തിരുവനന്തപുരം | കേരളം ഇന്ത്യക്ക് പല പ്രവര്‍ത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നന്നായി പോകുന്ന പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനം, ഏകോപനം എന്നിവ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.
അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഏറ്റവും കുറവുള്ള പാസ്‌പോര്‍ട്ട് ഓഫീസുകള്‍ കേരളത്തിലാണെന്ന് ഔസഫ് സയിദ് പറഞ്ഞു. ഇവിടുത്തെ പോലീസ് സംവിധാനവും പാസ്‌പോര്‍ട്ട് ഓഫീസുകളും തമ്മില്‍ നല്ല സഹകരണമുണ്ട്. കേരളത്തിലെ ഔദ്യോഗിക ഏജന്‍സികള്‍ വഴി വിദേശത്തേക്ക് പോകുന്നവര്‍ ചൂഷണം നേരിടുന്നില്ല. കേരളത്തിന് നോര്‍ക്ക, ഒഡെപെക് തുടങ്ങിയ ഏജന്‍സികള്‍ ഉള്ളതുകൊണ്ട് ചൂഷണം തടയാനാവുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അത്തരത്തിലുള്ള ഏജന്‍സികള്‍ ഇല്ല.
എന്നാല്‍, സ്വകാര്യ കമ്പനികള്‍ വഴി പോകുന്നവര്‍ ഇന്ന് പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സ്വകാര്യ മേഖലയിലുള്ള ചൂഷണം തടയാന്‍ രണ്ട് സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഔസഫ് സയിദ് പറഞ്ഞു. കേരളത്തിലെ നോര്‍ക്ക റൂട്ട്‌സ് മാതൃകയാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. പുതുമയുള്ള ജനാധിപത്യ സ്ഥാപനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ നൂതനമായി കേരളം തുടങ്ങിയ സംവിധാനമാണിതെന്ന് ഔസഫ് സയിദ് അഭിപ്രായപ്പെടുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ഔസഫ് സയ്യിദ്. ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ്, പാസ്‌പോര്‍ട്ട്, വിസ എന്നീ കാര്യങ്ങള്‍ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ടി ആംസ്‌ട്രോംഗ്, കേരളത്തിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എന്നിവരും പങ്കെടുത്തു.
ചീഫ് സെക്രട്ടറി ഡോ. വി വേണു, ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാറിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക സി ഇ ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
source https://www.sirajlive.com/kerala-is-a-role-model-for-india-in-many-activities-foreign-secretary-ausaf-syed.html
Post a Comment