സ്വകാര്യ ഗ്രൂപ്പുകൾക്കുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു

കോഴിക്കോട്| സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് പ്രകാരം കാറ്റഗറി ഒന്നിൽ പ്പെട്ട ഗ്രൂപ്പുകൾക്ക് 75 സീറ്റുകൾ വീതം ലഭിച്ചപ്പോൾ കാറ്റഗറി രണ്ടിൽപ്പെട്ട ഗ്രൂപ്പുകൾക്ക് 50 സീറ്റുകളാണ് നൽകിയത്. 100 സീറ്റുകൾ വരെ കാറ്റഗറി ഒന്നിൽപ്പെട്ട ഗ്രൂപ്പുകൾക്ക് ലഭിക്കുമെന്നായിരുന്നു സൂചന. എന്നാൽ അത്രയും സീറ്റുകൾ അനുവദിച്ചിട്ടില്ല.
ക്വാട്ട അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സ്വകാര്യ ഗ്രൂപ്പുകൾക്ക് അയച്ചു. ഈ വർഷത്തെ ഹജ്ജ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലാണ് ക്വാട്ട അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ്. സ്വകാര്യ ഗ്രൂപ്പുകൾ നൽകിയ രേഖകളിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പത്ത് വർഷത്തേക്ക് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ ഗ്രൂപ്പുകൾക്ക് 35,005 സീറ്റുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതിൽ 70 ശതമാനമാണ് കാറ്റഗറി ഒന്നി (അഞ്ച് കോടി ടേണോവറും മൂന്ന് വർഷത്തെ ഹജ്ജ് പരിചയവുമുള്ള ഗ്രൂപ്പുകൾ)ൽ വിതരണം ചെയ്യുക. ഇത് പ്രകാരം കാറ്റഗറി ഒന്നിലുള്ള അപേക്ഷകർക്ക് 24,503 സീറ്റുകളാണ് മാറ്റിവെക്കുക. കാറ്റഗറി ഒന്നിൽ 171 ഗ്രൂപ്പുകളാണ് ക്വാട്ടക്ക് യോഗ്യത നേടിയത്.
അപേക്ഷ തള്ളപ്പെട്ട മുഴുവൻ പേരും യോഗ്യത നേടിയാൽ പോലും നൂറ് സീറ്റുകൾ അനുവദിച്ചാൽ അത്രയും സീറ്റുകൾ കാറ്റഗറി ഒന്നിൽ ബാക്കിയാകും. എന്നാൽ ഇപ്പോൾ 75 സീറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതായത് 24,503 സീറ്റുകൾ അനുവദിക്കേണ്ടിടത്ത് 12,825 സീറ്റുകൾ മാത്രമാണ് കാറ്റഗറി ഒന്നിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പകുതിയോളം സീറ്റുകൾ കാറ്റഗറി ഒന്നിൽ തന്നെ ബാക്കിയുണ്ട്.

അതേസമയം, രണ്ടാം ഘട്ടത്തിൽ 100 വരെ ക്വാട്ട കാറ്റഗറി ഒന്നിലെ സ്വകാര്യ ഗ്രൂപ്പുകൾക്ക് ലഭിക്കുമെന്നാണ് സൂചന. അയോഗ്യരാക്കപ്പെട്ട ഗ്രൂപ്പുകൾ നൽകിയ അപ്പീൽ അപേക്ഷകൾ തീർപ്പാക്കിയ ശേഷം രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ക്വാട്ട അനുവദിച്ചേക്കും. കാറ്റഗറി രണ്ടി (രണ്ട് വർഷത്തെ ഹജ്ജ് പരിചയമോ അല്ലെങ്കിൽ മൂന്ന് വർഷത്തെ ഉംറ പരിചയമോ ഉള്ള സ്വകാര്യ ഗ്രൂപ്പുകൾ)ൽ 50 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കാറ്റഗറി രണ്ടിൽപ്പെട്ട ഗ്രൂപ്പുകൾക്ക് മൊത്തം ക്വാട്ടയുടെ 30 ശതമാനമാണ് വീതം വെക്കുക. അതായത് മൊത്തം ക്വാട്ടയായ 35,005ന്റെ 30 ശതമാനമായ 10,501 സീറ്റുകളാണ് ഈ ഗ്രൂപ്പുകൾക്ക് ലഭിക്കേണ്ടത്.

ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിന് കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് വിഭാഗങ്ങളിലായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരത്തേ സ്വകാര്യ ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 810 സ്വകാര്യ ഗ്രൂപ്പുകളാണ് അപേക്ഷ സമർപ്പിച്ചത്. കാറ്റഗറി ഒന്നിൽ 244ഉം രണ്ടിൽ 566ഉം.

ഇതിൽ നിന്ന് കാറ്റഗറി ഒന്നിൽ 171ഉം കാറ്റഗറി രണ്ടിൽ 340ഉം അപേക്ഷകൾ സ്വീകരിച്ചു. കേരളത്തിൽ നിന്ന് ഇത്തവണ നൂറോളം സ്വകാര്യ ഗ്രൂപ്പുകളാണ് ക്വാട്ട ലഭിക്കാൻ അപേക്ഷ സമർപ്പിച്ചത്. ഇതിൽ ഫസ്റ്റ് കാറ്റഗറിയിൽ 33ഉം സെക്കൻഡ് കാറ്റഗറിയിൽ 41ഉം അപേക്ഷകൾ സ്വീകരിച്ചു. 26 അപേക്ഷകൾ തള്ളി. ഇപ്രാവശ്യം ഇന്ത്യക്ക് 1,75,025 ആണ് സഊദി ഹജ്ജ് ക്വാട്ട അനുവദിച്ചിരിക്കുന്നത്. മൊത്തം ക്വാട്ടയുടെ 20 ശതമാനമാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ലഭിക്കുക. ഇതിൽ നിന്നാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് സീറ്റുകൾ വീതംവെക്കുന്നത്.



source https://www.sirajlive.com/hajj-quota-for-private-groups-announced.html

Post a Comment

أحدث أقدم