ബുദാപെസ്റ്റ് | ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണത്തിളക്കത്തോടെ മടങ്ങി നീരജ് ചോപ്രയും ഇന്ത്യയും. പുരുഷ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ബുദാപെസ്റ്റിലെ നിശയില്‍ ആകാശത്ത് സുവര്‍ണ നക്ഷത്രമായി. ഒരേയൊരു സ്വര്‍ണ മെഡലോടെ 18ാം സ്ഥാനവുമായാണ് ഇന്ത്യയുടെ മടക്കം.
2003ല്‍ പാരീസ് വേദിയായ മീറ്റില്‍ വനിതാ ലോംഗ് ജമ്പില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജിന്റെ വെങ്കല മെഡലിനും കഴിഞ്ഞ വര്‍ഷം യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജിന്റെ വെള്ളി മെഡലിനും ശേഷം ലോക അത്്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ കൂടിയാണ് നീരജിന്റെ സ്വര്‍ണം.
സമ്മാനത്തുക
നീരജ് ചോപ്രക്ക് സമ്മാനത്തുകയായി 70,000 ഡോളറാണ് ലഭിക്കുക. ഏകദേശം 58 ലക്ഷം രൂപ. വെള്ളി മെഡല്‍ നേടിയ പാക്കിസ്ഥാന്റെ നദീം അര്‍ഷദിന് 35,000 ഡോളര്‍ ലഭിക്കും. 29 ലക്ഷം രൂപ വരുമിത്. വെങ്കല മെഡല്‍ നേടിയ ചെക് റിപബ്ലികിന്റെ ജേകബ് വാദ്ലെജിന് 22,000 ഡോളറും (18 ലക്ഷം രൂപ) ലഭിക്കും.
മെഡല്‍ നേട്ടം
സ്വര്‍ണം
2023 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്-
2022 ഡയമണ്ട് ലീഗ്
2020 ടോക്യോ ഒളിമ്പിക്സ്
2018 ഏഷ്യന്‍ ഗെയിംസ്
2018 കോമണ്‍വെല്‍ത്ത് ഗെയിംസ്
2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്
2016 സൗത്ത് ഏഷ്യന്‍ ഗെയിംസ്
2016 വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
വെള്ളി
2022 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്- വെള്ളി
2016 ഏഷ്യന്‍ ജൂനിയര്‍ ചാന്പ്യന്‍ഷിപ്പ്-
അതേസമയം, 4ഃ400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തതും ഇന്ത്യയുടെ കരുത്ത് വെളിപ്പെടുത്തുന്നതായി. 2.59.92 മിനുട്ടിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് ഇന്ത്യ എത്തിയത്. ഇതാദ്യമായായിരുന്നു പുരുഷ റിലേയില്‍ ഇന്ത്യ ഫൈനലിനും യോഗ്യത നേടിയത്. മുഹമ്മദ് അനസ് യഹ്യ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള രാജേഷ് രമേശുമാണ് ട്രാക്കിലിറങ്ങിയത്.
അമരത്ത് അമേരിക്ക
12 സ്വര്‍ണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 29 മെഡലുകള്‍ നേടിയ അമേരിക്കയാണ് ഒന്നാമതെത്തിയത്. നാല് സ്വര്‍ണവും രണ്ട് വെള്ളിയുമായി കാനഡ രണ്ടാമതും നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ സ്പെയിന്‍ മൂന്നാം സ്ഥാനത്തുമെത്തി. ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയ ജപ്പാനാണ് ഏഷ്യയില്‍ നിന്ന് മുന്നിലെത്തിയ രാജ്യം. ഒരു സ്വര്‍ണവുമായി ഇന്ത്യക്കൊപ്പം ബഹ്റൈനും പതിനെട്ടാം സ്ഥാനം പങ്കിട്ടു.
റെക്കോര്‍ഡോടെ പാരീസ് കടമ്പ കടന്ന് പരുള്‍
ന്യൂഡല്‍ഹി വനിതകളുടെ 30,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഒളിമ്പിക്സ് യോഗ്യത നേടി ഇന്ത്യയുടെ പരുള്‍ ചൗധരി. ബുദാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യത പരുള്‍ നേടിയത്.
2016 റിയോ ഒളിമ്പിക്‌സിലെ ലളിതാ ബാബറിന്റെ 9.19.76 മിനുട്ട് റെക്കോര്‍ഡാണ് പരുള്‍ മറികടന്നത്. 9.15.31 മിനുട്ടിലാണ് ഓടിയെത്തിയത്. 9.23.00 മിനുട്ടാണ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ സമയം.
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ മീററ്റിനടുത്ത ഇഖ്ലൗത്ത ഗ്രാമത്തില്‍ സാധാരണ കര്‍ഷക കുടുംബത്തിലാണ് പരുളിന്റെ ജനനം. 2016ല്‍ ദേശീയ ക്യാമ്പിന്റെ ഭാഗമായെങ്കിലും 5,000 മീറ്ററില്‍ ദേശീയ ചാമ്പ്യനാകാന്‍ പിന്നെയും മൂന്ന് വര്‍ഷമെടുത്തു. 2019ല്‍ തന്റെ 24ാം വയസ്സിലാണ് പരുള്‍ ചൗധരി സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ ചാമ്പ്യനാകുന്നത്.
അമേരിക്കന്‍ പരിശീലകന്‍ നിക് സിമ്മന്‍സിന് കീഴിലാണ് പരിശീലനം നടത്തുന്നത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സ്വര്‍ണം നേടിയിരുന്നു.
source https://www.sirajlive.com/kanaka-javalanam-neeraj.html
Post a Comment