ഗയാന | വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം അങ്കത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തിലാണ് ഇന്ത്യ കത്തിക്കയറിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 159 റണ്‍സിലൊതുക്കിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. ഇന്ത്യ 13 പന്തുകള്‍ ശേഷിക്കേ 164 റണ്‍സില്‍ ഫിനിഷ് ചെയ്തു.
ഇന്ത്യക്കു വേണ്ടി സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. വെറും 44 പന്തില്‍ 83 റണ്‍സിലെത്തിയ സൂര്യകുമാര്‍ ഗംഭീര ഫോമിലായിരുന്നു. 37 പന്ത് നേരിട്ട തിലക് 49 റണ്‍സെടുത്തു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 15ല്‍ 20 റണ്‍സ് സ്‌കോര്‍ ചെയ്തു. വിന്‍ഡീസ് ബോളിങ് നിരയില്‍ അല്‍സറി ജോസഫ് നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. ഒബെദ് മക്‌കോയ് ഒരു വിക്കറ്റ് നേടി.
നേരത്തെ, ബ്രാണ്ടന്‍ കിംഗിന്റെയും (42ല്‍ 42), റോവ്മാന്‍ പവലിന്റെയും (19ല്‍ 40) ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് വിന്‍ഡീസ് 159ല്‍ എത്തിയത്. കൈലേ മയേഴ്‌സ് 20 പന്തില്‍ 25 റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. മുകേഷ് കുമാറും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് കൊയ്തു.
source https://www.sirajlive.com/india-with-a-magnificent-comeback-a-seven-wicket-win-in-the-third-innings.html
إرسال تعليق