അമേരിക്കയില്‍ വെടിയൊച്ച നിലക്കുന്നില്ല

ഒരു വശത്ത് തോക്ക് നിയന്ത്രണത്തിനായി ശബ്ദമുയര്‍ത്തുന്ന ജനത. മറുവശത്ത് കളിപ്പാട്ടം പോലെ തോക്ക് വാങ്ങിക്കൂട്ടാന്‍ അനുമതി നല്‍കുന്ന ഭരണകൂടം. ഇതാണിന്ന് അമേരിക്കയുടെ സ്ഥിതി. സ്‌കൂളുകളിലും മാളുകളിലും പൊതുനിരത്തിലും നടക്കുന്ന വെടിവെപ്പുകളുടെ വാര്‍ത്തകളാണ് നിരന്തരം അവിടെ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഡള്ളാസിലെ അലന്‍ പ്രീമിയം ഔട്ട്്ലെറ്റ്സ് മാളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാളിനകത്ത് വെടിവെപ്പ് നടത്തിയ ശേഷം അക്രമി പുറത്തേക്കും നിറയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അയാളെ കൊലപ്പെടുത്തി. യു എസ് നോര്‍മനിലെ ഒക്‌ലഹോമ സര്‍വകലാശാലയില്‍ വെടിവെപ്പ് നടന്നത് ഒരു മാസം മുമ്പാണ്. ജനുവരിയില്‍ വടക്കന്‍ കാലിഫോര്‍ണിയ, ലോവ എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ തന്നെയാണ് മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടത്. 2023ല്‍ മാത്രം തോക്ക് ഉപയോഗിച്ചുള്ള 198 ആക്രമണങ്ങളാണ് അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തോക്കിനിരയാകുന്നവരില്‍ നല്ലൊരു ശതമാനവും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഏതു നിമിഷവും മുന്നില്‍ ചാടിവീണേക്കാവുന്ന തോക്കുധാരിയെ ഭയപ്പെട്ടു കഴിയേണ്ട അവസ്ഥയിലാണ് അമേരിക്കയിലെ കൊച്ചുകുട്ടികള്‍ പോലും.

മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ് അമേരിക്കയില്‍ തോക്കുകളുടെ എണ്ണം. 33 കോടിയിലേറെ ജനങ്ങള്‍ താമസിക്കുന്ന അമേരിക്കയില്‍ 48 കോടി ചെറുതും വലുതുമായ തോക്കുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 130 കോടിയില്‍ പരം ജനങ്ങളുള്ള ഇന്ത്യയില്‍ 34 ലക്ഷം പേര്‍ക്ക് മാത്രമേ തോക്ക് ലൈസന്‍സുള്ളൂ. കൊവിഡ് ജീവിതം അരക്ഷിതമാക്കിയ 2020-22ല്‍ പോലും ഒന്നരക്കോടി അമേരിക്കക്കാര്‍ ആറ്‌കോടിയോളം തോക്കുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് സന്നദ്ധ സംഘടനയായ ട്രേസ് പഠനത്തില്‍ കണ്ടെത്തിയത.് 2019-2021 കാലയളവില്‍ 75 ലക്ഷം അമേരിക്കക്കാര്‍ പുതുതായി തോക്ക് വാങ്ങിയതായി മറ്റൊരു പഠന റിപോര്‍ട്ടില്‍ പറയുന്നു. കൈയില്‍ സദാ കൊണ്ടുനടക്കാവുന്ന സെമി ഓട്ടോമാറ്റിക് തോക്കുകളാണ് ആളുകള്‍ വാങ്ങിക്കൂട്ടുന്നതെന്നും റിപോര്‍ട്ടിലുണ്ട്. 2010ല്‍ 32 ശതമാനം വീടുകളിലാണ് ആയുധങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ നിലവിലത് 46 ശതമാനമാണ്. കുറ്റകൃത്യത്തിലും ഗണ്യമായ വര്‍ധനയുണ്ട്.

