വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല

കോഴിക്കോട് | കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. ഇതുസംബന്ധിച്ച നിയമോപദേശം പോലീസിനു ലഭിച്ചു.

മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പോലീസ് എടുത്ത കേസില്‍ ഐ പി സി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസിന് സ്വീകരിക്കാനാകുമെന്നാണ് നിയമോപദേശം. ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടര്‍ കെ എന്‍ ജയകുമാറാണ് നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എ സി പി. കെ സുദര്‍ശന് നല്‍കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്നത്തെ സീനിയര്‍ ഡോക്ടര്‍, പി ജി ഡോക്ടര്‍, രണ്ട് നഴ്സുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

പോലീസ് നീക്കത്തിനെതിരെ കെ ജി എം സി ടി എ
ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കാനുള്ള പോലീസ് നീക്കത്തിനെതിരെ കെ ജി എം സി ടി എ. സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണെന്ന് കാട്ടാന്‍ എന്താണ് ഇത്ര തിടുക്കമെന്നും എന്ത് തെളിവാണ് പോലീസിന്റെ കൈയിലുള്ളതെന്നും സംഘടന ചോദിച്ചു.

മെഡിക്കല്‍ ബോര്‍ഡ് അനുമതിയില്ലാതെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാകില്ല. നടപടിക്രമം പാലിക്കാതെ മുന്നോട്ടു പോയാല്‍ നോക്കിയിരിക്കില്ലെന്നും കെ ജി എം സി ടി എ വ്യക്തമാക്കി.



source https://www.sirajlive.com/scissors-stuck-in-stomach-incident-there-is-no-legal-bar-in-arresting-the-culprits.html

Post a Comment

Previous Post Next Post