ഒരൊറ്റ തവണ 7,236 വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ പഠിക്കുന്നതിനുള്ള വിസ നേടിയാണ് കഴിഞ്ഞയാഴ്ച ഒരു സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സി ഏറ്റവുമധികം കുട്ടികളെ വിദേശത്തേക്ക് പഠിക്കാന്‍ അയച്ചതിന്റെ ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്. കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് ഒഴുകുന്ന വാര്‍ത്തകളും, കേരളത്തിലെ കോളജുകളില്‍ ഡിഗ്രി-പി ജി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന വാര്‍ത്തകളും ഒരേസമയം മാറിമാറി വന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇതിനെപ്പറ്റി കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ട ആവശ്യകത നിലനില്‍ക്കുന്നു.
കുട്ടികള്‍ എത്തിപ്പെടുന്നത്?
വിദേശത്തേക്കുള്ള ഒരു വിഭാഗം വിദ്യാര്‍ഥികളുടെ ഒഴുക്ക് അവസാനിക്കുന്നത് ബ്രിട്ടനിലെ കേംബ്രിഡ്ജിലാണ്. അവിടെയെത്തുന്ന കുട്ടികളില്‍ ബഹുഭൂരിപക്ഷവും താമസിക്കാനോ ഭേദപ്പെട്ട ഒരു ജീവിതം നയിക്കാനോ ആകാതെ കഷ്ടപ്പെടുന്നുവെന്നത് വാസ്തവമാണ്. ലോണെടുത്തും വീട് പണയപ്പെടുത്തിയുമാണ് ഇവര്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കും പഠന സ്ഥാപനങ്ങള്‍ക്കുമൊക്കെ ഭീമമായ ഫീസ് നല്‍കുന്നത്. എന്നാല്‍ പല വിദേശ രാജ്യങ്ങളും പഠന സമയത്തേക്കുള്ള വിസ മാത്രമാണ് നല്‍കുന്നത്. അതിനുശേഷം വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ജോലിക്കുള്ള അവസരം ലഭിക്കുന്നത്. ബാക്കിയുള്ള വലിയൊരു ശതമാനം വിദ്യാര്‍ഥികളും നാട്ടിലേക്ക് തന്നെ തിരികെ പോരേണ്ട അവസ്ഥയുണ്ടാകുന്നു. പല കുട്ടികളും ‘കാരവന്‍ സൈറ്റ്’ എന്നറിയപ്പെടുന്ന നമ്മുടെ ചേരികളോട് സാമ്യമുള്ള ഇടങ്ങളിലാണ് വസിക്കുന്നതെന്ന് റിപോര്‍ട്ടുകളുണ്ട്. പഠനത്തോടൊപ്പം ജോലിയും ഓഫര്‍ ചെയ്താണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ കേംബ്രിഡ്ജിലെ അവസ്ഥ പരിശോധിച്ചാല്‍ അവിടെ കൂടിയത് 20 മണിക്കൂര്‍ മാത്രമാണ് അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നത്. അങ്ങനെ ജോലി ചെയ്ത് സമ്പാദിക്കുന്ന പണമാകട്ടെ, അവരുടെ വീടിന്റെ വാടകക്ക് പോലും തികയില്ല എന്നതാണ് വാസ്തവം. പല ബ്രിട്ടീഷ് സര്‍വകലാശാലകളും തുറന്നു സമ്മതിക്കുന്ന കാര്യം, അവരുടെ സര്‍വകലാശാലകള്‍ കുട്ടികളുടെ പഠനത്തിനു വേണ്ടി മാത്രം തുറന്നുവെച്ചിരിക്കുന്നവയാണെന്നാണ്. വന്ന് പഠിച്ചുപോകുന്നതിനപ്പുറം മറ്റൊന്നും അവര്‍ക്ക് തരാന്‍ കഴിയില്ല എന്നും അവര്‍ സമ്മതിക്കുന്നു. അപ്പോള്‍ നമ്മുടെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴില്‍ കൂടി വാഗ്ദാനം ചെയ്യുന്നതിന്റെ പൊരുള്‍ എന്താണ്? കൃത്യമായ ഒരു ഉറപ്പും നല്‍കാതെയാണ് കുട്ടികളെ വിദേശത്തേക്ക് പഠനത്തിനായി കയറ്റിയയക്കുന്നത്. അതിനപ്പുറം കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുറംലോകം പോലും അറിയുന്നില്ല എന്നതാണ് സത്യം.
അറിവധിഷ്ഠിത സമ്പദ്‌വ്യവസ്ഥ
വിദേശത്തേക്കുള്ള കുട്ടികളുടെ ഈ ഒഴുക്കിനെ നമുക്ക് ‘പലായനം’ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാനാകില്ല. എന്നാല്‍, ഇത്രയേറെ കുട്ടികള്‍ ഒരുമിച്ച് പോകുന്നത് ഏതാണ്ട് അതേ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രദേശത്തോ രാജ്യത്തോ പല കാരണങ്ങള്‍ കൊണ്ട് പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതുമൂലം അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റുള്ള രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവരുന്നു. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഇവിടെ പഠിക്കാനുള്ള അവസരം ഇല്ലാത്തതുകൊണ്ടല്ല, അവയൊക്കെ തൊഴിലുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രധാന കാരണം. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ സാധ്യത ഇല്ലായെന്ന ധാരണയാണ്, വിദേശത്തേക്ക് ചേക്കേറാനും അവിടെ പഠിച്ച് ഒരു നല്ല ജോലി സമ്പാദിക്കാനുമുള്ള ചിന്തയിലേക്ക് പുതുതലമുറയെ നയിക്കുന്നത്.
സര്‍ക്കാര്‍ കൃത്യമായി അഭിസംബോധന ചെയ്യേണ്ട വിഷയമാണിത് എന്ന കാര്യത്തില്‍ സംശയമില്ല. അറിവില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ എന്ന വലിയ ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ആ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും. എന്നാല്‍ ഇവിടെ നല്‍കുന്ന അറിവുകള്‍ നമ്മുടെ സമ്പദ്ഘടനക്ക് ഉതകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ആ കുട്ടികള്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ മേഖല ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ആ ലക്ഷ്യം ഇന്നും അകലെയായി അവശേഷിക്കുകയാണ്. കൂടാതെ ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കൂടി വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണല്ലോ സര്‍ക്കാര്‍. നല്ലതുതന്നെ, കൂടുതല്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അത് സഹായകമായേക്കാം. പക്ഷേ, അപ്പോഴും തൊഴില്‍ മേഖലകളിലെ അപര്യാപ്തത അറിവിലധിഷ്ഠിതമായ സമ്പദ്‌ഘടനയിലേക്കുള്ള ലക്ഷ്യത്തെ പിന്നോട്ടടുപ്പിച്ചുകൊണ്ടേയിരിക്കും.
കുട്ടികളുടെ ചിന്താഗതികള്‍
ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ഏതൊരു കുട്ടിയോടും ചോദിച്ചാല്‍ പഠിച്ച് നാട്ടില്‍ ഒരു ജോലി ചെയ്യുക എന്നതിനേക്കാള്‍ വിദേശത്തേക്ക് പോകുക എന്ന മറുപടി ലഭിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുമ്പും പേര്‍ഷ്യയും ഗള്‍ഫും അമേരിക്കയും കാനഡയും മലയാളികളുടെ ഇഷ്ട ഇടങ്ങള്‍ തന്നെ ആയിരുന്നു. മുമ്പ് അത് കൂടുതലും തൊഴിലിനു വേണ്ടി ആയിരുന്നെങ്കില്‍ ഇന്നത് ഉപരിപഠനത്തിനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. ഇങ്ങനെയൊരു ചിന്താഗതി, വിദേശ നാടുകളില്‍ ജീവിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളും സുഖലോലുപതകളും കണ്ടും കേട്ടറിഞ്ഞും അവരില്‍ ഉണ്ടായിരിക്കുന്ന മതിപ്പിന്റെ ഉത്പന്നമാണ്. അത് മാറ്റുകയെന്നത് ബുദ്ധിമുട്ടുമാണ്. എന്നാല്‍ വിദേശത്തേക്ക് പോകുന്ന കുട്ടികള്‍ പിന്നീട് എത്ര ശതമാനം പേര്‍ അവിടെ തൊഴിലെടുക്കുന്നുവെന്നും, അവര്‍ പഠിക്കാനായി എടുത്ത ലോണ്‍ കൃത്യമായി അടയ്ക്കാനുള്ള തൊഴില്‍ നേടിയിട്ടുണ്ടോയെന്നുമുള്ള ശരിയായ പഠനങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ നൂറ് ശതമാനം കുട്ടികളും ആ രംഗത്ത് വിജയിക്കുന്നുണ്ട് എന്ന ധാരണയാണ് പൊതുവെയുള്ളത്. വരും വര്‍ഷങ്ങളില്‍ ബേങ്കുകള്‍ നീണ്ട റിക്കവറി നടപടിക്രമങ്ങളിലേക്ക് പോകുന്നു എന്ന ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ചില റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ കുട്ടികള്‍ വിദേശ പഠനത്തിനുള്ള അവസരങ്ങള്‍ നേടുമ്പോഴും അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്ന വസ്തുതയാണ്.
