ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍; രണ്ട് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ കൂടി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം | കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ തീരവാസികള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കുന്നതിനുള്ള രണ്ട് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ കൂടി സജ്ജമായി. തിരുവനന്തപുരം മുട്ടത്തറയിലും ആലപ്പുഴ കുമാരപുരത്തും നിര്‍മിച്ച സൈക്ലോണ്‍ ഷെല്‍ട്ടറുകളുടെ ഉദ്ഘാടനം മുട്ടത്തറയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥിയായി.

ദുരന്ത മുന്നറിയിപ്പിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് 78 കോടി ചെലവില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകളിലായി 17 വിവിധോദ്ദേശ്യ സൈക്ലോണ്‍ അഭയ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് ലോകബേങ്കിന്റെയും ദേശീയ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്റെയും സഹായം ലഭിച്ചു. ഇതില്‍ 13 എണ്ണം നേരത്തേ നാടിനു സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമേയാണ് പുതുതായി രണ്ടെണ്ണം കൂടി ഇന്നലെ ഉദ്ഘാടനം ചെയ്തത്.

മൂന്നു നിലയുള്ള കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, പൊതു അടുക്കള എന്നിവയുമുണ്ട്. തീരപ്രദേശത്തു നിന്നു 10 കിലോമീറ്ററിനുള്ളില്‍ ഭൂമി കണ്ടെത്തിയാണ് ഇവ നിര്‍മിച്ചത്.

ഷെല്‍ട്ടറുകളുടെ പ്രവര്‍ത്തിന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളില്‍ സ്‌കൂള്‍ ക്ലാസ് മുറികള്‍, ഇന്‍ഡോര്‍ ഗെയിം പരിശീലന കേന്ദ്രങ്ങള്‍, വനിതകളുടെ ജിംനേഷ്യം, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവക്ക് ഇവ ഉപയോഗിക്കും. ഇക്കാര്യത്തില്‍ ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് കമ്മിറ്റിയാകും തീരുമാനമെടുക്കുക.

ഷെല്‍ട്ടറുകള്‍ വരുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി നാല് തരം എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനവും നടക്കുന്നു. ഷെല്‍ട്ടര്‍ മാനേജ്‌മെന്റ്, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, പ്രഥമശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെയാണ് നാല് സംഘങ്ങളെ പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ വകുപ്പ് എന്നിവരാണ് പരിശീലനം നല്‍കുന്നത്.

 



source https://www.sirajlive.com/disaster-relief-operations-two-more-cyclone-shelters-were-dedicated-to-the-nation.html

Post a Comment

أحدث أقدم