ചേതൻ സിംഗിനെ ബാധിച്ച മനോരോഗം

നാല് പേരുടെ മരണത്തിൽ കലാശിച്ച ആർ പി എഫ് കോൺസ്റ്റബിൾ ചേതൻ സിംഗിന്റെ വെടിവപ്പ് കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടു. എവിടെയും ഒരനക്കവുമില്ല. വെടിയേറ്റു മരിച്ച ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടിക്കാറാം മീണയുടെ കുടുംബത്തിന് റെയിൽവേ 30.8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതൊഴിച്ചാൽ ഈ വെടിവപ്പിനെ കുറിച്ചോ, ഇത്തരമൊരു ഭീകര കൃത്യം ചെയ്യാൻ ചേതൻസിംഗിന് പ്രചോദനമെന്തെന്നോ അധികൃതർ വ്യക്തമാക്കുന്നില്ല. സംഭവത്തെക്കുറിച്ചു വല്ല അന്വേഷണം നടക്കുന്നുണ്ടോ എന്ന കാര്യവും അവ്യക്തം. മാനസിക രോഗിയാണ് പ്രതിയെന്ന് റെയിൽവേ ആദ്യം പറഞ്ഞിരുന്നെങ്കിലും താമസിയാതെ ആ പ്രസ്താവന പിൻവലിക്കുകയും ചെയ്തു. മുഖ്യധാരാ മാധ്യമങ്ങളും സംഭവത്തിൽ മൗനമാണ്.

നാല് മാസം മുമ്പ്, ഏപ്രിൽ രണ്ടിന് ഒരു ബംഗാൾ സ്വദേശി കോഴിക്കോട് എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്പ്രസ്സിന്റെ ബോഗിക്ക് പെട്രോൾ ഒഴിച്ചു തീ വെക്കാൻ ശ്രമിച്ച സംഭവം മറക്കാറായിട്ടില്ല. എത്ര പെട്ടെന്നാണ് അധികാര കേന്ദ്രങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചതും അന്വേഷണ ഏജൻസികൾ രംഗത്തെത്തിയതും. പ്രതിയുടെ പേര് ഷാരൂഖ് സൈഫി എന്നായതിനാൽ ഇതൊരു തീവ്രവാദ പ്രവർത്തനമാണെന്നും സാക്കിർ നായിക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് പ്രേരകമെന്നും വിലയിരുത്താൻ അധികൃതർക്ക് അന്വേഷണ ഏജൻസികളുടെ റിപോർട്ടിന് കാത്തുനിൽക്കേണ്ടി വന്നില്ല. സംഭവം നടന്ന തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എൻ ഐ എയും മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) അംഗങ്ങളും രംഗത്തെത്തി. എന്തേ അത്തരം സന്ദേഹങ്ങളും വിലയിരുത്തലുകളുമൊന്നും ചേതൻ സിംഗിന്റെ കൊടുംക്രൂര കൃത്യത്തിലുണ്ടായില്ല?

ജൂലൈ 31 തിങ്കളാഴ്ച പുലർച്ചെയാണ് ജയ്പൂർ- മുംബൈ സെൻട്രൽ എക്സ്പ്രസ്സ് ട്രെയിനിൽ ദുരന്തം അരങ്ങേറിയത്. പാൽഘർ റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ബി 5 കമ്പാർട്ട്‌മെന്റിൽ ഇരിക്കുകയായിരുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സീനിയർ ഓഫീസർ എ എസ് ഐ ടിക്കാറാം മീണക്ക് നേരെയാണ് തന്റെ സർവീസ് തോക്ക് ഉപയോഗിച്ചു ചതേൻസിംഗ് ആദ്യം വെടിയുതിർത്തത്. തുടർന്ന് അതേ കമ്പാർട്ട്മെന്റിലെ അബ്ദുൽഖാദർ ഭായ് ഭാൻപൂർവാലയെയും വെടിവെച്ചു കൊന്നു. തുടർന്ന് നാല് കമ്പാർട്ട്മെന്റുകൾ കടന്നുപോയ ചേതൻ സിംഗ് അതിലുണ്ടായിരുന്ന യാത്രക്കാരെയൊന്നും അക്രമിച്ചില്ല. പിന്നീട് പാൻട്രി കാറിലെത്തിയപ്പോൾ സദർ മുഹമ്മദ് ഹുസൈൻ എന്നയാളെ കണ്ടതോടെ അയാൾക്ക് നേരെയും വെടിയുതിർത്തു. മറ്റാരെയും ഒന്നും ചെയ്തില്ല. തുടർന്നു എസ് 6 കമ്പാർട്ട്മെന്റിലെത്തി അസ്ഗർ അബ്ബാസ് ഷേഖിനെ കണ്ടപ്പോഴായിരുന്നു അടുത്ത വെടിവെപ്പ്. എന്തായിരുന്നു അബ്ദുൽ ഖാദർഭായിക്കും സദർ മുഹമ്മദിനും അസ്ഗർ അബ്ബാസിനും ഉണ്ടായിരുന്ന പ്രത്യേകത. മുസ്‌ലിമാണ് എന്ന് തിരിച്ചറിയുന്ന താടി.

