2023 മെയ് ഏഴിന് രാത്രി കേരളത്തില്‍ വീണ്ടുമൊരു ബോട്ട് ദുരന്തം സംഭവിച്ചിരിക്കുകയാണ്. മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് കണക്ക്. കുറച്ച് ദിവസം ഈ സംഭവം മലയാളികള്‍ ചര്‍ച്ച ചെയ്യും. കാരണം കണ്ടെത്തുന്നതിനായി അന്വേഷണ കമ്മീഷനെ വെക്കും. എന്തെങ്കിലും ഒരു കാരണം കണ്ടെത്തി റിപോര്‍ട്ട് സമര്‍പ്പിക്കും. ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങളുണ്ടാകും. പിന്നെയെല്ലാം കെട്ടടങ്ങും. താനൂര്‍ ബോട്ടപകടക്കേസിലെ പ്രതി ഒരു പക്ഷേ ശിക്ഷിക്കപ്പെട്ടേക്കാം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടെന്നും വരാം. ഇതിന് മുമ്പ് നടന്ന ബോട്ട് ദുരന്തക്കേസുകളുടെ ഗതി പരിശോധിക്കുമ്പോള്‍ പലതിലും പ്രതികള്‍ രക്ഷപ്പെടുകയോ ശിക്ഷയില്‍ ഇളവ് ലഭിക്കുകയോ ചെയ്തതിന്റെ ചരിത്രമാണ് കാണാന്‍ കഴിയുന്നത്.
കേരളത്തില്‍ ആദ്യത്തെ ബോട്ട് ദുരന്തം നടന്നത് 1924 ജനുവരി 16നാണ്. അന്ന് കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ആലപ്പുഴ പല്ലനയാറ്റിലുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളത്തിന്റെ മഹാകവി കുമാരനാശാനും ഉള്‍പ്പെട്ടിരുന്നു. കുമാരനാശാന്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. ബോട്ട് കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. 145 യാത്രക്കാരായിരുന്നു അന്ന് ബോട്ടിലുണ്ടായിരുന്നത്. ബോട്ടില്‍ അമിതമായി യാത്രക്കാരെ ഉള്‍പ്പെടുത്തിയതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായിരുന്നു.
കേരളപ്പിറവിക്ക് മുമ്പ് മലയാള മണ്ണിലുണ്ടായ ആദ്യത്തെയും അവസാനത്തെയും ദുരന്തമായിരുന്നു ഇത്. എന്നാല്‍ കേരളപ്പിറവിക്ക് ശേഷം നമ്മുടെ നാട്ടില്‍ ബോട്ടപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. 1980ല്‍ എറണാകുളം ജില്ലയിലെ കണ്ണമാലി കായലിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചത് 29 പേരായിരുന്നു. 1983ല്‍ കൊച്ചിയിലെ വല്ലാര്‍പാടത്ത് നടന്ന ബോട്ടപകടത്തില്‍ 18 പേരാണ് മരിച്ചത്. 2002 ജൂലൈ 27ന് കുമരകത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ പൊലിഞ്ഞത് 29 മനുഷ്യ ജീവനുകളാണ്. അന്ന് ജോലിക്കും പി എസ് സി പരീക്ഷ എഴുതാനുമായി പോയ 300ല്‍ അധികം ആളുകള്‍ സഞ്ചരിച്ച ബോട്ടാണ് കുമരകത്ത് എത്തിയപ്പോള്‍ വേമ്പനാട്ട് കായലില്‍ മറിഞ്ഞത്. ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിയിലേറെ ആളുകളെ കുത്തിനിറച്ചുള്ള ബോട്ട് യാത്രയാണ് കുമരകത്ത് ദുരന്തത്തില്‍ കലാശിച്ചത്. അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. 2023 ജൂലൈ 27ന് കുമരകം ബോട്ട് ദുരന്തത്തിന് 21 വര്‍ഷം പൂര്‍ത്തിയാകുകയാണ്. കുമരകം ദുരന്തത്തിന് ശേഷം കേരളത്തെ ആകമാനം കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ട് ദുരന്തം നടന്നത് പതിനാറ് വര്‍ഷം മുമ്പ് തട്ടേക്കാട് ആണ്. 2007 ഫെബ്രുവരി 20നായിരുന്നു ഈ സംഭവം. പതിനഞ്ച് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. നൂറ് കുട്ടികളും ഒമ്പത് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനടിയിലുണ്ടായ വിള്ളലിലൂടെ വെള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. എറണാകുളം അങ്കമാലിയിലെ എളവൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബോട്ടാണ് കരക്കടുക്കാന്‍ പത്തടി മാത്രമുള്ളപ്പോള്‍ അപകടത്തില്‍ പെട്ടത്. തട്ടേക്കാട് ബോട്ട് ദുരന്തക്കേസിലെ പ്രതിക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. ഈ ശിക്ഷ പിന്നീട് ഹൈക്കോടതി രണ്ട് വര്‍ഷമായി കുറച്ചു. 