കൂടത്തായി കേസ്: ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയെന്ന് മകന്റെ മൊഴി

കോഴിക്കോട് | കൂടത്തായി കൂട്ടക്കൊലക്കേസില്‍ നിര്‍ണായക മൊഴി നല്‍കി ജോളിയുടെ മകന്‍ റെമോ റോയ്. കൊലപാതക പരമ്പരയിലെ ആറെണ്ണവും നടത്തിയത് ജോളിയാണെന്ന് മകന്‍ മാറാട് പ്രത്യേക കോടതി ജഡ്ജ് എസ് ആര്‍ ശ്യാംലാല്‍ മുമ്പാകെ മൊഴി നല്‍കി. ജോളിയുടെയും റോയ് തോമസിന്റെയും മകനും കേസിലെ മൂന്നാം സാക്ഷിയുമാണ് റെമോ.

റോയ് തോമസിന്റെ അമ്മയും തന്റെ മുത്തശ്ശിയുമായ അന്നമ്മയെ ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലക്കി കൊടുത്തും മറ്റുള്ള അഞ്ച് പേര്‍ക്ക് ഭക്ഷണത്തിലും വെള്ളത്തിലുമായി സയനൈഡ് കലക്കി കൊടുത്തും കൊലപ്പെടുത്തിയെന്ന് അമ്മ ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായാണ് റെമോ റോയ് കോടതി മുമ്പാകെ മൊഴി നല്‍കിയത്. അമ്മക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ഷാജി എന്ന എം എസ് മാത്യു ആയിരുന്നെന്നും അദ്ദേഹത്തിന് പ്രജികുമാറാണ് സയനൈഡ് കൈമാറിയിരുന്നതെന്നും അമ്മ തന്നോട് പറഞ്ഞിരുന്നുവെന്നും റെമോ മൊഴി നല്‍കി.

എന്‍ ഐ ടിയിലാണ് ജോലി ചെയ്യുന്നതെന്നാണ് ആദ്യം തന്നോട് അമ്മ പറഞ്ഞിരുന്നത്. എന്‍ ഐ ടി കാന്റീനില്‍ കൊണ്ടുപോയി അമ്മ ഭക്ഷണം വാങ്ങി തന്നിരുന്നുവെന്നും പിന്നീട് കേസിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്ത ശേഷം താന്‍ ഈ വിവരം ചോദിച്ചപ്പോള്‍ എന്‍ ഐ ടിയില്‍ പോയി അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലും ടെയ്‌ലറിംഗ് കടയിലും പോയിരിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞതായും റെമോയുടെ മൊഴിയിലുണ്ട്. അമ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ താന്‍ പോലീസില്‍ ഹാജരാക്കി. കൊല്ലപ്പെട്ട തന്റെ അച്ഛന്‍ റോയ് തോമസിന് തന്നോടും അമ്മയോടും അനുജനോടും നല്ല സ്‌നേഹവും കരുതലുമായിരുന്നുവെന്നും റെമോ മൊഴിയില്‍ വ്യക്തമാക്കി.

റോയ് തോമസുമായുള്ള വിവാഹം കഴിഞ്ഞ് പൊന്നാമറ്റം വീട്ടിലെത്തിയപ്പോള്‍ എം കോം ബിരുദധാരി ആണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നതെന്ന് കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരനുമായ റോജോ മൊഴി നല്‍കി. അച്ഛന്‍ ടോം തോമസ് മരണപ്പെട്ട സമയത്ത് വിദേശത്തായിരുന്ന താന്‍ തിരിച്ചെത്തിയപ്പോള്‍ ജോളി തനിക്ക് ഒരു വ്യാജ ഒസ്യത്ത് കാണിച്ചു തന്നിരുന്നുവെന്നും റോജോ കോടതിക്ക് മുമ്പാകെ മൊഴി നല്‍കി. പൊന്നാമറ്റം വീട്ടിലെ ആറു പേരുടെ മരണ സമയത്തും ജോളിയുടെ സംശയകരമായ സാന്നിധ്യവും അച്ഛന്‍ ടോം തോമസിന്റെ മരണ കാരണത്തെ പറ്റിയുള്ള വൈരുധ്യങ്ങളും മരണത്തിന് മുമ്പ് റോയ് ഭക്ഷണം കഴിച്ചില്ലെന്ന് ജോളി പറഞ്ഞതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദഹിക്കാത്ത ഭക്ഷണം വയറില്‍ കണ്ടതും വ്യാജ രേഖ ഉപയോഗിച്ച് പൊന്നമറ്റത്തെ വീടും സ്ഥലവും പോക്ക് വരവ് നടത്തിയതും തന്നില്‍ സംശയം ഉളവാക്കി. അതുകൊണ്ടാണ് ആറു ദുരൂഹ മരണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് താന്‍ പരാതി നല്‍കിയതെതെന്നും റോജോ മൊഴി നല്‍കി.

ജോളിയുടെ മൊബൈല്‍ ഫോണ്‍ മകന്‍ റെമോ പോലീസില്‍ ഹാജരാക്കിയതിനു താന്‍ സാക്ഷിയായിരുന്നുവെന്നും വില്‍പത്രത്തിന്റെ ഫോട്ടോകോപ്പി ഹാജരാക്കി കൊടുത്ത മഹസറിലും താന്‍ സാക്ഷിയായി ഒപ്പിട്ടിരുന്നുവെന്നും 163-ാം സാക്ഷി നെല്‍സണ്‍ വര്‍ഗീസും മൊഴി നല്‍കി. സാക്ഷികളുടെ എതിര്‍വിസ്താരം ഇന്നത്തേക്കു മാറ്റി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ സുഭാഷ് ഹാജരായി.

 



source https://www.sirajlive.com/koodatai-case-son-39-s-statement-that-jolly-committed-all-the-six-murders.html

Post a Comment

Previous Post Next Post