വീണ്ടും സയണിസ്റ്റ് കുതന്ത്രങ്ങൾ

നങ്ങളെ വൈകാരികമായി ഇളക്കിവിടാനും രാഷ്ട്രീയ അധികാരം സംരക്ഷിച്ചു നിർത്താനും മതവിശ്വാസത്തെ ദുരുപയോഗം ചെയ്യുകയെന്നത് ഫാസിസ്റ്റ് ശക്തികൾ എക്കാലത്തും എവിടെയും പയറ്റിയ തന്ത്രമാണ്. ഹിറ്റ്‌ലറുടെ ആര്യൻ മേധാവിത്വ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറ ജൂതമത വിദ്വേഷത്തിലായിരുന്നു. വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധമാണത്. യൂറോപ്പിലെ ചില ദേശരാഷ്ട്രങ്ങൾ ഉദയം ചെയ്തത് തന്നെ മതാധിഷ്ഠിതമായാണ്. രാഷ്ട്രത്തിന്റെ കൊള്ളരുതായ്മകളെ മൂടിവെക്കാനുള്ള മറയായി ഭരണകർത്താക്കൾ വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും മിത്തുകളെയുമൊക്കെ തന്ത്രപൂർവം ഉപയോഗിക്കുന്നു.

അൽഅഖ്‌സ പള്ളിക്ക് ചുറ്റും നടക്കുന്നതും കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളിലാകെയും വ്യാപിക്കുന്നതുമായ സംഘർഷത്തെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. നാസിസത്തിന്റെ ഇരകളെന്ന് വിലപിച്ച് അറബ് മണ്ണ് കവർന്നെടുത്തവർ ഹിറ്റ്‌ലർ ചെയ്തത് അതേ പോലെ പകർത്തുന്നു. അറബ് ജനതക്ക് മേൽ മരണവും ആട്ടിയോടിക്കലും അധിനിവേശവും അടിച്ചേൽപ്പിക്കുന്നു. ഈ അതിക്രമങ്ങളെയെല്ലാം ജൂത വികാരത്തിന്റെ പേരിൽ ന്യായീകരിക്കുന്നു. ഭരിക്കുന്നവരുടെ സയണിസ്റ്റ് പദ്ധതികളെ എപ്പോഴൊക്കെ ഇസ്‌റാഈൽ ജനത എതിർത്തുവോ അപ്പോഴെല്ലാം അൽഅഖ്‌സ പള്ളിയെയും ഡോം ഓഫ് റോക്കിനെയും മുൻനിർത്തി പ്രകോപനപരമായ നീക്കങ്ങളുണ്ടായിട്ടുണ്ട്.

ഇസ്‌റാഈലിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തെ അഭിമുഖീകരിക്കുകയാണിപ്പോൾ. ജുഡീഷ്യറിയുടെ അധികാരങ്ങളിലേക്ക് കടന്നുകയറുന്ന നീതിന്യായ പരിഷ്‌കരണ ബില്ലിനെതിരെ ജൂത പുരോഹിതൻമാരടക്കം ആയിരക്കണക്കിനാളുകൾ തെരുവിലാണ്. ബില്ലിന്റെ ഒന്നാം വായന നെസ്സറ്റി (ഇസ്‌റാഈൽ പാർലിമെന്റ്)ൽ പൂർത്തിയായെങ്കിലും മുന്നോട്ടുള്ള നീക്കങ്ങളെ പ്രതിരോധിക്കും വിധം ശക്തമായ പോരാട്ടം ഇസ്‌റാഈൽ നഗരങ്ങളിൽ ഉയർന്നു വരികയാണ്. ഈ സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ രണ്ട് തന്ത്രങ്ങളാണ് നെതന്യാഹുവിന്റെ സഖ്യ സർക്കാർ പയറ്റുന്നത്: ഒന്ന് വെസ്റ്റ് ബാങ്കിൽ ജൂത അധിനിവേശം ശക്തമാക്കുക; ദിനംപ്രതി ഫലസ്തീൻ യുവാക്കളെ കൊല്ലുക, രണ്ട് മസ്ജിദുൽ അഖ്‌സയിൽ പ്രകോപനം സൃഷ്ടിക്കുക.

