നാട്ടിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എരുമേലിയിലും ചടയമംഗലത്തുമായി മൂന്ന് പേര്‍ മരിച്ചതോടെ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം ഒരിക്കല്‍ കൂടി ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്. ആനയുടെയും കടുവയുടെയും പന്നികളുടെയുമൊക്കെ ആക്രമണത്തില്‍ മനുഷ്യ ജീവിതം ഭീതിയിലാണ്ടതിന്റെ നിരവധിയായ അനുഭവങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. കൃഷിനാശം, വാഹനങ്ങള്‍ക്കും വീടുകള്‍ക്കുമുണ്ടാക്കുന്ന കേടുപാടുകള്‍, മൃഗങ്ങള്‍ നാട്ടിലിറങ്ങിയുണ്ടാക്കുന്ന മറ്റു കെടുതികള്‍… മൃഗങ്ങളുടെ കാടിറക്കം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സ്വസ്ഥമായ ജീവിതം അസാധ്യമാക്കുന്ന ഭീതിയാണ് ഈ ജീവികള്‍ മനുഷ്യ ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ സ്ഥിതിവിശേഷം ജനങ്ങളെയും നീതിന്യായ, ഭരണ സംവിധാനത്തെയും നെടുകെ പിളര്‍ത്തിയിട്ടുണ്ടെന്ന് പറയാം. ഒരു വശത്ത് മൃഗങ്ങള്‍ക്കായുള്ള മുറവിളി ശക്തമായി ഉയരുന്നു. അവയുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യന്‍ കടന്നുകയറിയതാണ് പ്രശ്‌നത്തിന്റെ മൂലകാരണമെന്നും മനുഷ്യന്‍ ഒഴിഞ്ഞുപോകുക മാത്രമാണ് പോംവഴിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. മൃഗങ്ങളെ നിയമത്തിന്റെ പിന്തുണയോടെയോ അല്ലാതെയോ വെടിവെച്ചു കൊല്ലുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന പാതകമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മൃഗമാണോ മനുഷ്യനാണോ പ്രധാനമെന്ന പ്രസക്തമായ ചോദ്യമുയര്‍ത്തിയാണ് കാടിനോട് ചേര്‍ന്നും മലയോരത്തും താമസിക്കുന്നവരും രാഷ്ട്രീയ നേതാക്കളും മത സാമൂഹിക നേതാക്കളുമെല്ലാം രംഗത്തുവരാറുള്ളത്. മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനും കോടതിക്കുമില്ലേയെന്ന ചോദ്യം അവര്‍ ഉന്നയിക്കുന്നു. ദാരുണമായ മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കടുത്ത പ്രക്ഷോഭങ്ങളുയരും. എരുമേലിയില്‍ കണ്ടത് പോലെ മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടാക്കാതെ അതിവൈകാരികമായ നിലയിലേക്ക് സമരങ്ങള്‍ നീങ്ങും. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് മനുഷ്യരെ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്. കോടതികള്‍ക്ക് മുമ്പില്‍ ഇതു സംബന്ധിച്ച കേസുകള്‍ എത്തുമ്പോള്‍ ജനങ്ങള്‍ക്ക് അനുകൂലമായ വിധി ലഭിക്കുന്നതിന് വന സംരക്ഷണ നിയമങ്ങള്‍ തടസ്സമാകുകയാണ് പതിവ്. അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി എടുത്ത നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
വനത്തിന്റെ വിസ്തൃതിയില്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും കുറവ് വരാത്ത ഇടമാണ് കേരളം. വനം ചുരുങ്ങുന്നതല്ല, മൃഗങ്ങളുടെ എണ്ണം കൂടുന്നതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൃഗങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തില്‍ കൂട്ടം തെറ്റുന്നവ നാട്ടിലിറങ്ങുകയും അക്രമം വിതക്കുകയും ചെയ്യുന്നതിന്റെ പരിഹാരമായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തിരിച്ചയക്കല്‍ അശാസ്ത്രീയമാണെന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഭീതി അനുദിനം വര്‍ധിക്കുന്നുവെന്നതാണ് വസ്തുത. ഇതിനോട് സര്‍ക്കാര്‍ സംവിധാനത്തിലെ വിവിധ വിഭാഗങ്ങള്‍ പ്രതികരിക്കുമ്പോഴും കാഴ്ചപ്പാടിലെ പിളര്‍പ്പ് കാണാം. ഉദാഹരണത്തിന് അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാമെന്ന് കലക്ടര്‍ ഉത്തരവിറക്കുമ്പോള്‍ മയക്കുവെടിവെക്കാമെന്നാണ് വനംവകുപ്പിന്റെ ഉത്തരം. പ്രതിഷേധക്കാരെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആക്ഷേപിച്ചുവെന്ന വിവാദം ഉയര്‍ന്നുകഴിഞ്ഞു. നിലവിട്ട പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ വലിച്ചിഴക്കുന്നവരെയാണ് സത്യത്തില്‍ അദ്ദേഹം വിമര്‍ശിച്ചത്. അതുകൊണ്ട് മൃഗസംരക്ഷണത്തിന്റെ വൈകാരിക മുറവിളികളോ ദാരുണമായ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ മുതലെടുപ്പ് പ്രതിഷേധങ്ങളോ അല്ല വേണ്ടത്. പ്രായോഗിക സമീപനങ്ങളിലൂടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാറും പൗര സമൂഹവും മുന്‍കൈയെടുക്കണം. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 1972ലെ വന്യജീവി സംരക്ഷണ നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത്. ഈ നിയമമനുസരിച്ചാണ് കാടിന് പുറത്ത് താമസിക്കുന്ന കര്‍ഷകര്‍ക്കെതിരെ കടുത്ത വ്യവസ്ഥകള്‍ ചേര്‍ത്ത് കേസെടുക്കുന്നത്. ഈ നില മാറണം. നിയമത്തില്‍ കാലോചിതമായ പരിഷ്‌കരണം വേണം.
2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള ഒന്നര വര്‍ഷത്തിനിടയില്‍ 123 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വനം വകുപ്പ് നാല് മാസം മുമ്പ് പുറത്തുവിട്ട കണക്ക്. ഇക്കാലയളവില്‍ 88,287 വന്യജീവി ആക്രമണ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ തുച്ഛമായ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ ചെയ്യാറുള്ളത്. മനുഷ്യരുടെ ജീവന് വിലയിടുന്ന പരിപാടിയാണിത്. മൃഗങ്ങള്‍ കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങള്‍ ശാസ്ത്രീയമായി പഠിക്കേണ്ടിയിരിക്കുന്നു.
വന്യമൃഗങ്ങളുടെ പെരുപ്പം മാത്രമല്ല, വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനം, നഗരവത്കരണത്തിന്റെ ഭാഗമായി വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധനവ്, വിനോദ സഞ്ചാര പദ്ധതികള്‍, കാട്ടുതീ, വനത്തിനുള്ളില്‍ ഭക്ഷ്യവസ്തുക്കളുടെ കുറവ്, വനസാമീപ്യ മേഖലകളില്‍ ഭക്ഷണമാലിന്യം തള്ളുന്ന പ്രവണത തുടങ്ങി മറ്റു വിവിധ കാരണങ്ങളുണ്ട്. താപനിലയില്‍ അടുത്ത കാലത്തായി അനുഭവപ്പെടുന്ന ക്രമാതീത വര്‍ധന വനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ജലദൗര്‍ലഭ്യം, കാട്ടുവിഭവങ്ങളുടെ കുറവ്, മരങ്ങളിലും ചെടികളിലും ഇല കൊഴിച്ചില്‍ തുടങ്ങി ഇതിന്റെ പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനും നീരാട്ടിനുമായി ആശ്രയിക്കുന്ന ചെറുതും വലുതുമായ പ്രകൃതിദത്ത തോടുകളും നീരുറവകളും വറ്റിവരളുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇടക്കിടെയുണ്ടായ കാട്ടുതീ സംസ്ഥാനത്തെ 18,170 ഹെക്ടര്‍ വനപ്രദേശത്ത് നാശം വിതച്ചതായാണ് വനം വകുപ്പിന്റെ കണക്ക്. ഇതെല്ലാം മൃഗങ്ങളുടെ കാടിറക്കത്തിന് വഴിവെക്കുന്നു. കാടിന്റെ സ്വാഭാവികത തകര്‍ക്കുന്ന ഒരു കടന്നുകയറ്റവും അനുവദിക്കരുത്.
വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വനം വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ മൃഗസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊലക്ക് കൊടുക്കരുത്. ഭൂമിയിലെ ഉത്കൃഷ്ട സാന്നിധ്യമായ മനുഷ്യനെ അവഗണിക്കുന്ന ഒരു നയവും അംഗീകരിക്കാനാകില്ല.
source https://www.sirajlive.com/humans-should-not-ignore-animal-welfare.html
Post a Comment