പ്രിഗോഷിന്റെ മരണവും അഭ്യൂഹങ്ങളും

ദുരൂഹതകള്‍ നിറഞ്ഞതാണ് റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ട സംഭവം. റഷ്യന്‍ വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്സ്യയാണ് പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം ബുധനാഴ്ച രാത്രി തകര്‍ന്ന് അതിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 60 മൈല്‍ അകലെ വടക്ക് ടിവര്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകര്‍ന്നു വീണത്. പ്രിഗോഷിനും മൂന്ന് വിമാന ജീവനക്കാരുമുള്‍പ്പെടെ പത്ത് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.

തുടക്കത്തില്‍ വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനാണ് പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളം രൂപവത്കരിക്കപ്പെട്ടത്. ക്രമേണ യുദ്ധത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ നല്‍കുന്ന ഏജന്‍സിയായി ഇത് വളര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് വാഗ്‌നര്‍ ഗ്രൂപ്പിനെ. രാഷ്ട്രീയ പ്രതിയോഗികളെയും തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയും കൈകാര്യം ചെയ്യാന്‍ പുടിന്‍ ഈ കൂലിപ്പട്ടാളത്തെ നിയോഗിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ ദൗത്യങ്ങള്‍ക്കും വാഗ്നറെ നിയോഗിച്ചു. പശ്ചിമേഷ്യ, ആഫ്രിക്ക, ലിബിയ, മൊസാംബിക് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളിലെല്ലാം വാഗ്നര്‍ ഗ്രൂപ്പിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 2016ല്‍ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിച്ച സമിതി, ഹിലാരി ക്ലിന്റനെ അപകീര്‍ത്തിപ്പെടുത്താന്‍ ഓണ്‍ലൈന്‍ പ്രചാരണം നടത്തിയത് പ്രിഗോഷിനുമായി ബന്ധമുള്ള ഏജന്‍സിയാണെന്ന് കണ്ടെത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ യുക്രൈന്‍ യുദ്ധത്തിലും പുടിന്‍ പ്രിഗോഷിന്റെയും വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെയും സഹായം ഉപയോഗപ്പെടുത്തി. പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍ അന്നൊക്കെയും. സ്വതന്ത്ര മാധ്യമങ്ങളെ ഭയപ്പെട്ടിരുന്ന വ്ളാദിമിര്‍ പുടിന് വേണ്ടി മൂന്ന് റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ കൊന്നത് അടക്കം ഒട്ടനവധി ക്രൂരതകള്‍ ആസൂത്രണം ചെയ്തത് പ്രിഗോഷിന്‍ ആയിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്.

അതിനിടെ അവിചാരിതമായി പ്രിഗോഷിന്റെയും വാഗ്‌നര്‍ പടയുടെയും നിലപാടുകളില്‍ മാറ്റം വന്നു. യുക്രൈന്‍ യുദ്ധത്തില്‍ വാഗ്നറിന് ആള്‍നാശമടക്കം കനത്ത തിരിച്ചടി നേരിട്ടതാണ് കാരണം. യുദ്ധമുഖത്തെ പോരാട്ടത്തിന് വാഗ്നറിന് വേണ്ടത്ര ആയുധങ്ങള്‍ നല്‍കാതെ റഷ്യന്‍ സൈനിക നേതൃത്വം തങ്ങളുടെ ഭടന്മാരെ മരിക്കാന്‍ വിടുകയായിരുന്നുവെന്നാണ് വാഗ്‌നര്‍ നേതൃത്വം കുറ്റപ്പെടുത്തുന്നത്. ജൂണ്‍ 27ന് റഷ്യന്‍ സൈനിക നേതൃത്വത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വാഗ്നര്‍ പട റഷ്യയിലേക്കു നീങ്ങി. തെക്കുപടിഞ്ഞാറന്‍ നഗരമായ റൊസ്‌തോവിന്റെ നിയന്ത്രണം ഏറ്റെടുത്ത അവര്‍ മോസ്‌കോയിലേക്ക് ഇരച്ചുകയറുമെന്ന് ഭീഷണി മുഴക്കി. 1999ന് ശേഷം റഷ്യ നേരിട്ട ആദ്യ അട്ടിമറി ശ്രമമായിരുന്നു ഇത്. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് റഷ്യന്‍ ഭരണകൂടത്തെയും ലോകത്തെ തന്നെയും മുള്‍മുനയില്‍ നിര്‍ത്തിയ ഈ നീക്കത്തില്‍ നിന്ന് വാഗ്‌നര്‍ പട പിന്തിരിഞ്ഞത്. പ്രിഗോഷിനും 25,000ത്തോളം വരുന്ന വാഗ്‌നര്‍ അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്നും പ്രിഗോഷിന് അഭയം നല്‍കുമെന്നുമുള്ള റഷ്യയുടെ ഉറപ്പിന്‍ മേലായിരുന്നു അവര്‍ ഒത്തുതീര്‍പ്പിനു വഴങ്ങിയത്.

