ഇന്ന് അത്തം;ഓണത്തിന്റെ ആഹ്‌ളാദത്തില്‍ മലയാളി

കോഴിക്കോട് | മലയാളികളുടെ മനസ്സില്‍ സമത്വത്തെക്കുറിച്ചുള്ള വര്‍ണപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് ഇന്ന് അത്തം. ഇനി പത്തുനാള്‍ കേരളംഓണത്തിന്റെ നിറവില്‍.

മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം ഓണത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ വിരിയുകയായി. മാനുഷരെല്ലാരുമൊന്നുപോലെ വാണ നല്ല നാളിന്റെ ഓര്‍മയിലാണ് എങ്ങും ഓണ നിലാവില്‍ കുളിക്കുന്നത്.

ഓണാഘോഷത്തിനായി വിപണികളും ഒരുങ്ങി. കാണം വിറ്റും ഓണമുണ്ണുകയെന്ന പഴമയുടെ ചൊല്ല് ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാം.

ഇന്നു മുതല്‍മലയാളികള്‍ വീട്ടുമുറ്റത്തു പൂക്കളമൊരുക്കി മാവേലി മന്നനെ വരവേല്‍ക്കുന്നു.

ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. രാവിലെ പത്തുമണിക്ക് ബോയ്സ് മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും.
‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും.
തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം.
1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി. ഇത് പിന്നീട് 1961-ല്‍ കേരള സര്‍ക്കാര്‍ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.

ചിത്രം: കടപ്പാട്‌

 



source https://www.sirajlive.com/malayalam-in-the-joy-of-onam-today.html

Post a Comment

أحدث أقدم