പ്രാതിനിധ്യ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ അവരുടെ പ്രതിനിധികളെ കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുക്കുന്നു. ക്യാബിനറ്റുകള്‍ ഉണ്ടാകുന്നു. അവ ജനാഭിലാഷമനുസരിച്ച് ഭരിക്കുന്നു. ഇതാണ് നടക്കേണ്ടത്. ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി അടയാളപ്പെടുത്തുന്നവരെല്ലാം ചൂണ്ടിക്കാണിക്കുന്നത് ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. അതുകൊണ്ട് നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനാകൂ. ആ പ്രക്രിയ എത്രമാത്രം വിഷമയമാകുന്നുവോ അത്രമാത്രം ജനാധിപത്യം മൃതപ്രായമായിക്കൊണ്ടിരിക്കും.
ഈ ദിശയില്‍ ചിന്തിക്കുന്ന മുഴുവന്‍ പേരെയും ആശങ്കയിലാഴ്ത്തുന്ന നിയമ നിര്‍മാണത്തിനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ശിപാര്‍ശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കണമെന്ന് നിര്‍ദേശിക്കുന്ന, “മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (അപ്പോയിന്റ്മെന്റ് വ്യവസ്ഥകളും സേവന കാലാവധിയും)’ എന്ന പേരിലുള്ള ബില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് അവതരിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള നിലവിലെ സിമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി ശിപാര്‍ശ ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരായിരിക്കും സമിതി അംഗങ്ങള്‍. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതോടെ സമിതിയില്‍ കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷമാകും. ഇതോടെ താത്പര്യമുള്ള വ്യക്തികളെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാന്‍ കേന്ദ്രത്തിന് സാധിക്കും.
സുപ്രീം കോടതിയുടെ ഇടപെടലിലൂടെ സാധ്യമായ ഘടന പൊളിക്കുകയാണ് ഈ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് (ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പാര്‍ട്ടിയുടെ നേതാവ്) എന്നിവരടങ്ങുന്ന കൊളീജിയമായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിക്കേണ്ടതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ വിധിച്ചിരുന്നു. ഈ രീതിയാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാറിനോ പ്രതിപക്ഷത്തിനോ നീതിന്യായ വിഭാഗത്തിനോ മേല്‍ക്കൈയില്ലാത്ത ഈ സംവിധാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. എന്നാല്‍ കേന്ദ്രത്തിന് മേധാവിത്വമില്ല എന്ന ഒറ്റ കാരണത്താല്‍ സ്വാഭാവികമായും മോദി സര്‍ക്കാര്‍ ഈ വിധിയോട് വൈമുഖ്യം പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥ ശ്രേണിയുടെ ഉന്നത പദവികളില്‍ നിന്ന് വിരമിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്യുന്ന പഴയ രീതിയായിരുന്നു അവര്‍ക്ക് പഥ്യം. അതാകുമ്പോള്‍ തങ്ങള്‍ക്ക് ഹിതകരമായി പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി കമ്മീഷനുണ്ടാക്കാമല്ലോ. ചീഫ് ജസ്റ്റിസ് വേണമെന്ന് പ്രതിപക്ഷത്തിരുന്നപ്പോള്‍ വാദിച്ച ബി ജെ പി ഭരണത്തിലെത്തിയപ്പോള്‍ അത് വിഴുങ്ങുകയായിരുന്നു.
സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെട്ടത് തന്നെയാണ്. പാര്‍ലിമെന്റ് ഉചിതമായ നിയമം കൊണ്ടുവരും വരെ മാത്രമായിരിക്കും ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‍ക്കുകയെന്ന് ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. പാര്‍ലിമെന്റിന്റെ അധികാരത്തിലേക്ക് കടന്നു കയറാതിരിക്കുകയെന്ന ഉന്നതമായ മൂല്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ബഞ്ച് ചെയ്തത്. എന്നാല്‍ ആ പഴുതിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ മാരക നിയമ നിര്‍മാണത്തിന്റെ കഠാരയിറക്കിയിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 324(2) പ്രകാരം തിര. കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന നിയമമൊന്നും നിലവിലില്ലെന്ന് ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം റിപബ്ലിക്കായതിന് തൊട്ടടുത്ത വര്‍ഷങ്ങളിലേതു പേലെയല്ല സ്ഥിതി. ക്രിമിനല്‍വത്കരണം, പണാധിപത്യം, പക്ഷപാതപരമായി പെരുമാറുന്ന മാധ്യമങ്ങളും ഉദ്യോഗസ്ഥരും, നീതിബോധമില്ലാത്ത രാഷ്ട്രീയം. ഒട്ടും ആശാവഹമല്ല കാര്യങ്ങള്‍. ഇത്തരമൊരു സാഹചര്യത്തില്‍ കമ്മീഷണര്‍മാരുടെ നിയമനത്തില്‍ കോടതിയുടെ ഇടപെടല്‍ വൈകരുതെന്നും നിയമ നിര്‍മാണം വേണമെന്നും ബഞ്ച് നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള സംവിധാനം കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍. ഇത് അനുവദിച്ചു കൂടാ. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷ, വിഭജന പ്രസ്താവനകള്‍ നടത്തിയ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് നാം കണ്ടതാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാടിനെ ഭൂരിപക്ഷം ന്യൂനപക്ഷമായ ഇടമെന്ന് വിശേഷിപ്പിച്ചിട്ട് വല്ല നടപടിയുമുണ്ടായോ? ഇ വി എമ്മുകളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായിട്ട് വല്ലതും നടന്നോ? വോട്ടെടുപ്പ് തീയതികള്‍ ഭരണകക്ഷിയുടെ നേതാക്കള്‍ മുന്‍കൂട്ടി ട്വീറ്റ് ചെയ്യുന്ന സ്ഥിതിയുണ്ടായില്ലേ? ഇക്കാര്യങ്ങളില്‍ ശരിയായ നിലപാടെടുത്ത അശോക് ലവാസയുടെ മക്കളും ഭാര്യയും വരെ വേട്ടയാടപ്പെട്ടില്ലേ. അദ്ദേഹത്തിന് ഒടുവില്‍ രാജിവെച്ച് പോകേണ്ടിവന്നില്ലേ? ഫാസിസ്റ്റ്‌വത്കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയവരെല്ലാം ഒരു പോലെ പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറിയാണ്. അതിലേക്കുള്ള ചുവടുവെപ്പായി മാത്രമേ ഈ നിയമ നിര്‍മാണത്തെ കാണാനാകൂ. ഇത് കോടതിയില്‍ ചോദ്യം ചെയ്യണം. ജനാധിപത്യപരമായ പ്രതിരോധമുയരണം.
source https://www.sirajlive.com/is-the-electoral-process-also-being-subverted.html
Post a Comment