കോഴിക്കോട് | ഒരു വർഗീയവാദിയുടെയും വോട്ട് കോൺഗ്രസ്സിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയ വാദത്തെ ഇവിടെ കുഴിച്ചുമൂടും. അത് കഴിഞ്ഞിട്ട് ബാക്കി വോട്ട് കൊണ്ട് ജയിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. “ഏക സിവിൽ കോഡിനെയും മണിപ്പൂർ വംശഹത്യയെയും ചെറുക്കുക’ എന്ന മുദ്രാവാക്യമുയർത്തി കെ പി സി സി കോഴിക്കോട്ട് സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
ഒരു വിഷയം വീണുകിട്ടാൻ വർഗീയവാദികൾ കാത്തിരിക്കുകയാണ്. ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് ശ്രമം. അവർക്ക് ആയുധം കൊടുക്കാൻ ശ്രമിക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കെട്ടരുത്. അത്തരം വിവാദങ്ങളിലേക്ക് പോകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ്സ് തടയുമെന്നും സതീശൻ വ്യക്തമാക്കി. സംഘാടക സമിതി ചെയർമാൻ കെ മുരളീധരൻ എം പി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബശീർ, വിവിധ മതസാമുദായിക സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം, സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങൾ, ഫാ. ഷിബു ജോസഫ് കളരിക്കൽ, ടി പി അബ്ദുല്ലക്കോയ മദനി, ബ്രഹ്മശ്രീ ശംഭു നമ്പൂതിരി, ഫ്രാൻസിസ് ജോർജ്, എം ഐ അബ്ദുൽ അസീസ്, പി എം എ സലാം, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, ഫാ. ജെൻസൺ പുത്തൻവീട്ടിൽ ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അബ്ദുൽ ഗഫൂർ, ഡോ. റെജി അലക്‌സ്, സണ്ണി എം കപിക്കാട്, റവ. രാജു ചീരാൻ, ഷാനിമോൾ ഉസ്മാൻ, എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, പി സുരേന്ദ്രൻ, യു കെ കുമാരൻ, എ സജീവൻ, ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു, സുഹറ മമ്പാട്, ഹമീദ് വാണിയമ്പലം, ഹുസൈൻ മടവൂർ, ഖാസിമുൽ ഖാസിമി, നാസർ ഫൈസി കൂടത്തായി സംസാരിച്ചു. അഡ്വ. ടി സിദ്ദിഖ് മണിപ്പൂർ ഐക്യദാർഢ്യ പ്രമേയ അവതരണം നടത്തി. അഡ്വ. കെ ജയന്ത് ഏക സിവിൽ കോഡ് വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. അഡ്വ. കെ പ്രവീൺ കുമാർ സ്വാഗതവും അഡ്വ. പി എം നിയാസ് നന്ദിയും പറഞ്ഞു. എ തങ്കപ്പൻ, പി കെ ഫൈസൽ, സി ചന്ദ്രൻ, മുഹമ്മദ് ഷിയാസ്, പി എസ് സലിം, ജി എസ് ബാബു, വിദ്യാബാലകൃഷ്ണൻ, കെ എം അഭിജിത്ത്, പി വി ഗംഗാധരൻ, അഡ്വ. ഷഹീർ സിംഗ്, ഉമ്മർ പാണ്ടികശാല, സി എൻ വിജയകൃഷ്ണൻ, പാറക്കൽ അബ്ദുല്ല, ടി ടി ഇസ്മാഈൽ, പി എം ജോർജ്, അശ്‌റഫ് മണക്കടവ്, ഡോ. കെ മൊയ്തു തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യക്ക് വേണ്ടി “ഇന്ത്യ’ നിലകൊള്ളണം: ഡോ. അസ്ഹരി
കോഴിക്കോട് | എല്ലാവരേയും കൂട്ടിയിണക്കിക്കൊണ്ട് ഇന്ത്യക്ക് വേണ്ടി “ഇന്ത്യ’ നിലകൊള്ളുന്ന അവസ്ഥയുണ്ടായാൽ ഈ രാജ്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി. ജനസദസ്സ് സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യം ഉൾക്കൊള്ളലാണ് രാജ്യ പുരോഗതിക്കാവശ്യം. ഏക സിവിൽ കോഡിനെതിരെ ആദ്യ എതിർപ്പ് ഉയർന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. ഭൂരിപക്ഷം എന്ന ഒരു വിഭാഗം ഇന്ത്യയിൽ ഇല്ല. മതത്തിലെ നിരവധി വിഭാഗങ്ങൾ ചേർന്ന നിരവധി ന്യൂനപക്ഷങ്ങൾ ചേർന്നതാണ് ഇന്ത്യ. നാം ഉണർന്നു പ്രവർത്തിച്ചാൽ നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്താത്ത അവസ്ഥ നിലനിർത്താൻ കഴിയും. ഇസ്‌ലാമിലെ സ്ത്രീ സംരക്ഷണത്തിന് വേണ്ടിയാണ് ഏക സിവിൽകോഡെന്ന തെറ്റിദ്ധാരണ പരത്തുന്നവരുണ്ട്.
നമ്മുടെ രാജ്യത്ത് ലോ ആൻഡ് ഓർഡറിനെ ആസ്പദമാക്കി മാത്രമാണ് നിയമ പഠനം. പകരം സാമൂഹിക ശാസ്ത്രവുമായി യോജിപ്പിച്ചുകൊണ്ടുള്ള പഠനമാണ് വേണ്ടത്. സമൂഹത്തെ ഒരു നിയമം ഏത് വിധത്തിൽ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയണം. അങ്ങനെയാകുമ്പോൾ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും അസ്ഹരി പറഞ്ഞു.
കോൺഗ്രസ് ശക്തമായി നിൽക്കണം: ജിഫ്‌രി തങ്ങൾ
കോഴിക്കോട് | ഫാസിസത്തിനെതിരെ കോൺഗ്രസ് ശക്തമായി നിൽക്കണമെന്ന് ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. പ്രസംഗിച്ചാൽ മാത്രം പോര, പ്രവർത്തനവും ഉണ്ടാകണം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ തീർക്കാൻ മുന്നിട്ട് പ്രവർത്തിച്ച പാരമ്പര്യമാണ് കോൺഗ്രസ്സിനുള്ളത്. എല്ലാ ജനങ്ങൾക്കും ധൈര്യം നൽകാൻ കോൺഗ്രസ്സിനാകണമെന്നും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/notably-the-kpcc-bahusvarata-sangam-congress-does-not-want-the-vote-of-communalists-vd-satheesan.html
Post a Comment