താനൂർ ബോട്ടപകടം: അടിയന്തര യോഗം വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം | മലപ്പുറം താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും. മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



source https://www.sirajlive.com/tanur-boat-accident-minister-veena-george-called-an-emergency-meeting.html

Post a Comment

Previous Post Next Post