പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിനു സമര്‍പ്പിക്കും

ന്യൂഡല്‍ഹി | പ്രവൃത്തി പൂര്‍ത്തീകരിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിനു സമര്‍പ്പിക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്‌സഭാ സ്പീക്കര്‍ ക്ഷണിച്ചു.

രണ്ടര വര്‍ഷം കൊണ്ടാണ് അതിവിശാലമായ പാര്‍ലമെന്റ് മന്ദിരം നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പദ്ധതി 2021 ജനുവരി 15ന് നിര്‍മാണം തുടങ്ങി.

970 കോടി ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്ത്രിതിയിലാണു പുതിയ മന്ദിരം പൂര്‍ത്തീകരിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1,224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊളളാനാകും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണു ക്രമീകരിച്ചിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള മന്ദിരത്തില്‍ മൂന്ന് കവാടങ്ങളുണ്ട്. ജ്ഞാന്‍, ശക്തി,കര്‍മ എന്നാണു കവാടങ്ങള്‍ക്ക് പേരുനല്‍കിയിരിക്കുന്നത്. എംപിമാര്‍ക്കെല്ലാം ഇവിടെ പ്രത്യേക ഓഫീസുണ്ടാവും.

ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാള്‍, എംപിമാര്‍ക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കടലാസ് രഹിത പാര്‍ലിമെന്റില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് വാസ്തു ശില്പികളായ എഡ്വിന്‍ ല്യുട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും 96 വര്‍ഷം മുമ്പു രൂപകല്‍പ്പന ചെയ്തതാണു ഇന്ത്യയുടെ നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം. പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.

 



source https://www.sirajlive.com/the-new-parliament-building-will-be-dedicated-to-the-nation-on-28th-of-this-month.html

Post a Comment

أحدث أقدم