പുതുപ്പള്ളിയില്‍ ഇരു മുന്നണികള്‍ക്കും പഴുതടച്ച തന്ത്രം

കോട്ടയം | പുതുപ്പള്ളിയില്‍ യു ഡി എഫ് പ്രചാരണം ഏകോപിപ്പിക്കുന്നതിനു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും.
തിരഞ്ഞെടുപ്പ് പ്രചാരണം കൃത്യമായി ആസൂത്രണം ചെയ്തു മണ്ഡലത്തില്‍ ഭൂരിപക്ഷം ഉയര്‍ത്തുകയാണു ലക്ഷ്യം.
തൃക്കാക്കര മാതൃകയില്‍ യുവ നേതാക്കളെ മുതല്‍ മുതിര്‍ന്നവരെ ഉള്‍പ്പെടെ മണ്ഡലത്തില്‍ ഇറക്കും.
വി ഡി സതീശനൊപ്പം മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് മണ്ഡലത്തിന്റെ ചുമതല. എട്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് എട്ടു പഞ്ചായത്തുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. എട്ട് എം എല്‍ എമാര്‍ക്കും എംപിമാര്‍ക്കും അധിക ചുമതലയും നല്‍കിയിട്ടുണ്ട്. കോട്ടയം ഡി സി സി ഭാരവാഹികള്‍ക്കു പഞ്ചായത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി കെ ജയന്തിനും ജ്യോതികുമാര്‍ ചാമക്കാലക്കുമാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല. നേതാക്കളുടെ പരിപാടികള്‍ ഇവരാണ് ഏകോപിപ്പിക്കുക.

എല്‍ ഡി എഫ് പ്രചാരണ തന്ത്രങ്ങള്‍ക്ക് തൃക്കാക്കരയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടുള്ള പദ്ധതികളാണു തയ്യാറാക്കുന്നത്.

ഭരണ സംവിധാനത്തിന്റെ ദുരുപയോഗ മുണ്ടായി എന്ന ആരോപണം ഒഴിവാക്കുകയാണു പ്രധാനം. മന്ത്രിമാരും ഒരേ സമയം കൂട്ടത്തോടെ മണ്ഡലത്തില്‍ വിന്യസിക്കില്ല.

കോട്ടയം ജില്ലയിലെ പാര്‍ട്ടി സംവിധാനത്തെ പൂര്‍ണമായി മണ്ഡലത്തില്‍ കേന്ദ്രീകരിപ്പിക്കുകയാണ് പുതുപ്പള്ളിയിലെ തന്ത്രം.

മണ്ഡലത്തില്‍ താമസിക്കുന്ന മന്ത്രി വി എന്‍ വാസവന്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നു പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് ചുമതല. പഞ്ചായത്തുകളില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ചുമതലയുണ്ടാവും.

മുഖ്യമന്ത്രി രണ്ടു പ്രധാനകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു വികസന ചര്‍ച്ചകള്‍ക്കു ശക്തി പകരും. തുടര്‍ന്നു ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു വികസന സന്ദേശ യാത്ര നയിക്കാന്‍ തോമസ് ഐസക് എത്തും. ആഗസ്റ്റ് 22ന് ആയിരം വനിതകളെ പങ്കെടുപ്പിച്ചുള്ള വനിതാ അസംബ്ലിക്ക് പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എത്തുന്നുണ്ട്. ഓരോ നൂറ് വോട്ടര്‍മാരിലും കണ്ണുവച്ചുള്ള പഴുതടച്ച പ്രവര്‍ത്തനത്തിലൂടെ സഹതാപ തരംഗത്തെ മറികടക്കുന്നതാണ് എല്‍ ഡി എഫ് തന്ത്രം.

ബി ജെ പി വോട്ടുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടു പോകുന്നത്. മിത്തി വിവാദവും മാസപ്പടിയും മണ്ഡലത്തില്‍ ചര്‍ച്ചയാക്കുമെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

 



source https://www.sirajlive.com/in-puthupalli-both-fronts-have-closed-loopholes.html

Post a Comment

أحدث أقدم