ഇത് പ്രാർഥനയല്ല

മസ്ജിദുൽ അഖ്‌സ പിടിച്ചടക്കുകയെന്നത് സയണിസ്റ്റുകളുടെ ദീർഘകാല ലക്ഷ്യമാണ്. തീവ്രവലതുപക്ഷ ഗ്രൂപ്പുകൾക്ക് നിർണായക സ്വാധീനമുള്ള സഖ്യം അധികാരത്തിലിരിക്കുമ്പോൾ ഈ ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിന് വേഗം കൂടുമല്ലോ. അറബ് സമൂഹത്തോട് കാരുണ്യപൂർവം പെരുമാറണമെന്ന ജനാധിപത്യബോധം ഇസ്‌റാഈൽ പൗരസമൂഹത്തിൽ സാവധാനം ശക്തിപ്പെട്ടു വരുന്നുണ്ട്. ആ ഉണർവ് കെടുത്തുകയും സയണിസ്റ്റ് അതിവൈകാരികതക്ക് കീഴിൽ പുതിയ തലമുറയെക്കൂടി അണിനിരത്തുകയും ചെയ്യുകയെന്ന ഹ്രസ്വകാല ലക്ഷ്യവും മുന്നിലുണ്ട്. അൽഅഖ്‌സ കോമ്പൗണ്ടിലേക്ക് ഇരച്ചു കയറി സംഘർഷം സൃഷ്ടിക്കുകയെന്ന സയണിസ്റ്റ് പദ്ധതി കൂടുതൽ ശക്തമായി ആവർത്തിക്കുകയെന്ന ഒറ്റമൂലിയാണ് ഈ ലക്ഷ്യങ്ങൾ നേടാനായി സയണിസ്റ്റ് തീവ്രവാദികൾ പ്രയോഗിക്കുന്നത്. ഇസ്‌റാഈൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗിവിറിന്റെ നേതൃത്വത്തിൽ ജൂതസംഘം കഴിഞ്ഞയാഴ്ച അൽഅഖ്‌സ കോമ്പൗണ്ടിലേക്ക് ഇരച്ചു കയറിയത് ഇതിന്റെ ഭാഗമാണ്. തീവ്രലതുപക്ഷ നേതാവാണ് ഇതാമർ ബെൻ ഗിവിർ. അദ്ദേഹത്തിന്റെ പാർട്ടിയായ ഓട്ട്‌സ്മാ യെഹുദിത് ലക്ഷണമൊത്ത സയണിസ്റ്റ് തീവ്ര സംഘടനയാണ്. നരവധി കേസിൽ പ്രതിയായിരുന്നു. ഫലസ്തീന് സ്വതന്ത്ര രാഷ്ട്രമാകാൻ അർഹതയില്ലെന്നും മേഖലയിലാകെ പടരാനുള്ള ഇസ്‌റാഈലിന്റെ അവകാശം ആർക്കും നിഷേധിക്കാനാകില്ലെന്നും നിരന്തരം പ്രചരിപ്പിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് ഇയാൾ. ഇത്തവണ അധികാരം പിടിക്കാനായി ബെഞ്ചമിൻ നെതന്യാഹു ഇയാളുടെ പാർട്ടിയെ ഭരണസഖ്യത്തിലെടുത്തതോടെ ഗിവിറിനും അനുയായികൾക്കും കൂടുതൽ ക്രൗര്യം കൈവന്നിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിന്റെ പുറത്താണ് ഒരിക്കൽ കൂടി സയണിസ്റ്റ് സംഘം അൽഅഖ്‌സയിൽ ഇരച്ചു കയറാൻ ശ്രമിച്ചത്.

