സര്‍ക്കാര്‍ വാര്‍ഷികം: തലസ്ഥാനത്തു പ്രക്ഷോഭത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാന്‍ യു ഡി എഫും ബി ജെ പിയും

തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് തലസ്ഥാന നഗരിയില്‍ പ്രക്ഷോഭത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാന്‍ യു ഡി എഫും ബി ജെ പിയും.

സെക്രട്ടറിയേറ്റ് വളയല്‍ സമരമാണ് യുഡിഎഫ് നടത്തുന്നത്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അതിരാവിലെ തന്നെ പ്രധാന ഗേറ്റുകള്‍ ഉപരോധിച്ചു. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയുന്ന തരത്തിലാണ് സമരം ആസൂത്രണം ചെയ്തിരിക്കുന്നത്.

നികുതി വര്‍ധന, കാര്‍ഷിക പ്രശ്‌നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ദൂര്‍ത്ത് തുടങ്ങി വിഷയങ്ങളില്‍ ഉയര്‍ത്തിയാണു പ്രതിപക്ഷ സമരം. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന അഴിമതിയെ മുന്‍ നിര്‍ത്തി സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തില്‍ അവതരിപ്പിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും സമീപ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരും പത്തുമണിയോടെ എത്തിച്ചേരുന്നതോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിന്റെ വേലിയേറ്റം നടക്കും. ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്കു കടത്തിവിടാന്‍ വന്‍ പോലീസ്് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ ബി ജെ പി രാപ്പകല്‍ സമരമാണു നടത്തുന്നത്. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിലാണു സമരം നടക്കുന്നത്. അഴിമതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് ബി ജെ പി പ്രതിഷേധം.

രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയത്. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിലാണു സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുക. നൂറുദിന കര്‍മ്മ പരിപാടിയിലും പ്രകടനപത്രികയിലും പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം മുഖ്യമന്ത്രി വിശദീകരിക്കും. അടുത്തവര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതിയും ഇന്ന് പ്രഖ്യാപിക്കും.

പ്രതിഷേധങ്ങളുടെയും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഷോഘങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ന് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

 



source https://www.sirajlive.com/government-anniversary-udf-and-bjp-to-create-wave-of-agitation-in-capital.html

Post a Comment

أحدث أقدم