ഹയര്‍ സെക്കന്‍ഡറി പ്രതിസന്ധി: പുതിയ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കലാണ് പരിഹാരമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം | ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത പഠനത്തിന് അര്‍ഹത നേടിയ ഓരോ വിദ്യാര്‍ഥിക്കും തുടര്‍ പഠനത്തിന് സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. യാതൊരു അനുകൂല സമീപനവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

പ്രശ്‌നത്തിന്റെ ഗൗരവം ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

താനൂര്‍ ബോട്ടപകടത്തെ മനുഷ്യ നിര്‍മിത ദുരന്തം എന്ന് പറയാതിരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മത്സ്യ ബോട്ടാണ് ഇവിടെ യാത്രക്ക് ഉപയോഗിച്ചത്. അതിനു അനുമതി നല്‍കിയതിനു പിന്നില്‍ വലിയ ലോബിയുണ്ട്. വിഷയത്തില്‍ ലീഗിന്റെ പ്രതികരണത്തെ കുറിച്ച് ദുര്‍വ്യാഖ്യാനം വേണ്ട. ലീഗില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടി ശക്തമായ നേതൃത്വത്തിന് കീഴില്‍ ഒന്നായാണ് മുന്നോട്ട് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 



source https://www.sirajlive.com/higher-secondary-crisis-kunhalikutty-says-the-solution-is-to-allow-new-batches-and-courses.html

Post a Comment

أحدث أقدم