ആയിരത്തിലധികം തീവ്രദേശീയവാദി ജൂത കടിയേറ്റക്കാരെ നയിച്ചാണ് ബെൻ ഗവിർ അൽഅഖ്‌സ കോമ്പൗണ്ടിലെത്തിയത്. ഈ വർഷം ഇത് മൂന്നാം തവണയാണ് ബെൻ ഗവിറും സംഘവും എത്തുന്നത്. ജോർദാന്റെ കീഴിലുള്ള വഖ്ഫ് സമിതിക്കാണ് അൽഅഖ്‌സയുടെ നടത്തിപ്പ് ചുമതല. ജൂതർക്ക് പ്രാർഥന നടത്താൻ അനുവദിക്കപ്പെട്ട വെസ്റ്റേൺ വാൾ കടന്ന് പോകാൻ ചട്ടം അനുവദിക്കുന്നില്ല. അക്കാര്യം ഇസ്‌റാഈൽ കോടതികളും ജൂത പുരോഹിത നേതൃത്വം അംഗീകരിച്ചതാണ്. ബാൽഫർ പ്രഖ്യാപനം മുതൽ യു എൻ പ്രമേയങ്ങൾ വരെയുള്ള അന്താരാഷ്ട്ര ചട്ടങ്ങളും കരാറുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും അൽഅഖ്‌സ സമുച്ചയത്തിൽ അതിക്രമിച്ചു കടക്കാൻ ഗിവിറും സംഘവും എത്തുന്നത് പ്രാർഥിക്കാനല്ല. മതപരമായ വിശുദ്ധിയോ ചരിത്രബോധമോ അല്ല അവരെ നയിക്കുന്നത്. പക്കാ രാഷ്ട്രീയം മാത്രമാണിത്. ജൂതസമൂഹം ടിഷാ ബിഅവ് എന്ന നോമ്പ് ദിനം ആചരിക്കുന്ന ദിവസം തന്നെ ഈ അതിക്രമത്തിന് തിരഞ്ഞെടുത്തത് രാഷ്ട്രീയ കൗശലം മറച്ച് വെക്കാനാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ, റമസാൻ മാസത്തിലെ വെള്ളിയാഴ്ച സുബ്ഹി നിസ്‌കാരത്തിനെത്തിയ ആയിരക്കണക്കിന് മുസ്‌ലിംകൾക്കെതിരെ ഇസ്‌റാഈൽ പോലീസും തീവ്രവാദികളും നടത്തിയ ക്രൂരമായ ആക്രമണം ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ബൈത്തുൽ മുഖദ്ദസിന്റെ സംരക്ഷണത്തിനായി ലോക മുസ്‌ലിംകൾ അന്തിമ പോരാട്ടത്തിന് ഇറങ്ങേണ്ടി വരുമെന്ന് വരെ ചില നേതാക്കൾക്ക് പറയേണ്ടി വന്നു. മുസ്‌ലിംകൾ എത്തും മുമ്പേ പള്ളി കോമ്പൗണ്ടിൽ ജൂതപ്പട ഇരച്ചു കയറുകയായിരുന്നു. തങ്ങൾ പുണ്യസ്ഥാനമായി കരുതുന്ന മൗണ്ട് ടെമ്പിളിൽ ആടിനെ ബലി അറുക്കാൻ തങ്ങൾക്കവകാശമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ജൂതന്മാർ അഖ്‌സ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. സ്വാഭാവികമായും ഫലസ്തീൻ യുവാക്കൾ അത് ചെറുത്തു. സമ്പൂർണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് വന്നതോടെ, ഇസ്‌റാഈലുമായി സമാധാനക്കരാർ ഒപ്പിട്ട ജോർദാനും ഈജിപ്തും തുർക്കിയയും സഊദി അറേബ്യയും മുഴുവൻ അറബ് രാഷ്ട്രങ്ങളും അംഗങ്ങളായ അറബ് ലീഗുമെല്ലാം ശക്തമായി രംഗത്തു വന്നതോടെ രംഗം ശാന്തമാക്കാൻ ഇസ്‌റാഈൽ ഭരണകൂടം തയ്യാറാകുകയായിരുന്നു.

പിടിച്ചടക്കുക അല്ലെങ്കിൽ വിഭജിക്കുക

മസ്ജിദുൽ അഖ്‌സയുടെ കാര്യത്തിൽ സയണിസ്റ്റുകൾക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഒന്നുകിൽ പള്ളി സമുച്ചയം പൂർണമായി പിടിച്ചടക്കുക. അതിന് സാധിക്കില്ലെങ്കിൽ വിഭജിക്കുക. കിഴക്കൻ ജറൂസലമിൽ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിക്കുന്നതും പരമാവധി ജൂത കുടുംബങ്ങളെ കുടിയിരുത്തുന്നതും ഇടക്കിടക്കു ഉരസലുകൾ സൃഷ്ടിക്കുന്നതുമെല്ലാം ഈ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുക വഴി 2017ൽ അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തിന് കൂട്ടുനിൽക്കുകയും ചെയ്തു.

അൽ അഖ്സ മസ്ജിദ് ജൂതർക്കും മുസ്‌ലിംകൾക്കുമിടയിൽ വിഭജിക്കണമെന്ന് നിർദേശിക്കുന്ന നിയമത്തിന്റെ കരട് കഴിഞ്ഞ ജൂണിൽ ഇസ്‌റാഈൽ പാർലിമെന്റിൽ അവതരിപ്പിച്ചുവെന്നതും ഇതിനോട് ചേർത്ത് വായിക്കണം. ലിക്കുഡ് പാർട്ടി അംഗം അമിത് ഹലേവിയാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നത്. ഡോം ഓഫ് ദി റോക്കിന്റെ മുറ്റം മുതൽ അൽഅഖ്സ മസ്ജിദിന്റെ വടക്കൻ അതിർത്തി വരെ നീളുന്ന പ്രദേശം ജൂതന്മാർക്ക് വിട്ടു നൽകണമെന്നാണ് ബില്ലിന്റെ രത്‌നച്ചുരുക്കം. മൊറോക്കൻ ഗേറ്റിലൂടെ മാത്രമല്ല, എല്ലാ ഗേറ്റുകളിൽ നിന്നും സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ജൂതന്മാരെ അനുവദിക്കണമെന്നും ബില്ലിൽ പറയുന്നു. ഈ കരടിനോട് ക്രിസ്ത്യൻ ഗ്രൂപ്പുകളും ശക്തമായി പ്രതികരിച്ചിരുന്നു. അവർക്കും ഈ പ്രദേശം പ്രധാനമാണല്ലോ. മാരകമായ പ്രശ്‌നങ്ങൾക്ക് തുടക്കമിടാനിരിക്കുന്ന ഈ ബില്ല് പാസ്സാക്കിയെടുക്കാനുള്ള മണ്ണൊരുക്കലായി വേണം ബെൻ ഗിവിറിന്റെ നീക്കങ്ങളെ കാണാൻ. ബില്ല് പാസ്സാകുന്നത് തടയാൻ ഒന്നിക്കണമെന്ന് വിവിധ മുസ്‌ലിം രാഷ്ട്രങ്ങളോടും യു എന്നിനോടും മറ്റ് അന്താരാഷ്ട്ര ഏജൻസികളോടും ഫലസ്തീൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ യുവാക്കളെ പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് തള്ളിവിടാനുള്ള കുതന്ത്രവും അവർ തിരിച്ചറിയുന്നുണ്ട്.

