ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം ഇന്ന് മുംബൈയില്‍ ചേരും

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ രൂപപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം മുംബൈയില്‍ ഇന്ന് ചേരും. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി യോഗത്തില്‍ പങ്കെടുക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷ ബദല്‍ ശക്തിപ്പെടുത്തുകയാണു പ്രധാന അജണ്ട.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പവും മറികടക്കാന്‍ സ്ഥിരം സംവിധാനമൊരുക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചര്‍ച്ചയിലേക്കു മുന്നണി പ്രവേശിക്കും.

സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിടും.
മുംബൈയില്‍ നടക്കുന്ന മൂന്നാം യോഗത്തിന്റെ സംഘാടന ചുമതല മഹാ വികാസ് അഘാഡി സഖ്യത്തിനാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യ മുന്നണി ലോഗോ പ്രകാശനവും മൂന്നാം യോഗത്തിന്റെ മുഖ്യ അജണ്ടയാണ്.

ഇന്ത്യ മുന്നണി കണ്‍വീനറെ കണ്ടെത്താനുള്ള ചര്‍ച്ചയും ഇന്നും നാളെയുമായി തുടരുന്ന യോഗത്തില്‍ നടക്കും.
ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കത്തിന്റെ നിജസ്ഥിതി തേടുന്നരാഷ്ട്രീയ നീക്കം യോഗത്തില്‍ ഉണ്ടായേക്കും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏതൊക്കെ പാര്‍ട്ടികള്‍ യോഗത്തിന് എത്തുമെന്ന് ആശങ്കയോടെ ആണ് ബിജെപി നോക്കിക്കാണുന്നത്. മുന്നണി വിട്ട പഴയ സഖ്യ കക്ഷികളെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വീണ്ടും മുന്നണിയിലേക്ക് എത്തിക്കാന്‍ ബിജെപി തീവ്ര ശ്രമം തുടരുകയാണ്.

കൂടുതല്‍ കക്ഷികളെ ഇന്ത്യാ സഖ്യത്തില്‍ എത്തിച്ചു ബി ജെ പിക്കു കടുത്ത ഭീഷണി ഉയര്‍ത്തുകയാണ് ലക്ഷ്യം.

 

 



source https://www.sirajlive.com/the-third-meeting-of-the-india-alliance-will-be-held-in-mumbai-today.html

Post a Comment

Previous Post Next Post