സഊദി അറേബ്യ, യു എ ഇ, ഈജിപ്ത്, അര്‍ജന്റീന, ഇറാന്‍, എത്യോപ്യ എന്നീ രാജ്യങ്ങള്‍ കൂടി കടന്നു വരികയാണ് ബ്രിക്‌സ് കൂട്ടായ്മയിലേക്ക്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ചേര്‍ന്ന പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിന്‍ റമഫോസയാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 2024 ജനുവരിയില്‍ ഇവരുടെ അംഗത്വം നിലവില്‍ വരും. 23 രാജ്യങ്ങള്‍ ബ്രിക്‌സ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും മറ്റുള്ളവരുടേത് കൂടുതല്‍ ചര്‍ച്ചക്കു ശേഷമേ തീരുമാനിക്കുകയുള്ളൂ. നിലവില്‍ റഷ്യ, ചൈന, ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍.
പുതിയ ആറ് രാജ്യങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഇന്ത്യ സര്‍വാത്മനാ സ്വാഗതം ചെയ്തു. ഈ രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് ചരിത്രപരമായി അടുത്ത ബന്ധമുണ്ടെന്നും സഹകരണത്തിന്റെയും പുരോഗതിയുടെയും പുതിയ യുഗത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്നും അംഗരാജ്യങ്ങള്‍ക്കിടയില്‍ കയറ്റുമതി, ഇറക്കുമതി വേഗത വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട നരേന്ദ്ര മോദി ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് ബ്രിക്‌സ് പരിഹാരം കാണുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
അതിനിടെ ബ്രിക്‌സില്‍ ചേരാന്‍ പാക്കിസ്ഥാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനെ ബ്രിക്സിലേക്ക് ക്ഷണിക്കണമെന്ന് ജോഹന്നാസ്ബര്‍ഗ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിര്‍ദേശം വെക്കുകയും ചെയ്തു. കൂടുതല്‍ വികസ്വര രാജ്യങ്ങളെ ഭാഗമാക്കുക വഴി ബ്രിക്സിന്റെ കൂട്ടായ്മ ശക്തിപ്പെടുത്താനാകുമെന്നും ഷി ജിന്‍പിംഗ് ചൂണ്ടിക്കാട്ടി. എന്നാല്‍ പാക്കിസ്ഥാനെ അംഗമാക്കുന്നതില്‍ ഇന്ത്യ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. സഖ്യം മുന്നോട്ടു വെക്കുന്ന മുഖ്യ ലക്ഷ്യങ്ങളെയും മറ്റംഗങ്ങള്‍ തമ്മിലുള്ള സമവായത്തെയും അത് ദുര്‍ബലപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ നിലപാട്. യുക്രൈന്‍ യുദ്ധക്കുറ്റങ്ങളെ ചൊല്ലി രാജ്യാന്തര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ റഷ്യന്‍ പ്രസിഡന്റ്വ്ലാദിമിര്‍ പുടിന്‍ ഓണ്‍ലൈനിലാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. പകരം റഷ്യന്‍ വിദേശകാര്യ മന്ത്രി നേരിട്ടു പങ്കെടുത്തു. സഊദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി എന്നിവരും പങ്കെടുത്തു.
2006 സെപ്തംബറിലാണ് ബ്രിക്‌സ് കൂട്ടായ്മ നിലവില്‍ വന്നത്. അന്ന് ബ്രസീല്‍, ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബ്രിക് എന്ന പേരില്‍ സംഘടിച്ചു. 2010ല്‍ ദക്ഷിണാഫ്രിക്ക കൂടി അംഗമായതോടെയാണ് ബ്രിക്സ് ആയത്. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിലൊരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തില്‍ വലിയ ഇടപെടല്‍ നടത്താന്‍ കഴിയുന്ന വിധം ഇങ്ങനെയൊരു വേദി രൂപവത്കരണം. മൂന്നാം ലോക രാജ്യങ്ങളോടുള്ള ജി 7, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ പാശ്ചാത്യ ലോകത്തിന്റെ അവഗണനക്കെതിരായ പ്രതിരോധവും പാശ്ചാത്യന്‍ നേതൃത്വത്തിലുള്ള ജി 7, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ വേദികള്‍ക്കൊരു ബദലും കൂടിയാണിത്. ജി 20ല്‍ ഇന്ത്യയും ചൈനയും സഊദി അറേബ്യയുമൊക്കെ അംഗങ്ങളാണെങ്കിലും അതിന്റെ നിയന്ത്രണം പാശ്ചാത്യ കരങ്ങളിലാണ്.
ഡോളറിനും യൂറോക്കും ബദലായി ഒരു പൊതു കറന്‍സി ഇറക്കുന്ന കാര്യം ബ്രിക്‌സിന്റെ പരിഗണനയിലുണ്ട്. രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയോ സംഘര്‍ഷം ഉടലെടുക്കുകയോ ചെയ്യുമ്പോള്‍, ഉപരോധം പ്രഖ്യാപിക്കുകയും അതില്‍ ഭാഗഭാക്കായ രാജ്യങ്ങളുടെ ഡോളറിലുള്ള നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്യാറുണ്ട് അമേരിക്ക. ഡോളറിനെ ആയുധമാക്കുന്ന ഈ യു എസ് നിലപാട് സംഘര്‍ഷങ്ങളില്‍ പങ്കെടുക്കാത്ത രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നു പലപ്പോഴും. ഇതിനൊരു പരിഹാരം കൂടിയാണ് ബ്രിക്‌സ് കറന്‍സി. ജോഹന്നാസ്ബര്‍ഗ് ഉച്ചകോടിയുടെ മുന്നോടിയായി ജൂണില്‍ ചേര്‍ന്ന അംഗരാജ്യ വിദേശ മന്ത്രിമാരുടെ സമ്മേളനത്തില്‍, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെ ഇരയാകാതിരിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ബദല്‍ കറന്‍സികള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികള്‍ ഒത്തുചേര്‍ന്ന് ഒരു കറന്‍സി ഇറക്കിയാല്‍ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും സൗഹൃദത്തില്‍ കഴിയുന്ന ഇന്ത്യക്ക് ബ്രിക്‌സ് കറന്‍സിയില്‍ ഒട്ടും താത്പര്യമില്ല.
ആഗോളതലത്തില്‍ രൂപയിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തിവരികയാണ് ഇന്ത്യ. ഉഭയകക്ഷിവ്യാപാരം രൂപയിലും ദിര്‍ഹമിലും നടത്താനുള്ള ഇന്ത്യ-യു എ ഇ ധാരണ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ മാസം അബൂദബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. മാത്രമല്ല, വിനിമയം ഇന്ത്യന്‍ കറന്‍സിയിലാക്കുന്നതിനെക്കുറിച്ച് യു കെ, സിംഗപ്പൂര്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളുമായി ചര്‍ച്ച നടന്നു വരികയുമാണ്. ബ്രിക്‌സ് കറന്‍സിയുടെ പിറവി ഇന്ത്യന്‍ കറന്‍സിയുടെ ഈ വളര്‍ച്ചക്ക് വിഘാതമാകുമെന്ന് ന്യൂഡല്‍ഹി ഭയപ്പെടുന്നു. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ രാജ്യം പ്രാപ്തമാണെന്നതിനാല്‍ ഇന്ത്യക്ക് പുതിയ കറന്‍സിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇതിനിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
source https://www.sirajlive.com/brics-and-the-single-currency.html
Post a Comment