ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ ശിപാര്‍ശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും (അപ്പോയിന്റ്‌മെന്റ് വ്യവസ്ഥകളും സേവന കാലാവധിയും) എന്ന പേരിലുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള നിലവിലെ സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. പ്രധാനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍.
ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി ശിപാര്‍ശ ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരായിരിക്കും സമിതി അംഗങ്ങള്‍. ഈ സമിതി ശിപാര്‍ശ ചെയ്യുന്ന വ്യക്തിക്ക് രാഷ്ട്രപതി നിയമനം നല്‍കും. കേന്ദ്ര സര്‍ക്കാറില്‍ സെക്രട്ടറിക്ക് തുല്യമായ പദവി വഹിക്കുന്ന വ്യക്തിയായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് പരിഗണിക്കുക. ഇവര്‍ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിലും നടത്തിപ്പിലും അറിവും പരിചയവുമുള്ള സത്യസന്ധരായ വ്യക്തികളായിരിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.
ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനും സെക്രട്ടറി റാങ്കില്‍ കുറയാത്ത രണ്ട് അംഗങ്ങളുമുള്ള ഒരു സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അറിവും അനുഭവപരിചയവുമുള്ള, അഞ്ച് അംഗങ്ങളുടെ ഒരു പാനല്‍ തയ്യാറാക്കും. ഇത് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിക്ക് അയക്കുമെന്നും ബില്ലില്‍ പറയുന്നു. കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന സമിതിയില്‍ കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷമാകും. ഇതോടെ താത്പര്യമുള്ള വ്യക്തികളെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവികളിലേക്ക് കേന്ദ്രത്തിന് കൊണ്ടുവരാന്‍ കഴിയും.
പ്രധാനമന്ത്രി നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി നിയമനം നടത്തിയിരുന്ന രീതി നിര്‍ത്തലാക്കി തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമനത്തിനായി പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പുതിയ പാനല്‍ രൂപത്കരിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് മറികടക്കുന്നതാണ് പുതിയ ബില്‍.
source https://www.sirajlive.com/election-commissioner-chief-justice-will-be-removed-from-the-committee.html
Post a Comment