ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോകൾ അപ്‍ലോഡ് ചെയ്യാം

സാൻഫ്രാൻസിസ്കോ | ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനി രണ്ട് മണിക്കൂർ ദൈർഘ്യം അല്ലെങ്കിൽ 8 ജിബി വരെ ഫയൽ സൈസുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാം. വ്യാഴാഴ്ച രാത്രി ട്വീറ്റർ ഉടമ ഇലോൺ മസ്‌കാണ് ട്വീറ്റ് വഴി ഇക്കാര്യം അറിയിച്ചത്.

ട്വിറ്ററിന്റെ സാധാരണ വരിക്കാർക്ക് 140 സെക്കൻഡ് (2 മിനിറ്റ്, 20 സെക്കൻഡ്) വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. ഏപ്രിൽ ഒന്നിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ ബ്ലൂ ബാഡ്ജിനായി സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചത്. ഇതിന് മുമ്പ് ഈ സേവനം സൗജന്യമായിരുന്നു.

പ്രതിമാസം 8 ഡോളർ അല്ലെങ്കിൽ ഒരു വർഷത്തിന് 84 ഡോളർ ആണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ റേറ്റ്. ഇന്ത്യൻ ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിലും മൊബൈലിലും യഥാക്രമം പ്രതിമാസം ₹650, ₹900 രൂപ പാക്കേജുകൾ ലഭ്യമാണ്. വരിക്കാർക്ക് അവരുടെ ട്വീറ്റുകൾ പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളിൽ അഞ്ച് തവണ വരെ എഡിറ്റ് ചെയ്യാനും ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനും 50 ശതമാനം കുറഞ്ഞ പരസ്യങ്ങൾ കാണാനും പുതിയ ഫീച്ചറുകളിലേക്ക് നേരത്തേ ആക്സസ് നേടാനും കഴിയും.

90 ദിവസത്തിലധികം പഴക്കമുള്ള അക്കൗണ്ട് ഉള്ള ഉപയോക്താക്കൾക്ക് മുകളിൽ ഇടതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്കുചെയ്ത് ട്വിറ്റർ ബ്ലൂ ആക്സസ് ചെയ്യാൻ കഴിയും.



source https://www.sirajlive.com/twitter-blue-subscribers-can-now-upload-two-hour-videos.html

Post a Comment

Previous Post Next Post