കോഴിക്കോട് | സമസ്ത ഇ കെ വിഭാഗത്തിൽ സി ഐ സി വിഷയം വീണ്ടും സങ്കീർണമാകുന്നു. ഹകീം ഫൈസി ആദൃശ്ശേരിയെ ചുറ്റിപ്പറ്റി തുടങ്ങിയ വിവാദം നിലവിൽ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദത്തിലും ആരോപണത്തിലും എത്തിച്ചേർന്നിരിക്കുകയാണ്.
ഇ കെ വിഭാഗം യുവജന സംഘടനാ നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ മുസ്ലിം ലീഗ് നേതാവ് അബ്ദുർറഹ്മാൻ കല്ലായിയും സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹിയായ കുട്ടിഹസൻ ദാരിമിയും രംഗത്തെത്തി. സി ഐ സിയെ അനുകൂലിക്കുന്ന ഇരുവരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ഹമീദ് ഫൈസിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആളുകളെ ചേർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം നടത്തുന്നതെന്ന് അബ്ദുർറഹ്മാൻ കല്ലായി ആരോപിച്ചു. കെ എ റഹ്മാൻ ഫൈസിയടക്കമുള്ള നേതാക്കൾ കല്ലായിക്കൊപ്പമാണ്. ഹകീം ഫൈസി ആദൃശ്ശേരിക്ക് പകരക്കാരനായി സ്വാദിഖലി തങ്ങൾ നിയോഗിച്ച ഹബീബുല്ല ഫൈസിയെ “കരിമൂർഖൻ’ എന്ന് ഹമീദ് ഫൈസി അധിക്ഷേപിച്ചതാണ് സി ഐ സി വിഭാഗത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. അതേസമയം, വിവാദത്തിൽ താൻ “സമസ്ത’ക്കൊപ്പമാണെന്ന് വ്യക്തമാക്കി എം പി മുസ്തഫൽ ഫൈസി രംഗത്തെത്തി. സി ഐ സി സിലബസിൽ കുഴപ്പമില്ലെന്ന് മുസ്തഫൽ ഫൈസി പറഞ്ഞതായി അബ്ദുർറഹ്മാൻ കല്ലായി വിശദീകരിച്ചിരുന്നു. അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നും കല്ലായിയുടെ വാദം അബദ്ധമാണെന്നും മുസ്തഫൽ ഫൈസി പറഞ്ഞു.
ഇതിനിടെ, സി ഐ സിയെ പരോക്ഷമായി പിന്തുണക്കുന്ന ചെമ്മാട് ദാറുൽ ഹുദാ ജനറൽ സെക്രട്ടറിയും മുശാവറ അംഗവുമായ ബഹാഉദ്ദീൻ നദ്‌വിയുടെ പ്രസംഗം വാഫി അനുകൂലികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നല്ല സംരംഭങ്ങൾ നടത്തുമ്പോൾ അസൂയാലുക്കൾ കുറേയുണ്ടാകുമെന്നും പലപ്പോഴും വലിയ ഉസ്താദുമാർ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. പല ആരോപണങ്ങളും ഉന്നയിച്ച് ദാറുൽ ഹുദയെ കുറിച്ചും ചിലർ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാറുണ്ടെന്നും നദ്‌വി പ്രസംഗത്തിൽ വിശദീകരിക്കുന്നു.
എന്നാൽ, വാഫി, വഫിയ്യ സംവിധാനത്തെ “അര വഹാബി’യെന്നാണ് ദാരിമീസ് അസ്സോസിയേഷൻ പ്രസിഡന്റായ സലാം ദാരിമി ആലംപാടി വിശേഷിപ്പിച്ചത്. വാഫി, വഫിയ്യ സംവിധാനങ്ങൾ ഞങ്ങൾ പണ്ടേ വേണ്ടെന്ന് വെച്ചതാണ്. ആ നിലപാട് ശരിയായിരുന്നുവെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. പെൺകുട്ടികൾ പണ്ഡിതൻമാർക്ക് മുന്നിൽ വന്ന് മുഷ്ടിചുരുട്ടി പറയുന്ന ഒരു സംവിധാനമാണെങ്കിൽ അത് ആവശ്യമില്ലെന്നും സുന്നത്ത് ജമാഅത്തിന്റെ സംവിധാനങ്ങളെ ഉപയോഗിച്ച് അര വഹാബിയെ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ദാരിമി വ്യക്തമാക്കി.