നാട് പോരാ എന്നുണ്ടോ?
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ എന്നതിനപ്പുറം തൊഴില്‍ മേഖല ഉറപ്പാക്കുക എന്നതാണ് വിദേശത്തേക്ക് പഠനത്തിനായി പോകുന്നവരുടെ പ്രധാന ലക്ഷ്യം എന്ന് പറഞ്ഞല്ലോ. എന്നാല്‍ മികച്ച വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ തന്നെ ലഭിക്കുമ്പോള്‍ പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. വിദേശങ്ങളില്‍ തൊഴില്‍ സാധ്യത ഏറെയുണ്ട് എന്നതും നമ്മുടെ നാട്ടിലെ മിടുക്കരായ വിദ്യാര്‍ഥികളെ തൊഴിലിടങ്ങളിലേക്ക് കിട്ടുകയെന്നതും അവരെ സംബന്ധിച്ച് ഗുണകരമായ കാര്യമാണ്. പഠന നിലവാരം നമ്മുടെ നാട്ടില്‍ മെച്ചപ്പെടുന്നുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്. ആഗോളതലത്തില്‍ ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ തൊഴില്‍ സാധ്യത മാത്രം മുന്നില്‍ കണ്ടുകൊണ്ട് വിദേശത്തേക്ക് ഒഴുക്ക് ശക്തമാകുമ്പോള്‍ അത് എത്രനാള്‍ ഉണ്ടാകും എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇപ്പോള്‍ത്തന്നെ യു കെ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ ഏതാണ്ട് ഭാഗികമായി തീര്‍ന്നുകഴിഞ്ഞു. നാടിന്റെ പഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ചെയ്യാനാകുന്നത്. വിദേശത്തെ പഠനം കൊണ്ട് മാത്രം അവിടെ തൊഴില്‍ നേടാം എന്ന ധാരണ ശരിയല്ല. ഇവിടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതു വഴി നാളെ നാട്ടിലും വിദേശത്തും തൊഴില്‍ മേഖല തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.
ഒഴുക്ക് തടയേണ്ടത് സര്‍ക്കാര്‍
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തന്നെയാണ് കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്കിന് തടയിട്ടുകൊണ്ട് അവരുടെ കഴിവുകള്‍ രാജ്യത്തിന് പ്രയോജനകരമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടത്. അതിന് ഇവിടെയുള്ള പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടണം. തൊഴില്‍ മേഖലകള്‍ ശക്തമാക്കണം. വിദേശത്തേക്ക് പഠിക്കാന്‍ പോയാലേ ജീവിതം കൂടുതല്‍ സുഖകരമാകൂ എന്ന ചിന്തക്ക് തടയിടാന്‍ നാം നമ്മുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരണം. മുമ്പ് സൂചിപ്പിച്ചതുപോലെ പോകുന്ന കുട്ടികളില്‍ ഏറെപ്പേരും വലിയ മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. പുറത്തു പറയുന്നില്ല എന്ന് മാത്രം. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തൊഴില്‍ മേഖല സമ്പുഷ്ടമാക്കുകയും ചെയ്യുക വഴി കുട്ടികളുടെയും യുവാക്കളുടെയും വലിയൊരു ശതമാനം പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.
source https://www.sirajlive.com/brains-worth-their-weight-in-gold-cross-the-ocean.html
Post a Comment