2009 സെപ്തംബര്‍ 30ന് തേക്കടിയിലുണ്ടായ ബോട്ടപകടത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. അന്ന് 46 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ടൂറിസം വകുപ്പിന്റെ ജലകന്യക എന്ന ബോട്ടായിരുന്നു തേക്കടിയില്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഈ കേസില്‍ ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. തേക്കടി ദുരന്തക്കേസ് നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് വട്ടം കറങ്ങുകയാണ്. ഏറെ വൈകിയാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 14 വര്‍ഷം കഴിഞ്ഞിട്ടും അനിശ്ചിതാവസ്ഥ മാറാത്തത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന വേദനയും നിരാശയും വളരെ വലുതാണ്. തേക്കടി ബോട്ടപകടത്തിന്റെ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിര്‍മാണവും തുടങ്ങി അപകട കാരണങ്ങളായി പലതാണ് വിവിധ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നത്. ബോട്ടിന്റെ ടെന്‍ഡര്‍ വിളിച്ചത് മുതല്‍ നീറ്റിലിറക്കിയത് വരെയുള്ള 22 വീഴ്ചകള്‍ അടങ്ങിയ റിപോര്‍ട്ട് കമ്മീഷന്‍ നല്‍കിയെങ്കിലും അതിന്മേല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം തള്ളിയ കോടതി, പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2019ലാണ് ഇതില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ചിനായത്. ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരാണ് ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബോട്ട് നിര്‍മിച്ചവരും നീറ്റിലിറക്കാന്‍ അനുമതി നല്‍കിയവരുമുള്‍പ്പെടുന്ന രണ്ടാം കുറ്റപത്രം പിന്നീട് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്നു.
2021 സെപ്തംബര്‍ രണ്ടിന് കൊല്ലം അഴീക്കല്‍ ബീച്ചില്‍ നടന്ന ബോട്ടപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. കേരളത്തില്‍ ഇതുവരെയുണ്ടായ ബോട്ട് ദുരന്തത്തില്‍ ഏറ്റവും കുറഞ്ഞ മരണസംഖ്യ അഴീക്കല്‍ ബീച്ചിലെ ബോട്ടപകടത്തിലാണ്. കഴിഞ്ഞ ദിവസം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് കേരളത്തില്‍ നടന്ന ബോട്ട് ദുരന്തങ്ങള്‍ക്ക് ഇടവരുത്തിയത് തികഞ്ഞ അനാസ്ഥയും അശ്രദ്ധയുമാണെങ്കില്‍ അതേ കാരണങ്ങള്‍ തന്നെയാണ് താനൂര്‍ ബോട്ട് ദുരന്തത്തിനും ഇടവരുത്തിയിരിക്കുന്നത്. അപകട മുന്നറിയിപ്പ് അവഗണിച്ചായിരുന്നു താനൂരിലെ ബോട്ട് യാത്ര. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടാണ് രൂപം മാറ്റി വിനോദ യാത്രക്ക് ഉപയോഗിച്ചത്. ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല. അനുവദിച്ചതിലും അധികം യാത്രക്കാരെ ബോട്ടില്‍ കുത്തിനിറച്ചിരുന്നു. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നത് ദുരന്തത്തിന് ആക്കം കൂട്ടുകയും ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുമ്പ് മടങ്ങിയെത്താന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍ താനൂരില്‍ ബോട്ട് ഏറെ വൈകിയാണ് യാത്ര തിരിച്ചത്. കുമരകം ബോട്ട് ദുരന്തക്കേസിലെ പ്രതി ശിക്ഷിക്കപ്പെടാതെ പോയതും തട്ടേക്കാട് ദുരന്തത്തിലെ പ്രതിക്ക് ശിക്ഷാ ഇളവ് ലഭിച്ചതും അനാസ്ഥ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതായി താനൂര്‍ ബോട്ട് ദുരന്തം തെളിയിക്കുന്നു. ഇനി കുറച്ച് കാലം ഉദ്യോഗസ്ഥര്‍ ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന പരിശോധനയിലായിരിക്കും. അതില്ലാത്ത ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കും. പിന്നീട് എല്ലാം നിലക്കുകയും ചെയ്യും. ഇനി എത്രയൊക്കെ ദുരന്തങ്ങളുണ്ടായാലും അതിലൊന്നും പാഠം പഠിക്കാത്തവരായി നമ്മള്‍ ഇങ്ങനെ കഴിഞ്ഞുപോകുന്നു. തിരിച്ചറിവില്ലാത്തവരായി പിന്നെയും അപകടങ്ങളില്‍ ചെന്ന് ചാടുന്നു. സുരക്ഷാ മുന്‍കരുതലുകളില്ലാതെയും യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ബോട്ടുകള്‍ ജലാശയങ്ങളിലിറക്കുന്നവര്‍ക്ക് യാത്രക്കാരുടെ ജീവന്‍ ഒരു വിഷയമാകുന്നില്ല. ഏതുവിധേനയും പണമുണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. താനൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഇത്തരമൊരു വന്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുകയും വേണം.
source https://www.sirajlive.com/this-tragedy-and-tyranny-and-then.html
إرسال تعليق