എങ്കിലും അട്ടിമറി നീക്കത്തോടെ യവ്ഗിനി പ്രിഗോഷിന്‍ റഷ്യന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയും പൊതുയിടങ്ങളില്‍ നിന്ന് പ്രിഗോഷിന്‍ അപ്രത്യക്ഷനാകുകയും ചെയ്തു. അദ്ദേഹം കല്‍തുറുങ്കിലടക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. അതിനിടെയാണിപ്പോള്‍ വിമാനാപകടത്തില്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വരുന്നത്. ഇതൊരു അട്ടിമറി മരണമാണെന്ന സംശയം ഉയരുക സ്വാഭാവികം. പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന എംബറര്‍ ലഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റ് വിമാനം റഷ്യന്‍ വ്യോമ പ്രതിരോധ സേന വെടിവെച്ചിടുകയായിരുന്നെന്ന ആരോപണവുമായി വാഗ്നര്‍ അനുകൂല ടെലഗ്രാം ചാനലായ ഗ്രേസോണ്‍ രംഗത്തു വരികയും ചെയ്തു. ഭൂതല മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് റോയിട്ടേഴ്‌സും റിപോര്‍ട്ട് ചെയ്തു. അപകടം സംഭവിക്കുന്നതിന് 30 സെക്കന്‍ഡ് മുമ്പ് വരെ വിമാനത്തിന് യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന വാര്‍ത്ത ഈ സന്ദേഹത്തിന് ബലമേകുകയും ചെയ്യുന്നു.

അതേസമയം ബുധനാഴ്ചത്തെ വിമാനാപകടത്തിലല്ല, പ്രിഗോഷിന്‍ അതിനു മുമ്പേ കൊല്ലപ്പെടുകയോ കല്‍തുറുങ്കിലടക്കപ്പെടുകയോ ചെയ്തതായും അഭ്യൂഹങ്ങളുണ്ട്. റഷ്യന്‍ ഭരണകൂടത്തിനെതിരായ അട്ടിമറി നീക്കം വാഗ്നര്‍ പട ഉപേക്ഷിച്ച ശേഷം പുടിനും പ്രിഗോഷിനും തമ്മില്‍ നേരിട്ടൊരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം റഷ്യന്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ പുടിന്‍ പ്രിഗോഷിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഈ നിര്‍ദേശം പ്രിഗോഷിന്‍ സ്വീകരിച്ചില്ല. റഷ്യന്‍ സൈന്യത്തില്‍ ചേരുന്നത് തന്റെ പടയാളികള്‍ ഇഷ്ടപ്പെടില്ലെന്നായിരുന്നുവത്രെ പ്രിഗോഷിന്റെ പ്രതികരണം. ഇത് പുടിന് ഒട്ടും ദഹിച്ചില്ല. പുടിനോട് ഇവ്വിധം മറുപടി പറഞ്ഞ പ്രിഗോഷിന് ഇനി അധികം ആയുസ്സ് ഉണ്ടാകില്ലെന്ന് അന്ന് ചില ആഗോള മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഏതായാലും ആ കൂടിക്കാഴ്ചക്കു ശേഷം പ്രിഗോഷിനെ ആരും പുറത്തു കണ്ടിട്ടില്ല. പുടിന്‍-പ്രിഗോഷിന്‍ കൂടിക്കാഴ്ച റഷ്യന്‍ ഭരണകൂടം നടത്തിയ ഒരു നാടകമായിരിക്കാനാണ് സാധ്യതയെന്നും പ്രിഗോഷിനെ നമ്മളാരും ഇനി പൊതുമധ്യത്തില്‍ കാണുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അമേരിക്കന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായ റോബര്‍ട്ട് എബ്രാംസ് എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ നിരീക്ഷണം യാഥാര്‍ഥ്യമാകുകയായിരുന്നോ? അതോ ‘വിമാനാപകട’ത്തില്‍ തന്നെയാണോ പ്രിഗോഷിന്‍ കൊല്ലപ്പെട്ടത്? വ്യക്തത കൈവരാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം.

 



source https://www.sirajlive.com/prigosh-39-s-death-and-rumours.html

Post a Comment

أحدث أقدم