69-ാമത് നെഹ്‌റു ട്രോഫി വള്ളം കളി മത്സരം ഇന്ന്

ആലപ്പുഴ | ആവേശത്തിരയിളക്കി 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളി മത്സരം ഇന്ന്. പുന്നമട കായലില്‍ രാവിലെ 11 മണിയോടെ മത്സരം ആരംഭിക്കും. ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മത്സരിക്കുന്നത്.

ഉച്ചക്ക് രണ്ട് മണിയോടെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമാമാങ്കം ഉദ്ഘാടനം ചെയ്യും.
അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവരും പങ്കെടുക്കും. ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ സംബന്ധിക്കും.

മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ കാട്ടില്‍ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടന്‍ വള്ളങ്ങളാണ് അങ്കത്തിനൊരുങ്ങുന്നത്.
വെപ്പ് , ചുരുളന്‍ , ഇരുട്ട്കുത്തി, തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 72 കളിവള്ളങ്ങള്‍ ഓളപ്പരപ്പില്‍ ആവേശം പടര്‍ത്തും.
ചുരുളന്‍ – മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ് -നാല്, തെക്കനോടി തറ -മൂന്ന്, തെക്കനോടി കെട്ട് – നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

ഒരു മാസത്തെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും പോരിനിറങ്ങുന്നത്.
ആദ്യം ചെറു വള്ളങ്ങളുടെ ഹീറ്റ്‌സാണ്. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമായിരിക്കും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക.

ആദ്യ നാലു ഹീറ്റ്സില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക. വൈകിട്ട് നാലു മണി മുതലാണ് ഫൈനല്‍. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ വള്ളം കളികാണാന്‍ ഭിന്നശേഷിക്കാരായ 50 പേര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് ഹോം, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്ക് വള്ളം കളികാണാന്‍ അവസരം ഒരുക്കുന്നുണ്ട്.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈ എസ് പിമാര്‍, 50 ഇന്‍സ്‌പെക്ടര്‍മാര്‍, 465 എസ് ഐമാര്‍ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് ഡ്യൂട്ടിക്കായി വിന്യസിക്കും.
കരയിലെ പോലെ പുന്നമട കായലിലും സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. വള്ളംകളിയോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി പുന്നമട ഭാഗം പൂര്‍ണമായും സി സി ടി വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും.

വിദേശികളടക്കമുള്ള മൂന്ന് ലക്ഷം കാണികള്‍ മത്സരം കാണെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



source https://www.sirajlive.com/69th-nehru-trophy-boat-race-today.html

Post a Comment

Previous Post Next Post