പൗരന് തോക്ക് കൈവശം വെക്കാന്‍ അമേരിക്കയില്‍ അനുമതിയുണ്ട്. യു എസ് ഭരണഘടനയുടെ രണ്ടാം ഭേദഗതിയിലൂടെ 1791ലാണ് ഈ അവകാശം നല്‍കിയത്. സ്വരക്ഷക്കെന്ന നിലക്കാണ് ഭേദഗതി കൊണ്ടുവന്നതെങ്കിലും ഈ പഴുത് ഉപയോഗിച്ച് ആളുകള്‍ അനിയന്ത്രിതമായി തോക്കുകള്‍ വാങ്ങിക്കൂട്ടുകയാണ്. തോക്ക് വ്യവസായത്തില്‍ പ്രതിവര്‍ഷം 9,066 കോടി രൂപയുടെ കച്ചവടമാണ് അവിടെ നടക്കുന്നത്. സിഗററ്റും മദ്യവും വാങ്ങണമെങ്കില്‍ 21 വയസ്സ് തികയണമെന്നാണ് അമേരിക്കന്‍ നിയമമെങ്കില്‍ തോക്ക് വാങ്ങാന്‍ പതിനെട്ട് വയസ്സ് മതി. അത്രയും ഉദാരമാണ് തോക്കിന്റെ വിഷയത്തില്‍ നിയമങ്ങള്‍. ഓരോ വര്‍ഷവും 1,20,000ത്തോളം അമേരിക്കക്കാര്‍ക്ക് വെടിയേല്‍ക്കുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം. അതില്‍ മൂന്നിലൊരാള്‍ വീതം മരിക്കുകയും ചെയ്യുന്നു.
അക്രമവും വെടിവെപ്പും വര്‍ധിച്ച പശ്ചാത്തലത്തില്‍ തോക്ക് നിരോധനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമാണ് അമേരിക്കയില്‍. തോക്ക് നിയന്ത്രണം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ വാഷിംഗ്ടണില്‍ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. വെടിയുണ്ടകളില്‍ നിന്ന് ഞങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ടെക്‌സാസിലെ സ്‌കൂളില്‍ കഴിഞ്ഞ മെയ് 24ന് 11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു റാലി. തോക്കുപയോഗം നിയന്ത്രിക്കുന്ന നിയമനിര്‍മാണവും കര്‍ശന നടപടിയും വേണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമനിര്‍മാണ സഭയായ യു എസ് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എങ്കിലും ഇതുവരെ നിയമനിര്‍മാണം നടന്നിട്ടില്ല.
തോക്ക് നിയന്ത്രണം യു എസിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നാഷനല്‍ റൈഫിള്‍സ് അസ്സോസിയേഷന്‍ (എന്‍ ആര്‍ എ) എന്ന ആയുധ ലോബിക്ക് വന്‍ സ്വാധീനമുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവനയാണ് തോക്ക് ലോബി നല്‍കുന്നത്.

സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ് പൊളിറ്റിക്സിന്റെ റിപോര്‍ട്ടനുസരിച്ച് 2000 മുതല്‍ 2012 വരെ, നാഷനല്‍ റൈഫിള്‍സ് അസ്സോസിയേഷനും അതിന്റെ സഖ്യ ഗ്രൂപ്പുകളും ചേര്‍ന്ന് 80 മില്യണ്‍ ഡോളറാണ് യു എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് – സെനറ്റ്- പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിയത്. റിപബ്ലിക് പാര്‍ട്ടി നേതൃത്വവുമായാണ് എന്‍ ആര്‍ എക്ക് കൂടുതല്‍ അടുപ്പം. 2016ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍, റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന പരസ്യങ്ങള്‍ക്കായി 10 മില്യണ്‍ ഡോളറും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രതിച്ഛായ തകര്‍ക്കുന്ന പരസ്യങ്ങള്‍ക്കായി 20 മില്യണ്‍ ഡോളറും ഇവര്‍ ചെലവഴിച്ചതായി സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ് പൊളിറ്റിക്സ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ തോക്ക് നിയന്ത്രണത്തോട് റിപബ്ലിക്കന്‍ നേതൃത്വം യോജിക്കുന്നില്ല. തോക്കുകള്‍ക്ക് നിയന്ത്രണം വേണ്ടെന്നും വെടിവെപ്പുകള്‍ സംഭവിക്കാന്‍ ഇടയായതിനു പിന്നിലെ സാഹചര്യം മനസ്സിലാക്കി അതിനു പരിഹാരം കാണുകയാണ് വേണ്ടതെന്നുമാണ് 2022ലെ ടെക്‌സാസ് വെടിവെപ്പുമായി ബന്ധപ്പെട്ട് റിപബ്ലിക്കന്‍ നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. തോക്ക് വില്‍പ്പനയേക്കാള്‍ ഏറെ വിലയേറിയതാണ് അമേരിക്കയിലെ ആളുകളുടെ ജീവനെന്ന് സര്‍ക്കാര്‍ എപ്പോഴാണ് തിരിച്ചറിയുക എന്ന അമേരിക്കന്‍ നടിയും മോഡലുമായ എയ്മി ജാക്സന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.



source https://www.sirajlive.com/the-gunfire-doesn-39-t-stop-in-america.html

Post a Comment

أحدث أقدم