കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളുരു | 24 ആമത് കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഏക ഉപമുഖ്യമന്ത്രിയായി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ചുമതലയേല്‍ക്കും. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും.

എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍.

ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ്‌സി, എസ്ടി, വനിതാ പ്രാതിനിധ്യ സമവാക്യം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ബിജെപി വിട്ടെത്തിയ പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എം എല്‍ സി സ്ഥാനം നല്‍കി മന്ത്രിയാക്കാനുള്ള ആലോചനയും നടക്കുന്നു.

ബിജെപിയിതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചില്ലെങ്കിലും സി പി എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.



source https://www.sirajlive.com/siddaramaiah-will-take-oath-as-the-chief-minister-of-karnataka-today.html

Post a Comment

Previous Post Next Post