ഇന്ന് തൊടും; ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വൈകിട്ട് 6.04ന്

ഹൈദരാബാദ് | ഇതുവരെ പിഴവുകളൊന്നുമില്ല. കഴിഞ്ഞ മാസം 14ന് ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ സ്വപ്നയാത്ര ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ‘ദൗത്യം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയാണ്. സംവിധാനങ്ങള്‍ പതിവ് പരിശോധനക്ക് വിധേയമാണ്. സുഗമമായ യാത്ര തുടരുന്നു. മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സ് (എം ഒ എക്‌സ്) ഊര്‍ജവും ആവേശവും കൊണ്ട് അലയടിക്കുകയാണ്’- പേടകത്തിന്റെ മുന്നേറ്റത്തെ കുറിച്ച് ഐ എസ് ആര്‍ ഒ ട്വീറ്റ് ചെയ്തു.

സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമായാല്‍ അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന എന്നിവക്ക് ശേഷം ചന്ദ്രനില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചന്ദ്രനെ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യമാണിത്. ആദ്യ ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ഉപേക്ഷിക്കുകയും രണ്ടാം ദൗത്യം (ചന്ദ്രയാന്‍ 2) ലാന്‍ഡിംഗ് ഘട്ടത്തില്‍ പരാജയപ്പെടുകയുമായിരുന്നു.

20 മിനുട്ട് ഭീകരത
ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്പ് നിര്‍ണായകമായ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രാരംഭ തയ്യാറെടുപ്പ്, വേഗം കുറക്കല്‍, ഓറിയന്റേഷന്‍ ഷിഫ്റ്റ്, ആറ്റിറ്റിയൂഡ് ഹോള്‍ഡ് ഫേസ്, ഫൈന്‍ ബ്രേക്കിംഗ്, ഫൈനല്‍ ഡിസെന്റ്, ടച്ച്ഡൗണ്‍ എന്നിവയാണ് വിവിധ ഘട്ടങ്ങള്‍. നിര്‍ണായകമായ ’20 മിനുട്ട് ഭീകരത’ എന്നാണ് ലാന്‍ഡിംഗ് ദിവസത്തെ അവസാന നിമിഷങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

ബെംഗളൂരുവില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങും. ഈ ‘ശക്തമായ ഇറക്കത്തില്‍’, ലാന്‍ഡര്‍ സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗത്തിലാണ് ചന്ദ്രനിലേക്ക് കുതിക്കുക. ഇത് ഏകദേശം മണിക്കൂറില്‍ 6,048 കിലോമീറ്ററിന് തുല്യമാണ്. (വിമാന വേഗത്തിന്റെ പത്തിരട്ടി വരുമിത്).
പിന്നീട് വിക്രം ലാന്‍ഡര്‍ അതിന്റെ എന്‍ജിനുകള്‍ ഉപയോഗിച്ച് വേഗം കുറക്കുകയും ചന്ദ്രോപരിതലത്തിന് ഏതാണ്ട് തിരശ്ചീനമായി നിലകൊള്ളുകയും ചെയ്യും. ‘റഫ് ബ്രേക്കിംഗ്’ എന്നറിയപ്പെടുന്ന ഈ ഘട്ടം ഏകദേശം 11 മിനുട്ട് നീളും.

സൂക്ഷ്മമായ നീക്കങ്ങളിലൂടെ, വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലവുമായി ലംബമായി വിന്യസിക്കുന്ന ‘ഫൈന്‍ ബ്രേക്കിംഗ് ഘട്ട’മാണ് അടുത്തത്. ചന്ദ്രയാന്‍- 2ന്റെ അവസാന ബ്രേക്കിംഗ് ഘട്ടത്തില്‍, വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണുവെന്നതാണ് ആശങ്ക.

ചന്ദ്രോപരിതലത്തില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്രം ലാന്‍ഡറിന്റെ തിരശ്ചീനവും ലംബവുമായ വേഗം നിലക്കുന്നു. ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിന് മുകളിലൂടെ സഞ്ചരിച്ച് ഇറങ്ങാനുള്ള മേഖല നിരീക്ഷിക്കും.

സസൂക്ഷ്മം കാല്‍വെപ്പ്
ഇറക്കം തുടരുന്നതിനിടയില്‍ വിക്രം ലാന്‍ഡര്‍ 150 മീറ്റര്‍ ഉയരത്തില്‍ നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തും. അപകട സാധ്യത കണ്ടെത്തുന്നതിനും ‘ഒപ്റ്റിമല്‍ ലാന്‍ഡിംഗ് സ്‌പോട്ട്’ തിരിച്ചറിയുന്നതിനും വേണ്ടിയാണിത്.

എല്ലാം സുരക്ഷിതമെങ്കില്‍, രണ്ട് എന്‍ജിനുകള്‍ മാത്രം ഉപയോഗിച്ച് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. സെക്കന്‍ഡില്‍ മൂന്ന് മീറ്റര്‍ വരെ (മണിക്കൂറില്‍ ഏകദേശം 10.8 കിലോമീറ്റര്‍) വരെ ആഘാതം താങ്ങാന്‍ ശേഷിയുള്ള തരത്തിലാണ് ലാന്‍ഡറിന്റെ കാലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ലെഗ് സെന്‍സറുകള്‍ ചന്ദ്രോപരിതലവുമായുള്ള സമ്പര്‍ക്കം കണ്ടെത്തിക്കഴിഞ്ഞാല്‍, എന്‍ജിനുകള്‍ നിര്‍ത്തുകയും ’20 മിനുട്ട് ഭീകരത’യുടെ പിരിമുറുക്കം അവസാനിപ്പിക്കുകയും ചെയ്യും.

ലാന്‍ഡിംഗിനിടെ ഉയരുന്ന ചാന്ദ്രധൂളികള്‍ (റെഗോലിത്ത്) അമരുന്നതോടെ ലാന്‍ഡറിന്റെ റാംപ് തുറക്കുകയും ത്രിവര്‍ണ പതാകയും ഐ എസ് ആര്‍ ഒ മുദ്രയും പതിച്ച പ്രഗ്യാന്‍ റോവര്‍ സുഗമമായി ഇറങ്ങുകയും ചെയ്യും.

വിജയകരമായ ലാന്‍ഡിംഗിന് ശേഷം, സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ പിടിച്ചെടുക്കുന്ന ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണത്തിനായി പ്രഗ്യാന്‍ റോവര്‍ സജ്ജമാകും.

തത്സമയം
ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് ഐ എസ് ആർ ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (https://www.isro.gov.in) സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും ടെലിവിഷനിലും തത്സമയം സംപ്രേഷണം ചെയ്യും. ഇത് വൈകുന്നേരം 5.27ന് ആരംഭിക്കും. ഡി ഡി നാഷനൽ ചാനലിലും ഇന്റർനെറ്റ് കണക്‌ഷനുള്ള സ്‌മാർട്ട്‌ ഫോണുകളിലും കമ്പ്യൂട്ടറിലും തത്സമയ ദൃശ്യങ്ങൾ ലഭ്യമാകും.

 

 



source https://www.sirajlive.com/today-will-touch-soft-landing-of-chandrayaan-3-at-6-04-pm.html

Post a Comment

أحدث أقدم