മണിപ്പൂര്‍ ആളിക്കത്തുകയാണ്. മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ നടത്തുന്ന പ്രതിഷേധം കലാപമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിന് വെടിവെക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പ്രശ്നത്തിന്റെ രൂക്ഷതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്ക് വെടിവെപ്പിന് അനുമതി നല്‍കാമെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശയില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
ഭൂരിപക്ഷ സമുദായമാണ് മെയ്തി വിഭാഗം. ഇവരെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശമാണ് പ്രശ്നത്തിന് തുടക്കം. ഇതിനെതിരെ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയര്‍ത്തിയത്. ചുരാചന്ദ്പുരില്‍ ബുധനാഴ്ച ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ (എ ടി എസ് യു എം) സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ വന്‍ ജനാവലി പങ്കെടുത്തു. ഈ പ്രതിഷേധ റാലി ബിഷ്ണുപൂരിലെത്തിയപ്പോള്‍ മെയ്തി വിഭാഗം തടസ്സങ്ങള്‍ സൃഷ്ടിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഗോത്ര വിഭാഗങ്ങളും മെയ്തി വിഭാഗവും തമ്മില്‍ പിന്നീട് പലയിടത്തും ഏറ്റുമുട്ടി. ഗോത്രവര്‍ഗ മേഖലയായ ചുരാചന്ദ്പുര്‍, സിംഗ്‌നാഥ്, മുവാല്ലം തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ തീവ്രം. ബി ജെ പി. എം എല്‍ എ വുങ്‌സെയിന്‍ വാള്‍ട്ടെക്കും ഡ്രൈവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. എം എല്‍ എയുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. നിരവധി ഗോത്രവര്‍ഗ വീടുകളും വനം വകുപ്പിന്റെ ഓഫീസുകളുമെല്ലാം തീവെച്ച് നശിപ്പിക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പോലീസ് ട്രൈനിംഗ് ക്യാമ്പ് ആക്രമിച്ച് കലാപകാരികള്‍ ആയുധങ്ങള്‍ കവരുകയുമുണ്ടായി. സൈന്യവും അസം റൈഫിള്‍സും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും സംഘര്‍ഷം തുടരുകയാണ്. മെയ്തി വിഭാഗമാണ് ആക്രമണം അഴിച്ചുവിടുന്നതെന്നാണ് ഗോത്രവിഭാഗങ്ങളുടെ ആരോപണം. ഗോത്രവര്‍ഗങ്ങള്‍ക്ക് സ്വാധീനമുള്ള എട്ട് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സംഘര്‍ഷ മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റെയില്‍വേ നിര്‍ത്തിവെച്ചു.
മണിപ്പൂരില്‍ 53 ശതമാനം ജനസംഖ്യയുള്ള വിഭാഗമാണ് മെയ്തി സമുദായം. മ്യാന്മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്തികള്‍ സംവരണത്തിനുള്ള ആവശ്യം ഉന്നയിക്കുന്നത്. കോടതി അതംഗീകരിക്കുകയായിരുന്നു. ഇവര്‍ മുഖ്യമായും മണിപ്പൂര്‍ താഴ്്വരയിലാണ് താമസിക്കുന്നത്. മലനിരകളില്‍ താമസിക്കാന്‍ നിലവിലെ നിയമമനുസരിച്ച് മെയ്തി വിഭാഗത്തിന് അനുവാദമില്ല. ഇവരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ആ നിയന്ത്രണം മാറും. ഇതടക്കം ആദിവാസി വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രത്യാഘാതങ്ങളാണ് മെയ്തികളെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വരാനിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് സംസ്ഥാനത്തെ ഭരണകക്ഷിയായ ബി ജെ പിയുടെ ഒരു രാഷ്ട്രീയക്കളിയാണ്. ഹിന്ദുത്വ വാദികളാണ് മെയ്തികള്‍. ഇവരെ ബി ജെ പിയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് സംവരണത്തിലൂടെ പാര്‍ട്ടി ലക്ഷ്യമാക്കുന്നത്.
അതിനിടെ സംസ്ഥാനത്തെ സംരക്ഷിത വനങ്ങളുടെയും നീര്‍ത്തടങ്ങളുടെയും സര്‍വേ നടത്തുന്നതിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധവും അക്രമാസക്തമായിരിക്കുകയാണ് മണിപ്പൂരില്‍. ചുരാചന്ദ്പുര്‍ ജില്ലയില്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി വ്യാഴാഴ്ച ജനക്കൂട്ടം കത്തിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഓപണ്‍ ജിമ്മും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുമാണ് അഗ്‌നിക്കിരയാക്കിയത്. തുടര്‍ന്ന് ജില്ലയില്‍ മുഴുവന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സര്‍വേയുടെ പേരില്‍ വനമേഖലകളില്‍ ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടെ വ്യാപകമായി കുടിയൊഴിപ്പിക്കുകയും അനധികൃതമെന്ന് ആരോപിച്ച് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുകയും ചെയ്യുന്നുണ്ട്. കുടിയൊഴിപ്പിക്കലിനെതിരെ ഗോത്ര വിഭാഗമായ കുക്കി സമുദായത്തില്‍പ്പെട്ട 12 എം എല്‍ എമാര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷമായ ഗോത്ര വര്‍ഗക്കാര്‍ക്കെതിരായ ബി ജെ പി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമായാണ് സര്‍വേയും കുടിയൊഴിപ്പിക്കലുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരേണ്യ ഹിന്ദുത്വ വിഭാഗത്തിനും അവര്‍ നിയന്ത്രിക്കുന്ന ബി ജെ പിക്കും താത്വികമായി സംവരണത്തോട് വിയോജിപ്പാണെന്നത് രഹസ്യമല്ല. വിശിഷ്യാ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സംവരണം നല്‍കുന്നതില്‍. 1990ല്‍ വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ സവര്‍ണ വിഭാഗങ്ങള്‍ കലാപത്തിലേക്ക് നീങ്ങിയത് ഇതുകൊണ്ടായിരുന്നല്ലോ. പിന്നാക്ക വിഭാഗങ്ങള്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഉയര്‍ന്നു വരാതെ എന്നും പിന്നാക്കക്കാരായി നിലനില്‍ക്കണമെന്നാണ് വരേണ്യ ഹിന്ദുത്വ വിഭാഗം ആഗ്രഹിക്കുന്നത്. ഈ മതന്യൂനപക്ഷ, ദളിത് വിരോധത്തിന്റെ പ്രതിഫലനമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ലക്ഷ്യമിട്ടുള്ള ബി ജെ പി സര്‍ക്കാറിന്റെ ഭരണഘടനാ ഭേദഗതി, ഒ ബി സി കാറ്റഗറിയിലെ നാല് ശതമാനം എടുത്ത് കളഞ്ഞ് വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്കായി വീതിച്ചു നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി, മണിപ്പൂരില്‍ മെയ്തി വിഭാഗത്തെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയവയെല്ലാം. ജാതി, പിന്നാക്ക വിഭാഗങ്ങളെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ കൊണ്ടുവന്ന സംവരണം എന്ന ആശയത്തിനു തന്നെ കത്തിവെക്കുകയാണ് ഇതിലൂടെയെല്ലാം ബി ജെ പിയും സവര്‍ണ ഹിന്ദുത്വ വിഭാഗവും.
source https://www.sirajlive.com/reservation-coup-in-manipur-too.html
إرسال تعليق