ആശങ്കാജനകമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം. കടുത്ത വേനലിന്റെ പ്രതീതിയാണ് ഇക്കൊല്ലം സംസ്ഥാനത്ത് കാലവര്‍ഷ ദിനങ്ങളില്‍. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് സാധാരണ ലഭിക്കാറുള്ളതിന്റെ പകുതി മഴയാണ് ലഭിച്ചത്. 1,556 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 877.1 മില്ലി മീറ്റര്‍ മഴ മാത്രം. ആഗസ്റ്റ് മാസത്തില്‍ മാത്രം 90 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ മഴലഭ്യത വിലയിരുത്തിയാല്‍ സംസ്ഥാനത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ ശരാശരി ലഭിക്കേണ്ട മഴ 254.6 മില്ലിമീറ്ററാണ്. ഇത്തവണ ഇതുവരെ ലഭിച്ചത് 25.1 മില്ലിമീറ്റര്‍ മാത്രം. കാലവര്‍ഷം ഈ തവണ പതിവില്‍ കൂടുതലായിരിക്കുമെന്നാണ് മെയ് മാസത്തില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചത്. മറ്റു അന്താരാഷ്ട്ര ഏജന്‍സികളും കേരളത്തില്‍ ഇത്തവണ മികച്ച മഴലഭ്യത പ്രവചിച്ചു. ആ പ്രവചനങ്ങളത്രയും പാളി. സെപ്തംബറില്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. അതും ലഭിച്ചില്ലെങ്കില്‍ കൊടും വരള്‍ച്ചയായിരിക്കും പരിണതി.
പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോ പ്രതിഭാസം, ന്യൂനമര്‍ദ പാത്തിയുടെ കുറവ്, മണ്‍സൂണിന്റെ തുടക്കത്തില്‍ അറബിക്കടലില്‍ രൂപപ്പെട്ട ബിബര്‍ജോയി ചുഴലിക്കാറ്റ് മണ്‍സൂണ്‍ ചുഴലിക്കാറ്റിനെ വലിച്ചെടുത്തത് തുടങ്ങിയ പ്രതിഭാസങ്ങളാണ് മഴക്കുറവിനു കാരണമായി പറയപ്പെടുന്നത്. മണ്‍സൂണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സഹായിക്കുന്ന പ്രതിഭാസമാണ് തീരദേശ ന്യൂനമര്‍ദ പാത്തി. സാധാരണയില്‍ ഇത് ഗുജറാത്ത് മുതല്‍ കേരള തീരം വരെ മണ്‍സൂണ്‍ സമയത്ത് ഇടക്കിടെ ഉണ്ടാകാറുണ്ട്. ഇത്തവണ പക്ഷേ, വളരെ കുറച്ചു സമയം മാത്രമാണ് തീരദേശ ന്യൂനമര്‍ദ പാത്തി കേരള തീരത്ത് രൂപപ്പെട്ടത്.
2015ലാണ് പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടത്. 2015-2016 വര്‍ഷങ്ങളില്‍ കേരളത്തിലും പൊതുവെ ദക്ഷിണേന്ത്യയിലും മഴ കുറയാന്‍ ഇത് കാരണമായി. 2016ല്‍ വരള്‍ച്ച ബാധിക്കുകയും ചെയ്തു. 2016നു സമാനമായ എല്‍നിനോ പ്രതിഭാസം ഈ വര്‍ഷം കേരളത്തെ ബാധിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഈ ഇടവപ്പാതിയിലും കേരളത്തെ ബാധിച്ച അത്യുഷ്ണം. 34-35 ഡിഗ്രി വരെയാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇപ്പോള്‍ രേഖപ്പെടുത്തുന്ന താപനില. എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിഫലനം 2024 വേനല്‍ക്കാലം വരെ നിലനില്‍ക്കുമെന്നതിനാല്‍ അതീവ ഗൗരവത്തോടെ വിഷയത്തെ സമീപിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ആഗോള താപനത്തിന്റെ ദിനങ്ങള്‍ അവസാനിച്ചു, ആഗോള തിളപ്പിക്കലിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നതെ’ന്ന യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. വരള്‍ച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ഇപ്പോള്‍.