ഇബ്‌റാഹീമീ പള്ളി

വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധമായ ഇബ്‌റാഹീമീ പള്ളി ജൂതൻമാർ പിടിച്ചടക്കിയതിന്റെ അനുഭവം ഫലസ്തീൻ നേതാക്കൾക്ക് മുമ്പിലുണ്ട്. അൽ ഖലീൽ (ഹീബ്രോൺ) പട്ടണത്തിലെ പള്ളിയിൽ 1990കളിൽ ജൂതൻമാർ കൂട്ടമായി വരാൻ തുടങ്ങി. ആദ്യമൊക്കെ പള്ളി പരിസരത്തായിരുന്നു കർമങ്ങൾ. സാവധാനം പള്ളിക്കകത്തേക്ക് കയറാൻ തുടങ്ങി. ഇടക്കിടക്ക് ഫലസ്തീനികളുമായി ഉരച്ചിലുകളുണ്ടായി. 1994 ഫബ്രുവരി 25ന് ജൂത തീവ്രവാദി ബറൂച്ച് ഗോൾഡ്സ്റ്റിൻ പള്ളിയിൽ ഇരച്ച് കയറി തലങ്ങും വിലങ്ങും വെടിവെച്ചു. നിസ്‌കാരത്തിലായിരുന്ന 30 ഫലസ്തീനികളാണ് തത്ക്ഷണം മരിച്ചത്. ഇസ്‌റാഈലി സൈന്യം ഉടൻ പള്ളി വളഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പള്ളി അടച്ചിടുകയാണ് പിന്നെ ചെയ്തത്. ഇസ്‌റാഈൽ സർക്കാർ ദുഃഖം നടിച്ചു. പള്ളി മുസ്‌ലിംകൾക്ക് തന്നെ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. കൊടും ചതിയായിരുന്നു അത്. പള്ളി സമുച്ചയം വിഭജിക്കുകയാണ് സർക്കാർ ചെയ്തത്. 75 ശതമാനം ജൂതർക്ക്. 25 ശതമാനം മുസ്‌ലിംകൾക്ക്. ഇതേ തന്ത്രമാണ് അൽഅഖ്‌സയുടെ കാര്യത്തിലും പയറ്റാൻ നോക്കുന്നത്.

ആഗോള സമൂഹം ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ട് ലംഘിക്കാനാകാത്ത പുതിയ കരാർ രൂപപ്പെടുത്തുക മാത്രമാണ് യഥാർഥ പരിഹാരം. അതിന് അമേരിക്ക സമ്മതിക്കില്ലെന്നുറപ്പാണ്. 1972 മുതൽ ഫലസ്തീൻ സംബന്ധിച്ച 53 സുപ്രധാന രക്ഷാ സമിതി പ്രമേയങ്ങളാണ് അമേരിക്ക വീറ്റോ ചെയ്തത്. അത്‌കൊണ്ട് യു എന്നിന് മേൽ ശക്തമായ അന്താരാഷ്ട്ര സമ്മർദം ഉയർന്നെങ്കിൽ മാത്രമേ രക്ഷയുള്ളൂ. ലോകമെന്നാൽ അമേരിക്കയെന്ന ഏകധ്രുവ സമവാക്യം കാലഹരണപ്പെട്ടെന്ന് തെളിയിക്കാൻ മറ്റ് അംഗരാജ്യങ്ങൾ തയ്യാറാകുമോ? എണ്ണ സമ്പന്ന അറബ് രാജ്യങ്ങൾ നട്ടെല്ലുള്ള നിലപാടെടുക്കുമോ?



source https://www.sirajlive.com/zionist-machinations-again.html

Post a Comment

Previous Post Next Post