സ്വയം നിയന്ത്രിച്ചാല്‍ പോരാ; ചാനലുകള്‍ക്ക് പൂട്ടിടാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി | ടെലിവിഷന്‍ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും ടി വി ചാനലുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസ്സോസിയേഷന്‍ ചാനലുകളെ നിയന്ത്രിക്കുന്നതിന് പുറപ്പെടുവിച്ച സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റക്കാരായ ചാനലുകള്‍ക്ക് ചുമത്തുന്ന ഒരു ലക്ഷം രൂപ പിഴ ചെറിയതാണെന്നും ഇത് ചാനലിന്റെ വരുമാനത്തിന് അനുസൃതമാക്കണമെന്നും ബഞ്ച് വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കാത്തതിനെതിരെ ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസ്സോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബഞ്ച്.

ടി വി ചാനലുകള്‍ സ്വയം നിയന്ത്രണം പാലിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ എത്രപേര്‍ ഇതിനോട് യോജിക്കുമെന്ന് തനിക്കറിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ചാനലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന അസ്സോസിയേഷന്റെ വാദം ബഞ്ച് അംഗീകരിച്ചു. എന്നാല്‍ ചാനലുകള്‍ സ്വയം നിയന്ത്രണം പാലിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഒരു കൊലപാതകം നടന്നാല്‍ ചാനലുകള്‍ അന്വേഷണം നടത്താനിറങ്ങും. ചട്ടങ്ങള്‍ ശക്തമാക്കാതെ ചാനലുകള്‍ അനുസരിക്കാന്‍ പോകുന്നില്ല. വലിയ വരുമാനമുള്ള ചാനലുകള്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തിയതുകൊണ്ട് എന്താണ് കാര്യമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ചട്ടക്കൂട് ശക്തിപ്പെടുത്തും. ബോംബെ ഹൈക്കോടതി വിധിയില്‍ മാറ്റങ്ങള്‍ വരുത്തും. നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും കോടതി വ്യക്തമാക്കി. മാര്‍ഗരേഖ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിരമിച്ച ജഡ്ജിമാരായ എ കെ സിക്‌റി, ആര്‍ വി രവീന്ദ്രന്‍ എന്നിവരില്‍ നിന്ന് ആരായാന്‍ അസ്സോസിയേഷന്‍ അഭിഭാഷകന്‍ അരവിന്ദ് ദത്താറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.

 



source https://www.sirajlive.com/self-control-is-not-enough-supreme-court-to-block-channels.html

Post a Comment

Previous Post Next Post