത്തുകളും ഒന്നിച്ച് തയ്യാറാക്കി ഖബറില്‍ വെട്ടുകല്ല് കൊണ്ട് വേര്‍തിരിച്ച് കെട്ടിയ കുഴിയിലേക്ക് ഇറക്കിവെച്ചപ്പോള്‍ പരപ്പനങ്ങാടി അരയന്‍ കടപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ തടിച്ചുകൂടിയവരും കണ്ണീര്‍ വാര്‍ത്തു.
അറബിക്കടലിന്റെ ഓരത്ത് ഇല്ലായ്മയുടെ മേല്‍ക്കൂരക്കു താഴെ ഒരു പായ വിരിച്ചുറങ്ങിയ പത്തന്‍കടപ്പുറം കുന്നുമ്മല്‍ കുടുംബത്തിലെ 11 പേര്‍ക്കുമാണ് കൂട്ട ഖബറിടത്തില്‍ അന്ത്യവിശ്രമമൊരുക്കിയത്.
താനൂര്‍ കെട്ടുങ്ങല്‍ അഴിയില്‍ ബോട്ട് മറിഞ്ഞ് പുഴയില്‍ പൊലിഞ്ഞ കുന്നുമ്മല്‍ കുടുംബത്തിലെ സൈതലവിയുടെയും സിറാജിന്റെയും സഹോദരതുല്യനായ ജാബിറിന്റെയും കുടുംബത്തിനാണ് പരപ്പനങ്ങാടി അരയന്‍ കടപ്പുറം മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ 11 പേരെ കിടത്താവുന്ന ഖബറിടമൊരുക്കിയത്.
രാവിലെ 9.30 ഓടെയാണ് കുന്നുമ്മല്‍ വീട്ടിലേക്ക് വ്യത്യസ്ത ആംബുലന്‍സുകളിലായി മയ്യിത്തുകള്‍ എത്തിയത്. അടുത്ത ബന്ധുക്കളെ മാത്രമാണ് ഇവിടെ മയ്യിത്ത് കാണിച്ചത്. ഉറ്റവരുടെ തേങ്ങലില്‍ കണ്ടുനിന്നവരുടെ ഹൃദയം പൊട്ടി.
തിരക്ക് നിയന്ത്രണാതീതമായതോടെ മയ്യിത്തുകള്‍ വിലാപ യാത്രയായി പൊതുദര്‍ശനത്തിന് നേരത്തേ തീരുമാനിച്ച പുത്തന്‍ കടപ്പുറം മിസ്ബാഹുല്‍ ഹുദാ മദ്റസയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ച ശേഷം മയ്യിത്തുകള്‍ പള്ളിയിലേക്കെടുത്തു.
11 മുതല്‍ മയ്യിത്ത് നിസ്‌കാരത്തിന് തുടക്കമായി. പത്തോളം തവണയാണ് നിസ്‌കാരം നടന്നത്. 11.35ന് ഖബറടക്കം ആരംഭിച്ചു. 11 പേര്‍ക്കുമായി തയ്യാറാക്കിയ ഒറ്റ ഖബറിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ഖബറടക്കം ആരംഭിച്ചത്. ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മുവിന്റെ മയ്യിത്താണ് ആദ്യം ഖബറടക്കിയത്.
പിന്നീട് മകന്‍ ജരീറിന്റെ മയ്യിത്ത് ഖബറടക്കി. സൈതലവിയുടെ ഭാര്യ സീനത്തിന്റെ മയ്യിത്താണ് മൂന്നാമതായി മറമാടിയത്. പിന്നീട് യഥാക്രമം മക്കളായ ശംന, ഹസ്‌ന, ശഫ്‌ന, ഷിദ ദില്‍ന, ദില്‍ന മോള്‍. കൂടിനിന്നവരെല്ലാം തേങ്ങിക്കരഞ്ഞു. പിന്നീട് സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്വിമ, ഫാത്വിമ റുഷ്ദ, സഹറ എന്നിവരുടെ മയ്യിത്തും യഥാക്രമം ഖബറടക്കി. നൂറുകണക്കിന് പേരാണ് ഖബറടക്കത്തിന് സാക്ഷിയായത്.
ഞായറാഴ്ച വൈകിട്ട് വരെ തുള്ളിച്ചാടി നടന്ന എട്ട് കുട്ടികളും അവരുടെ ഉമ്മമാരും ഇന്നലെ ഉച്ചയോടെ അരയന്‍ കടപ്പുറം ഖബര്‍സ്ഥാനില്‍ ആറടിമണ്ണില്‍ അടക്കപ്പെട്ടു. രാവിലെ ഏഴോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഖബറൊരുക്കിയത്. മത്സ്യബന്ധന തുറമുഖത്തിന് സമീപം അങ്ങാടി നാലകത്ത് മുഹമ്മദലിയാണ് ഖബറൊരുക്കുന്നതിന് നേതൃത്വം നല്‍കിയത്.
source https://www.sirajlive.com/and-the-final-sleep-together-mass-grave-for-11-people.html
Post a Comment