അഴിമതിരഹിത വാളയാര്‍ ഒരു ദിവാസ്വപ്‌നം

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധേയമായൊരു പ്രഖ്യാപനമായിരുന്നു അഴിമതിരഹിത വാളയാര്‍. ചെക്ക്പോസ്റ്റുകളിലെ കൈക്കൂലിയും അഴിമതിയും നിര്‍മാര്‍ജനം ചെയ്ത് നികുതിച്ചോര്‍ച്ച തടയുകയും അഴിമതിരഹിത കേരളത്തിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുകയുമായിരുന്നു ലക്ഷ്യം. ആ സ്വപ്നം പൂവണിയിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ചെക്ക്പോസ്റ്റുകളില്‍ അഴിമതി അടിക്കടി വര്‍ധിക്കുകയാണെന്നാണ് വിജിലന്‍സ് പരിശോധനാ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഗോവിന്ദാപുരം ചെക്ക്പോസ്റ്റില്‍ പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് ശംസുദ്ദീന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍, വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിടുന്നതിന് ചെക്ക്പോസ്റ്റ് ജീവനക്കാര്‍ കൈപ്പറ്റിയ 16,450 രൂപയാണ് പിടിച്ചെടുത്തത്. വെറും രണ്ടര മണിക്കൂറില്‍ കൈപ്പറ്റിയ കൈക്കൂലിപ്പണമാണിത്. അന്നേ ദിവസം 24 മണിക്കൂര്‍ കൊണ്ട് ഈ ചെക്ക്പോസ്റ്റില്‍ നികുതിയിനത്തില്‍ സര്‍ക്കാറിന് പിരിഞ്ഞു കിട്ടിയത് 12,900 രൂപ മാത്രം. ഇവിടെ ഒരാഴ്ച മുമ്പ് നടന്ന പരിശോധനയില്‍ 13,000 രൂപയുടെയും മൂന്നാഴ്ച മുമ്പ് നടന്ന മറ്റൊരു പരിശോധനയില്‍ 10,200 രൂപയുടെയും ജൂണ്‍ 29ലെ പരിശോധനയില്‍ 9,000 രൂപയുടെയും കൈക്കൂലിപ്പണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മാത്രം
മുപ്പതിലേറെ തവണയാണ് പാലക്കാട്ടെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടന്നത്. ഇതില്‍ നിന്ന് ലക്ഷങ്ങളുടെ കൈക്കൂലി പണവും പിടികൂടി.

കേടായിക്കിടക്കുന്ന കസേരയുടെ അടിഭാഗം, വേസ്റ്റ് ബക്കറ്റ്, ചെക്ക്പോസ്റ്റിനു സമീപത്തെ ക്ഷേത്രത്തിന്റെ ഓവുചാല്‍, ചന്ദനത്തിരിയുടെ പെട്ടികള്‍, ചുരുട്ടിമടക്കിയ പേപ്പര്‍, സമീപത്തെ ചായക്കട തുടങ്ങിയ ഇടങ്ങളിലാണ് വിജിലന്‍സ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായി ജീവനക്കാര്‍ കൈക്കൂലിപ്പണം സൂക്ഷിക്കുന്നത്. ആഗസ്റ്റ് രണ്ടിന് നടന്ന പരിശോധനയില്‍ 5,500 രൂപ കാന്തക്കഷ്ണത്തില്‍ ചുറ്റി ഇരുമ്പ് ഭിത്തിയിലൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ടെയ്നറില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റായതിനാല്‍ വിജിലന്‍സ് സംഘമെത്തിയാല്‍ നിമിഷ നേരത്തിനുള്ളില്‍ കൈക്കൂലി പണം എവിടെ വേണമെങ്കിലും എറിഞ്ഞു പിടിപ്പിക്കാമെന്നതാണ് ഈ കാന്തവിദ്യ പ്രയോഗിക്കുന്നതിനു പിന്നിലെ സൂത്രം. പച്ചക്കറിയുമായി വരുന്ന ലോറിക്കാര്‍, പണത്തിനു പുറമെ പച്ചക്കറിയും നല്‍കാറുണ്ട് കൈക്കൂലിയിനത്തില്‍. വിജിലന്‍സിന്റെ പല പരിശോധനകളിലും പണത്തോടൊപ്പം പച്ചക്കറിയും പിടിച്ചെടുക്കാറുണ്ട്.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കു വരുന്നുണ്ടോ എന്നറിയാന്‍ ജീവനക്കാരില്‍ ഒരാളെ നിരീക്ഷണത്തിനായി ചെക്ക്പോസ്റ്റിനു പുറത്ത് നിര്‍ത്തിയാണ് മറ്റു ജീവനക്കാര്‍ കാര്യങ്ങള്‍ നടത്തുന്നത്. പുറത്തുള്ള നിരീക്ഷകന്‍ ഫോണുമായി ചെക്ക്പോസ്റ്റിനു ചുറ്റും നടക്കുകയും സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുകയും സംശയാസ്പദമായ നിലയില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടനെ ചെക്ക്പോസ്റ്റ് കൗണ്ടറിലുള്ളവരെ വിവരമറിയിക്കുകയും ചെയ്യും. കൈക്കൂലി വാങ്ങുന്ന ജീവനക്കാരന്‍ ആരെന്ന് അറിയാതിരിക്കാന്‍ പേരെഴുതിയ യൂനിഫോം ഒഴിവാക്കിയാണ് കൗണ്ടറില്‍ ഇരിക്കുന്നത്. ചെക്ക്പോസ്റ്റ് ജീവനക്കാരുടെ നിരീക്ഷണത്തില്‍ പെടാതിരിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷം ഒഴിവാക്കി സിവില്‍ വേഷത്തിലാണ് ഇപ്പോള്‍ പരിശോധനക്കെത്താറുള്ളത്. ജൂലൈ 20ന് രാത്രി ലോറി ജീവനക്കാരുടെ വേഷത്തിലെത്തി മണിക്കൂറുകളോളം ചെക്ക്പോസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക്പോസ്റ്റിലേക്ക് കയറിയത്. ഇതിനിടയില്‍ പത്തിലേറെ ലോറി ജീവനക്കാരുടെ കൈയില്‍ നിന്ന് കൈക്കൂലി പണം കൈപ്പറ്റുന്നത് വിജിലന്‍സിന്റെ ദൃഷ്ടിയില്‍ പെടുകയുണ്ടായി.