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ആശ്രയിച്ചാണ് കേരളീയര്‍ നെല്ല്, കിഴങ്ങു വര്‍ഗങ്ങള്‍ തുടങ്ങി മിക്ക കൃഷികളും ചെയ്യുന്നത്. ഇത്തവണയും മഴ പ്രതീക്ഷിച്ച് വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ടെങ്കിലും ഞാറ് പറിച്ചു നടാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് വിത്ത് വിതച്ച കര്‍ഷകര്‍. മഴ തിമര്‍ത്തു പെയ്യേണ്ട കര്‍ക്കിടകത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ ശക്തി കുറഞ്ഞ മഴയാണ് ലഭിച്ചത്. കര്‍ക്കിടകത്തില്‍ ഇത്തരമൊരനുഭവം ഓര്‍മയില്‍ ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഈ നില തുടര്‍ന്നാല്‍ വയല്‍ വിണ്ടുകീറി നെല്‍കൃഷിയും പറമ്പുകളിലെ കിഴങ്ങു കൃഷികളും ഉണങ്ങാനും നശിക്കാനും ഇടയാക്കും. കൊടും വേനല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം മോട്ടോര്‍ ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം അടിച്ചുകൊണ്ടിരിക്കുകയാണ് പലയിടങ്ങളിലും കര്‍ഷകര്‍.
എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിക്കുന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം. 2018ല്‍ ഇടതടവില്ലാതെ കോരിച്ചൊരിയുന്ന മഴ അനുഭവപ്പെട്ടു. അതിന്റെ ദുരിതങ്ങളില്‍ നിന്ന് കരകയറും മുമ്പ് 2019ലും പ്രളയ സമാന സാഹചര്യം ആവര്‍ത്തിച്ചു. ഇതോടെ തുടര്‍ വര്‍ഷങ്ങളിലും സംസ്ഥാനത്ത് മികച്ച മഴ ലഭിക്കുമെന്നും 2016ലേതിന് സമാനമായ വരള്‍ച്ച അടുത്ത കാലത്തൊന്നും ബാധിക്കാനിടയില്ലെന്നുമുള്ള ധാരണ പരന്നു കേരളീയ സമൂഹത്തില്‍. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മഴയുടെ സ്വഭാവവും ലഭ്യതയുടെ തോതും വന്‍തോതില്‍ മാറുകയായിരുന്നു. മാത്രമല്ല, മഴ ലഭിക്കുന്ന രീതിക്കും സ്ഥിരത ഇല്ലാതായി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പെയ്യേണ്ട കാലവര്‍ഷം ആഗസ്റ്റിലേക്കും സെപ്തംബറിലേക്കും നീണ്ടു. കേരളത്തിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ പൊതുവെ കുറഞ്ഞുവരുന്നുവെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക പഠന റിപോര്‍ട്ടുകളില്‍ പറയുന്നത്.
വൈദ്യുതി മേഖലയെയും ബാധിച്ചിട്ടുണ്ട് മഴക്കുറവ്. അണക്കെട്ടുകളിലെല്ലാം വെള്ളത്തിന്റെ അളവ് കുറവാണ്. മുന്‍ വര്‍ഷങ്ങളില്‍ കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞ് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് പുറമെ വിറ്റു ലാഭം കൊയ്ത കെ എസ് ഇ ബി ഇപ്പോള്‍ ആഭ്യന്തര ഉപയോഗത്തിന് വൈദ്യുതിയില്ലാതെ പ്രയാസപ്പെടുന്നു. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. എങ്കിലും സെപ്തംബറിലും ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിംഗും പവര്‍ കട്ടും ഏര്‍പ്പെടുത്തേണ്ടി വന്നേക്കും. മഴക്കുറവിന് എല്‍നിനോ പോലുള്ള പ്രതിഭാസങ്ങളെ പഴിചാരുമ്പോള്‍ തന്നെ പ്രകൃതിയുടെ താളം തെറ്റിക്കുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇതില്‍ സാരമായ പങ്കുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
source https://www.sirajlive.com/the-fields-have-dried-up-in-karkidakam-too.html
إرسال تعليق