താനൂരിലേത് മനുഷ്യനിർമിത ദുരന്തം; പരമാവധിയുടെ ഇരട്ടി ആളുകളെ കുത്തിക്കയറ്റി; ബോട്ടിന് ലൈസൻസും ഇല്ല

മലപ്പുറം | താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിനിടയാക്കിയത് തികഞ്ഞ അശ്രദ്ധ. 20 പേർക്ക് മാത്രം കയറാവുന്ന ബോട്ടിൽ നാൽപ്പതോളം പേരെ കുത്തിനിറച്ച് യാത്ര ചെയ്തതാണ് അപകടം വിളിച്ചുവരുത്തിയത് എന്നാണ് സൂചന. ഒരു മാസം മുമ്പാണ് സ്വകാര്യ വ്യക്തി തൂവല്‍തീരം ബീച്ചിൽ വിനോദസഞ്ചാര ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തില്‍പെട്ട ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അതുകൊണ്ടു തന്നെ സംഭവം ക്രിമിനല്‍ കുറ്റമാകുമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. സാധാരണയിൽ ആറ് മണി വരെ സർവീസ് നടത്തിയിരുന്ന ബോട്ട്, അപകടത്തിൽ പെട്ടത് വൈകിട്ട് ഏഴ് മണിയോടെയാണ്. അവസാന സർവീസായതിനാൽ അവിടെ കൂടിയ പരമാവധി സഞ്ചാരികളെ ബോട്ടിൽ കുത്തി നിറച്ച് കയറ്റുകയായിരുന്നു എന്നാണ് ആളുകൾ പറയുന്നത്. ഞായറാഴ്ചയായതിൽ ബീച്ചിൽ നല്ല ജനത്തിരക്കുണ്ടായിരുന്നു. കൂടുതൽ പേരും ബോട്ട് യാത്രക്കായി എത്തിയവരായിരുന്നുവെന്നാണ് വിവരം.

നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു ആദ്യം രക്ഷാപ്രവർത്തനം. വെളിച്ചക്കുറവും, ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷപ്രവർത്തനം ദുഷ്കരമാക്കി. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തലകീഴായി മറിഞ്ഞ ബോട്ട് ഉയർത്താനായത്.

സംഭവം നടന്ന പുഴയിലെ കടലിനോട് ചേർന്നുള്ള ഭാഗത്തോ ഒഴുക്കുള്ള പ്രദേശമായതിനാല്‍ അവിടെ നിന്ന് അധികം അകലെയല്ലാത്ത കടലിൽ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതതയും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. പ്രദേശത്ത് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.



source https://www.sirajlive.com/man-made-disaster-in-thanur-twice-the-maximum-number-of-people-were-injected-the-boat-is-also-unlicensed-2.html

Post a Comment

أحدث أقدم