വാഹനങ്ങളുടെ സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള അനുമതി പത്രം (പെര്‍മിറ്റ്) നല്‍കല്‍, രേഖകളുടെ കൃത്യത, വാഹനങ്ങള്‍ കൃത്യമായ അളവിലാണോ ചരക്കുകള്‍ കയറ്റുന്നത് എന്നിവ പരിശോധിക്കലാണ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ മുഖ്യ ചുമതല. ചട്ടം ലംഘിച്ച് വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തണം. ഓരോ വാഹനത്തിലും അധികം കയറ്റുന്ന ഒരു ടണ്ണിന് 10,000 രൂപ പിഴ ഈടാക്കണമെന്നാണ് ചട്ടം. നിയമലംഘനം നടത്തുന്നവരുടെ പിഴ ഒഴിവാക്കിക്കൊടുക്കുന്നതിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസ്സിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഓഫീസ് അറ്റന്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന ജീവനക്കാരുടെ സംഘം കൈക്കൂലി കൈപ്പറ്റുന്നത്. നൂറുകണക്കിനു വാഹനങ്ങളാണ് ഓരോ ദിവസവും ചെക്ക്പോസ്റ്റ് വഴി ലോഡുകളുമായി കേരളത്തിലേക്ക് വരുന്നത്. ഇവയില്‍ മിക്കതിലും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ലോഡുണ്ടായിരിക്കും. ശരിയായ രേഖകളില്ലാതെ വരുന്ന വാഹനങ്ങളുമുണ്ടാകും. ഇതടിസ്ഥാനത്തില്‍ നല്ലൊരു വരുമാനം ചെക്ക്പോസ്റ്റുകളില്‍ നിന്ന് പൊതു ഖജനാവിലേക്ക് വരേണ്ടതുണ്ട്. എത്തുന്നത് പക്ഷേ ചെക്ക്പോസ്റ്റ് ജീവനക്കാരുടെ പോക്കറ്റുകളിലാണെന്ന് മാത്രം.

വിജിലന്‍സ് പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ലെന്നതാണ് അഴിമതി നിര്‍ബാധം തുടരാന്‍ കാരണമെന്നാണ് വിജിലന്‍സ് പറയുന്നത്. സ്ഥലം മാറ്റമാണ് മിക്കപ്പോഴും നല്‍കുന്ന ശിക്ഷ. കൈക്കൂലി വാങ്ങി ശീലിച്ചവര്‍ പുതുതായി ചാര്‍ജെടുക്കുന്ന സ്ഥലത്തും തന്റെ ശീലം തുടരും. ഇത്തരം ശിക്ഷാ നടപടികള്‍ കൊണ്ടെന്ത് കാര്യം? ജൂണ്‍ 29ന് ഗോവിന്ദാപുരം ചെക്ക്പോസ്റ്റില്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ ഒരു ഉദ്യോഗസ്ഥന്‍ അഞ്ച് മാസം മുമ്പ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ നിന്ന് വിജിലന്‍സ് പിടിയിലായ വ്യക്തിയായിരുന്നു. അന്ന് ഇയാള്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തപ്പോള്‍, അധികൃതര്‍ നല്‍കിയ ‘ശിക്ഷ’യാണ് ഗോവിന്ദാപുരത്തേക്കുള്ള സ്ഥലം മാറ്റം. പിന്നെയെങ്ങനെ ചെക്ക്പോസ്റ്റുകള്‍ അഴിമതിമുക്തമാകും?

 



source https://www.sirajlive.com/a-corruption-free-walayar-is-a-daydream.html

Post a Comment

أحدث أقدم