ആരോഗ്യ വകുപ്പിന്റെ എ എം ആര്‍ പദ്ധതി

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി വകുപ്പുകളെ സംയോജിപ്പിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. സമൂഹത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെ കുറിച്ചും അണുബാധാ നിയന്ത്രണ രീതികളെ കുറിച്ചും ബോധവത്കരണം, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വിലയിരുത്തുന്നതിനും കുറക്കുന്നതിനുമായി ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഓഡിറ്റ് ചെയ്യുക, അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രമേ ആന്റിബയോട്ടിക് നല്‍കുകയുള്ളൂ എന്ന ബോര്‍ഡ് എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ പ്രധാന ഇനങ്ങള്‍.

ലോകം നേരിടുന്ന ഗുരുതര പ്രശ്നമാണ് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെയും അമിത തോതിലും ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വ്യാപകമാണ്. മനുഷ്യരിലും മൃഗങ്ങളിലും അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയകളെ നശിപ്പിക്കുകയോ വളര്‍ച്ചയെ തടയുകയോ ചെയ്യുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. തികച്ചും നിയന്ത്രിതവും ശ്രദ്ധാപൂര്‍വവുമായിരിക്കണം ഇതിന്റെ ഉപയോഗം. അഥവാ അംഗീകൃത ഡോക്ടറുടെ നിര്‍ദേശാനുസാരം അദ്ദേഹം നിര്‍ദേശിക്കുന്ന അളവിലായിരിക്കണം.

എല്ലാ അണുബാധകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല. ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്ന നേരിയ പനി, ജലദോഷം, ചുമ എന്നിവ തനിയെ സുഖപ്പെടും. ചെറിയ വയറിളക്കം, വയറുവേദന എന്നിവക്കും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.

ഇന്ന് പക്ഷേ നിസ്സാര രോഗങ്ങള്‍ക്കു പോലും ഡോക്ടറുടെ നിര്‍ദേശമോ കുറിപ്പോ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്നവരാണ് പലരും. കഴിഞ്ഞ മാസം സംസ്ഥാനത്ത് വൈറല്‍ പനി പടര്‍ന്നു പിടിച്ചപ്പോള്‍ ആന്റിബയോട്ടിക്കുകളുടെ വില്‍പ്പന കുത്തനെ ഉയരുകയും ഇതിനെതിരെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെയും നവജാത ശിശുവിന്റെയും വളര്‍ച്ചയെയും അവയവ രൂപവത്കരണത്തെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന മാതാക്കളും വിശേഷിച്ചും ആന്റിബയോട്ടിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്.

അമിതോപയോഗം രോഗാണുക്കളുടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്, അഥവാ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധ ശക്തിയാര്‍ജിക്കാന്‍ ഇടയാക്കും. അനേകം രോഗാണുക്കള്‍ ഇതിനകം ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കരുത്താര്‍ജിച്ചിട്ടുണ്ട്. ഇതുമൂലം പല രോഗങ്ങള്‍ക്കും മുമ്പ് ഉപയോഗിച്ചിരുന്ന മരുന്നും അതിന്റെ അളവും മതിയാകാതെ വന്നു. ടൈഫോയ്ഡ്, പനി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവക്ക് മുമ്പ് ഉപയോഗിച്ച അതേ ആന്റിബയോട്ടിക് അതേ രോഗത്തെ ചികിത്സിക്കാന്‍ പിന്നീട് ഫലപ്രദമാകുന്നില്ല. ക്ഷയം പോലുള്ള രോഗങ്ങള്‍ക്ക് ആറ് മാസത്തേക്ക് 3-4 മരുന്നുകള്‍ മാത്രമേ നേരത്തേ ആവശ്യമായിരുന്നുള്ളൂ. ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം മൂലം ഇപ്പോള്‍ 9-11 മരുന്നുകള്‍ ആവശ്യമായി വരുന്നുണ്ട്. മരുന്നുകളേല്‍ക്കാത്ത രോഗാണുക്കളുടെ ആവിര്‍ഭാവം ചികിത്സയുടെ കാലയളവ് കൂട്ടാനും കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കഴിയാനും ഇടയാക്കും. സ്വാഭാവികമായും ചികിത്സാ ചെലവും ഉയരുന്നു.

ആന്റിബയോട്ടിക്കിനെതിരെ രോഗാണു പ്രതിരോധ ശക്തിയാര്‍ജിച്ചാല്‍ കൂടുതല്‍ ശക്തിയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയോ അണുക്കള്‍ക്കെതിരെ വിവിധ തരത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടോ അതില്‍ കൂടുതലോ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുകയോ ആണ് മാര്‍ഗം. ഭാവിയില്‍ നമ്മുടെ മക്കളും പേരമക്കളുമെല്ലാം ചെറിയൊരു അണുബാധക്ക് പോലും ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ കുറേകാലത്തേക്ക് കഴിക്കേണ്ട അവസ്ഥയുണ്ടായേക്കാമെന്നാണ് വിദഗ്ധ പക്ഷം.

ശരീരത്തിന് ഹാനികരമായ ബാക്ടീരിയകളെ കൊല്ലാന്‍ വികസിപ്പിച്ചെടുത്തതാണ് ആന്റിബയോട്ടിക്കുകളെങ്കിലും, അവ പലപ്പോഴും ഫംഗസ് അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന നല്ല ബാക്ടീരിയകളെക്കൂടി നശിപ്പിക്കാറുണ്ട്. ഇതുമൂലം വായ, തൊണ്ട, യോനി തുടങ്ങിയ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഫംഗസ് അണുബാധക്ക് കാരണമാകുന്നു. കുടലിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താനും ദഹന പ്രക്രിയയെ സഹായിക്കാനും പ്രതിരോധ ശേഷി ഉറപ്പ് വരുത്താനും സഹായിക്കുന്ന ബാക്ടീരിയയാണ് ഗട്ട് ഫ്ലോറ. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഗട്ട് ഫ്ലോറയുടെ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതലത്തില്‍ രോഗാവസ്ഥയുടെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ട് ആന്റിബയോട്ടിക് ദുരുപയോഗം. ജനങ്ങള്‍ക്കിടയില്‍ ആന്റിബയോട്ടിക് സാക്ഷരത വ്യാപകമാക്കാന്‍ ലോകാരോഗ്യ സംഘടന ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

ജനങ്ങളെ ബോധവത്കരിച്ചതു കൊണ്ട് മാത്രമായില്ല. മരുന്നു കമ്പനികളുടെ സമ്മാനങ്ങളിലും ആനുകൂല്യങ്ങളിലും ആകൃഷ്ടരായി നിസ്സാര രോഗങ്ങള്‍ക്ക് പോലും ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍മാരെയും നിയന്ത്രിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലാണ് എ എം ആറിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ കുറിപ്പടി ഓഡിറ്റിംഗിനുള്ള നിര്‍ദേശം മുന്‍വെച്ചത്. മൂന്ന് മാസത്തിലൊരിക്കല്‍ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വില്‍ക്കരുതെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെ കാറ്റില്‍ പറത്തുന്ന മെഡിക്കല്‍ സ്റ്റോറുകളെ നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളും അനിവാര്യമാണ്.

 



source https://www.sirajlive.com/amr-scheme-of-the-department-of-health.html

Post a Comment

Previous Post Next Post