സപ്ലൈകോ ഓണം ഫെയറിന് ഇന്ന് തുടക്കം; ജില്ലാ ഫെയറുകളില്‍ വിലക്കുറവും കോംബോ ഓഫറുകളും

കൊച്ചി | സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ രീതിയിലും, വിപണിയിലെ കടുത്ത മത്സരം നേരിടത്തക്ക വിധത്തിലുമാണ് സപ്ലൈകോ ജില്ലാതല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഓണം ഫെയറിലും സപ്ലൈകോയുടെ വില്‍പ്പനശാലകളിലും സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതിന് പുറമെ, ആഗസ്റ്റ് 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ ഓഫറുകള്‍ ഉണ്ടായിരിക്കും. നിലവില്‍ സപ്ലൈകോ നല്‍കുന്ന വിലക്കുറവിനെക്കാള്‍, വിവിധ ഉത്്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ എഫ് എം സി ജി ഉത്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും. ജില്ലാ ഫെയറുകളില്‍ സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ രണ്ട്് ലിറ്ററിന് ഒരു ലിറ്റര്‍ സൗജന്യം, ശബരി ആട്ട രണ്ട് കിലോ വാങ്ങുമ്പോള്‍ ഒരു കിലോ സൗജന്യം എന്നീ ഓഫറുകള്‍ക്ക് പുറമെ തിരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ വിലക്കുറവുണ്ട്.

തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ നാളെയാണ് ഫെയറുകള്‍ ആരംഭിക്കുക. എയര്‍കണ്ടീഷന്‍ സൗകര്യത്തോടെ, ജര്‍മന്‍ ഹാങ്ങര്‍ ഉപയോഗിച്ചുള്ള സ്റ്റാളുകളാണ് ഓണം ഫെയറിനായി സപ്ലൈകോ ഓരോ ജില്ലയിലും ഒരുക്കിയിരിക്കുന്നത്. ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ഇന്റീരിയര്‍ സൗകര്യങ്ങളും, വില്‍പ്പനാ രീതിയും സപ്ലൈകോ നടത്തുന്ന ഈ വര്‍ഷത്തെ ജില്ലാ ഓണം ഫെയറുകളില്‍ ഉണ്ടായിരിക്കും. മില്‍മ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഫെയറുകളില്‍ സ്റ്റാള്‍ ഇടാനുള്ള സൗകര്യവും നല്‍കും. സപ്ലൈകോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികള്‍ക്ക് പരസ്യത്തിനും പ്രമോഷനും ഓണം ഫെയറില്‍ അവസരം നല്‍കിയിട്ടുണ്ട്. ജില്ലാ ഓണം ഫെയറിനു പുറമെ 23 മുതല്‍ 28 വരെ താലൂക്ക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഫെയറുകള്‍ രാത്രി ഒമ്പത് വരെയാണ് പ്രവര്‍ത്തിക്കുക.

ശബരി റീബ്രാന്‍ഡിംഗ്
വിപണിയിലെ മത്സരത്തെ നേരിടാനുതകുന്ന വിധത്തില്‍ സപ്ലൈകോയെ കൂടുതല്‍ പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉത്പന്നങ്ങളുടെ റീബ്രാന്‍ഡിംഗും ഓണം ഫെയറിനോടനുബന്ധിച്ച് നടക്കും. പുതുതായി അഞ്ച് ശബരി ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ശബരി ബ്രാന്‍ഡില്‍ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടക്കുന്ന സംസ്ഥാനതല ഓണം ഫെയര്‍ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി റീബ്രാന്‍ഡ് ചെയ്ത ശബരി ഉത്പന്നങ്ങളെയും പുതിയ ശബരി ഉത്പന്നങ്ങളെയും പരിചയപ്പെടുത്തും.

 



source https://www.sirajlive.com/supplyco-onam-fair-begins-today-discounts-and-combo-offers-at-district-fairs.html

Post a Comment

أحدث أقدم