ജോലി സംബന്ധമായ പ്രശ്‌നവും അഭിപ്രായ വ്യത്യാസവുമാണ് മേലുദ്യോഗസ്ഥൻ ടിക്കാറാം മീണയെ ആക്രമിക്കാൻ കാരണമെന്നാണ് വിശ്വസിക്കപ്പെന്നത്. എന്നാൽ നിരപരാധികളായ മൂന്ന് മുസ്‌ലിം യാത്രക്കാരെ തിരഞ്ഞു പിടിച്ചു കൊന്നതിന്റെ പിന്നിലെ വികാരമെന്താണ്? എന്ത് മാനസിക വിഭ്രാന്തിയാണ് അയാളെ ബാധിച്ചത്? അധികാരി വർഗത്തിനോ അന്വേഷക സംഘത്തിനോ ഇത് മനസ്സിലായില്ലെങ്കിലും വെടിവെപ്പിന് ശേഷം ചേതൻ സിംഗ് നടത്തിയ ആക്രോഷം അത് വ്യക്തമാക്കുന്നുണ്ട്. “ഇവരൊക്കെ പാകിസ്താനിൽ നിന്നാണ് എല്ലാകാര്യവും ചെയ്യുന്നതെന്നാണ് ഇന്നാട്ടിലെ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്. അവരുടെ (മുസ്‌ലിംകളുടെ) നേതാക്കൾക്ക് എല്ലാമറിയാം. അവർ പാക്കിസ്ഥാനിലാണുള്ളത്. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ, വോട്ട് ചെയ്യണമെങ്കിൽ യോഗിക്കോ മോദിക്കോ വോട്ട് ചെയ്യൂ. അല്ലെങ്കിൽ താക്കറേക്ക്’. അസ്ഗറിന്റെ ചോരയിൽ കുളിച്ച മൃതദേഹത്തിനരികിൽ നിന്നു ചേതൻസിംഗ് ഇത് വിളിച്ചു പറയുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
ഇത്ര കൃത്യമായി സംഘ്പരിവാർ രാഷ്ട്രീയം പറയുന്നയാളെ ബാധിച്ച മാനസിക രോഗമേതായിരിക്കും? കോൺഗ്രസ്സ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാണിച്ച പോലെ രാജ്യത്താകമാനം വ്യാപിച്ച മുസ്‌ലിം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സ്വാധീനമാണ് അയാളെ ഈ ഭീകര പ്രവർത്തനത്തിന് പ്രേരിപ്പിച്ചത്.

മുസ്്ലിംകളെ വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹരിദ്വാറിലെ ധരംസൻസദും മുസ്‌ലിംകളെ അക്രമിക്കാൻ വീട്ടിലെ കത്തികൾക്ക് മൂർച്ച കൂട്ടാൻ അണികളോട് ആഹ്വാനം ചെയ്ത പ്രജ്ഞാ താക്കൂറും മുസ്‌ലിംകളെ ദേശവിരുദ്ധരും ഭീകരവാദികളുണ്ടാക്കി മുദ്രയടിക്കുന്ന സൈബർ ഇടങ്ങളുമായിരിക്കണം ചേതൻ സിംഗിന്റെ പ്രചോദന കേന്ദ്രങ്ങൾ. സൈബർ ലോകത്ത് ഇന്ന് അതിഭീകരമായി വർഗീയവത്കരിക്കപ്പെട്ടിരിക്കയാണ് ഇന്ത്യ. പല വംശഹത്യകൾക്കും രാജ്യത്ത് വഴിമരുന്നിട്ടത് സൈബറിടമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിലും റുവാണ്ടയിലും വംശഹത്യക്ക് മണ്ണൊരുക്കിയ വിദ്വേഷ പ്രചാരണത്തിന്റെ ആവർത്തനമാണ് ഇന്ത്യയിൽ ഇന്ന് കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സുപ്രീം കോടതി പല തവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് വർധിച്ചുവരുന്ന വിദ്വേഷ പ്രസ്താവനകളിൽ. രാജ്യത്തെ അന്തരീക്ഷം വിദ്വേഷ പ്രസംഗങ്ങളാൽ മലീമസമാക്കപ്പെടുകയാണെന്നാണ് 2022 ഒക്ടോബറിൽ ജസ്റ്റിസുമാരായ യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബഞ്ച് ഈ വർഷം ഏപ്രിൽ 28ന് വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിക്കുകയുണ്ടായി. കോടതി ഉത്തരവ് നടപ്പാക്കേണ്ട ഭരണകൂടങ്ങളാകട്ടെ ഭൂരിപക്ഷ വർഗീയതയോടും വിഭാഗീയ പ്രവർത്തകരോടും ചേർന്നു നിൽക്കുകയാണ്. ഈ അന്തരീക്ഷം നിലനിൽക്കുന്ന കാലത്തോളം “മനോരോഗം’ ബാധിച്ച ചേതൻ സിംഗുമാർ വന്നുകൊണ്ടിരിക്കും.



source https://www.sirajlive.com/chetan-singh-39-s-mental-illness.html

Post a Comment

أحدث أقدم