അതിനിടെ, സി ഐ സിക്ക് ബദലായി ഇ കെ വിഭാഗത്തിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങൾ മുന്നോട്ട് പോകുകയാണ്. നേരത്തേ ലീഗിനും ചന്ദ്രികക്കും എതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച മുഈനലി തങ്ങളെ തന്നെ ഇ കെ വിഭാഗം രംഗത്തിറക്കിയത് പല ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണെന്നാണ് പറയുന്നത്. എന്നാൽ, പാണക്കാട് കുടുംബം പൂർണമായും സി ഐ സിക്കൊപ്പമാണെന്നാണ് റശീദലി ശിഹാബ് തങ്ങൾ പറയുന്നത്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളാണ് സി ഐ സിയുടെ പ്രസിഡന്റ്. ഇതിനെല്ലാം പുറമെ, ഹകീം ഫൈസി ആദൃശ്ശേരിയെ അനുകൂലിച്ച് പൊതു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതികരിച്ചതിന് കുട്ടിഹസൻ ദാരിമിക്ക് ഇ കെ വിഭാഗം വിദ്യാഭ്യാസ ബോർഡ് വിശദീകരണ നോട്ടീസ് നൽകി. നേരത്തേയും ലീഗിനെ അനുകൂലിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കുട്ടിഹസൻ ദാരിമിയോട് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു.
കർണാടകയിലെ യു ടി ഖാദറിന്റെ വിജയവുമായി ബന്ധപ്പെട്ട് ഇ കെ വിഭാഗം നേതാക്കൾക്കെതിരെ രൂക്ഷമായ പരിഹാസമാണ് വാഫി വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്നത്. സി ഐ സിക്കെതിരെയുള്ള ഭീഷണികൾ യു ടി ഖാദറിനെതിരെ ഇ കെ സമസ്ത പ്രസിഡന്റ് മംഗലാപുരത്ത് നടത്തിയ വീമ്പ് പറച്ചിൽ പോലെ പരിഹാസ്യമാകുമെന്ന് വാഫി അനുകൂല ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നു. സി ഐ സിയെയും ഹകീം ഫൈസിയെയും പ്രകീർത്തിച്ചു കൊണ്ട് നേതാക്കൾ നേരത്തേ പ്രസംഗിച്ചതും വാഫി വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് വിവാദങ്ങളെ സംബന്ധിച്ച് ജിഫ്രി തങ്ങൾ കഴിഞ്ഞ ദിവസം നടന്ന എസ് കെ എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിച്ചത്.
വരേണ്യ സംഘമായിരുന്ന മുസ്ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയത് സമസ്തയാണെന്ന് ഇതേ വേദിയിൽ “സമസ്ത’ ചരിത്രകാരൻ കൂടിയായ ശുഐബുൽ ഹൈത്തമി പ്രസംഗിച്ചിരുന്നു. കോൺഗ്രസ്സിൽ അംഗത്വം എടുക്കുന്നതിനെതിരെ 1933ൽ സമസ്ത പാസ്സാക്കിയ പ്രമേയമാണ് മലബാറിലേക്ക് ലീഗിന് വഴിയൊരുക്കിയത് എന്നായിരുന്നു ഹൈത്തമിയുടെ വാദം. ഈ പരാമർശത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി മുസ്ലിം ലീഗ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
source https://www.sirajlive.com/cic-fight-between-leaders-argument.html
إرسال تعليق