തിരുവനന്തപുരം | സര്‍ക്കാര്‍ ഫീസിന് ആനുപാതികമല്ലാതെ ക്വാറി ഉത്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കില്ലെന്ന് ക്വാറി മേഖലയിലെ സംഘടനകള്‍ പങ്കെടുത്ത മന്ത്രിതല യോഗത്തില്‍ ധാരണ. അമിത വില ഈടാക്കുന്നില്ലെന്ന് ക്വാറി മേഖലയെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ ഉറപ്പു വരുത്തണമെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്. റവന്യൂ മന്ത്രി കെ രാജനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സര്‍ക്കാര്‍ ഫീസുകള്‍ക്ക് ആനുപാതികമായി പരമാവധി അഞ്ചു രൂപയില്‍ കൂടുതല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ക്വാറി സംഘടനകള്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ഏപ്രില്‍ ഒന്ന് മുതലാണ് ഖനന ഫീസുകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചത്. കരിങ്കല്ലിനുള്ള റോയല്‍റ്റി ചതുരശ്ര അടിക്ക് 1.10 രൂപയും ഡീലേഴ്‌സ് ലൈസന്‍സ് ഫീസ് 18 മുതല്‍ 48 പൈസ വരെയുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, വിപണി വില അഞ്ച് മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ച് ഉത്പാദകരും വിതരണക്കാരും അമിത ലാഭമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ക്വാറി സംഘടനകളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഖനന ഫീസുകള്‍ ഇപ്പോഴും കേരളത്തില്‍ കുറവാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ക്വാറി ഉടമകള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്ത് ധാരണയിലെത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം, എ എം യൂസഫ്, കലഞ്ഞൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.
source https://www.sirajlive.com/organizations-will-not-charge-exorbitant-prices-for-quarry-products.html
Post a Comment