ന്യൂഡല്‍ഹി | ഡല്‍ഹി സര്‍വീസസ് ബില്‍ രാജ്യസഭയിലും പാസായി. ബില്‍ നേരത്തെ ലോക്‌സഭയില്‍ പാസായിരുന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ശേഷമാണ് ബില്‍ രാജ്യസഭ കടന്നത്. 131 പേര്‍ ബില്ലിനെ അനുകൂലിച്ചും 102 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കിയിരുന്നു. അംഗങ്ങള്‍ക്ക് സ്ലിപ് നല്‍കിയാണ് വോട്ടെടുപ്പ് നടത്തിയത്.
പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങളുയര്‍ത്തി. ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെ ബി ജെ പി എംപിയും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജന്‍ ഗൊഗോയി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നു. ജയ ബച്ചനടക്കം നാല് വനിതാ എം പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
മറുപടി പ്രസംഗം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഡല്‍ഹിയുടെ വികസനം, അഴിമതിയില്ലാത്ത പ്രദേശമാക്കി മാറ്റല്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് ബില്ല്. സുപ്രീം കോടതി ഉത്തരവിനെ ലംഘിക്കുന്നതല്ല ബില്ലെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയുടെ അധികാരം കേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല ബില്ലെന്നും ഡല്‍ഹിയില്‍ നിയമ നിര്‍മാണത്തിന് പാര്‍ലിമെന്റിന് അധികാരമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
ഡി എം കെയുടെ തിരുച്ചി ശിവ, എ എ പിയുടെ രാഘവ് ഛദ്ദ, പി ചിദംബരം, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ബില്ലിനെതിരായി രംഗത്തെത്തി. അതേസമയം, ബിജു ജനതാദളും വൈ എസ് ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണച്ചു.
source https://www.sirajlive.com/delhi-administrative-control-bill-passes-rajya-sabha.html
إرسال تعليق