പത്തനംതിട്ട | പരുമലയില്‍ നഴ്സിന്റെ വേഷത്തിലെത്തി യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കൊലപാതക ശ്രമത്തിനിരയായ സ്നേഹയുടെ ഭര്‍ത്താവ് അരുണിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. അരുണിനെ വീണ്ടും ചോദ്യം ചെയ്യും.
അരുണിന്റെ ഫോണിലും വാട്സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. അനുഷയുടെ ഭര്‍ത്താവില്‍ നിന്നും മുന്‍ ഭര്‍ത്താവില്‍ നിന്നും പോലീസ് മൊഴിയെടുക്കും. സ്നേഹയും കുഞ്ഞും ആശുപത്രി വിട്ടിട്ടുണ്ട്.
നഴ്സിന്റെ വേഷത്തില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തിയ അനുഷ, സ്നേഹയെ സിറിഞ്ച് ഉപയോഗിച്ച് വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അറസ്റ്റിലായകായംകുളം സ്വദേശിനി അനുഷയെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അനുഷയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.
കായംകുളം സ്വദേശിനിയായ സ്നേഹയെ കൊല്ലാന്‍ ഉറച്ചാണ് അനുഷ ആശുപത്രിയില്‍ എത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് സ്നേഹയുടെ ഭര്‍ത്താവ് അരുണുമായുള്ള അടുപ്പമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്. എയര്‍ എംബോളിസം പ്രയോഗിച്ചത് പൂര്‍ണ ബോധ്യത്തോടെയാണ്. അനുഷക്ക് വൈദ്യശാസ്ത്രപരമായ അറിവുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
source https://www.sirajlive.com/attempted-murder-disguised-as-a-nurse-police-seized-arun-39-s-phone.html
Post a Comment